സോളർ ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മിച്ച് പോളിടെക്‌നിക് വിദ്യാർഥി കാസർകോട്:ഈ സ്‌കൂട്ടർ ചാർജ് തീർന്ന് വഴിയിൽ കിടക്കില്ല. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ചാർജിങ് പ്രശ്‌നങ്ങൾക്ക് പ്രതിവിധിയായി സോളർ ഇലക്ട്രിക് സ്‌കൂട്ടർ (solar electric scooter) എന്ന പുതിയ ആശയവുമായി എത്തിയിരിക്കുകയാണ് പോളിടെക്‌നിക് വിദ്യാർഥി. കാസർകോട് തൃക്കരിപ്പൂർ ഇകെഎൻഎം പൊളിടെക്‌നിക് കോളജിലെ ഇർഷാദാണ് സോളാർ സ്‌കൂട്ടറിന്‍റെ ആദ്യ മാതൃക പുറത്തിറക്കിയത്.
ഇർഷാദിന്‍റെ ഏറെ നാളത്തെ സ്വപ്‌നമായിരുന്നു സോളർ പാനലോടു കൂടിയ ഇലക്ട്രിക് സ്‌കൂട്ടർ. ചാർജ് തീർന്ന് ഇലക്ട്രിക് സ്‌കൂട്ടർ വഴിയിൽ കിടന്ന വാർത്തകൾ ശ്രദ്ധയിൽപെട്ടത്തോടെയാണ് സോളർ പാനലോടുകൂടിയ ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മിക്കാൻ ശ്രമം ആരംഭിച്ചത്.
വലിയ തുക ആകുമെന്നായിരുന്നു ഇർഷാദ് പ്രതീക്ഷിച്ചത്. എന്നാൽ, നിർമാണ ചെലവ് വെറും 8000 രൂപയാണ്. ഓടിക്കൊണ്ടിരിക്കുമ്പോഴും പാർക്കിങ്ങിലുമെല്ലാം വാഹനം സ്വയം ചാർജാകും.
സോളർ യൂണിറ്റ്, ബാറ്ററി, മോട്ടോർ എന്നിവയാണ് ഇതിന്‍റെ പ്രധാന ഭാഗങ്ങൾ. കൂടെ ആക്രി കടകൾ കയറിയിറങ്ങി സംഘടിപ്പിച്ച കുട്ടി സൈക്കിളുകളുടെ ഭാഗങ്ങൾ കൂടി കൂട്ടിച്ചേർത്താണ് വാഹനം നിർമിച്ചത്. ഒറ്റത്തവണ ഫുൾ ചാർജ് ചെയ്‌താൽ 15 കിലോമീറ്റർ സഞ്ചരിക്കും. ബാറ്ററി കപ്പാസിറ്റി വർധിപ്പിച്ചാൽ ദൈനംദിന ഉപയോഗത്തിനായി വാഹനം വിപണിയിൽ എത്തിക്കാൻ സാധിക്കുമെന്നാണ് ഇർഷാദിന്‍റെ പ്രതീക്ഷ. കണ്ണൂർ കുഞ്ഞിമംഗലം സ്വദേശിയായ ഇർഷാദ് ഇലക്ട്രോണിക്‌സ് മൂന്നാം വർഷ വിദ്യാർഥിയാണ്.