കേരളം

kerala

ETV Bharat / state

ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കി മുഖ്യമന്ത്രിയുടെ പ്രസംഗം, അനുസ്‌മരിച്ച് കരണ്‍ അദാനിയും എം വിന്‍സെന്‍റും; വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിന് പിന്നാലെ ചൂടുപിടിച്ച് രാഷ്‌ട്രീയ വിവാദം - Controversy on Vizhinjam port - CONTROVERSY ON VIZHINJAM PORT

വിഴിഞ്ഞം പദ്ധതിയെ യാഥാര്‍ഥ്യത്തിലേക്ക് അടുപ്പിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പ്രസംഗിച്ചത് രാഷ്‌ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

VIZHINJAM PORT INAUGURATION  ADANI PORT VIZHINJAM  വിഴിഞ്ഞം പദ്ധതി വിവാദം  അദാനി വിഴിഞ്ഞം തുറമുഖം
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jul 12, 2024, 5:25 PM IST

തിരുവനന്തപുരം :2015-ല്‍ വിഴിഞ്ഞം അദാനി പോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എംഡിയുമായി സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നിര്‍മാണക്കാര്‍ ഒപ്പുവച്ച് വിഴിഞ്ഞം പദ്ധതിയെ യാഥാര്‍ഥ്യത്തിലേക്കടുപ്പിച്ച അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് പൂര്‍ണമായും ഒഴിവാക്കി ട്രയല്‍ റണ്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും തുറമുഖ മന്ത്രി വിഎന്‍ വാസവനും. ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തിയ തുറമുഖ മന്ത്രി വിഎന്‍ വാസവനാകട്ടെ പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം വിഴിഞ്ഞം തുറമുഖ പദ്ധതി ആദ്യമായി പൊടിതട്ടി പൊതു സമൂഹത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വന്ന 1991-ലെ കരുണാകരന്‍ മന്ത്രിസഭയേയും വിഴിഞ്ഞം യാഥാര്‍ഥ്യമാക്കാന്‍ അന്ന് മുന്നില്‍ നിന്ന തുറമുഖ മന്ത്രി എംവി രാഘവന്‍റെയും പേരുകള്‍ പ്രസംഗത്തില്‍ നിന്ന് ഒഴിവാക്കി. 1996-ലെ ഇകെ നായനാര്‍ മന്ത്രിസഭയാണ് വിഴിഞ്ഞം യാഥാര്‍ഥ്യമാക്കുന്നതിനുള്ള ആദ്യ നടപടികള്‍ തുടങ്ങിയത് എന്നായിരുന്നു വിഎന്‍ വാസവന്‍റെ അവകാശവാദം.

2001-ലെ എകെ ആന്‍റണി മന്ത്രിസഭയെ പരാമര്‍ശിക്കുമ്പോഴും ആന്‍റണിയുടെ പിന്‍ഗാമിയായി വന്ന് വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി മുന്‍കൈ എടുത്ത ഉമ്മന്‍ ചാണ്ടിയെ പരാമര്‍ശിച്ചില്ല. 2006-ലെ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരും അതില്‍ തുറമുഖ മന്ത്രിയായിരുന്ന എം വിജയകുമാറും പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് വേണ്ടി പരിശ്രമിച്ചെന്ന് പരാമര്‍ശിച്ച വാസവന്‍ വിഎസിന്‍റെ പിന്‍ഗാമിയായി എത്തി പദ്ധതിക്കായി പരിശ്രമിച്ച് ഒടുവില്‍ അദാനിയുമായി കാരര്‍ ഒപ്പിട്ട ഉമ്മന്‍ ചാണ്ടിയെ മറന്നു.

2016-ല്‍ അധികാരത്തിലെത്തിയ ഒന്നാം പിണറായി സര്‍ക്കാരാണ് നിര്‍മാണത്തിന് ആവശ്യമായ പാറ അടക്കമുള്ള വസ്‌തുക്കളുടെ ലഭ്യത പരിഹരിച്ച് പദ്ധതി യാഥാര്‍ഥ്യത്തിലേക്ക് എത്തിച്ചത് എന്നാണ് വാസവന്‍ പ്രസംഗത്തില്‍ പറഞ്ഞത്. മാത്രമല്ല, ഓഖി ദുരന്തത്തില്‍ തുറമുഖത്തിനുണ്ടായ തകര്‍ച്ചയും കൊവിഡ് കാലത്തെ പ്രതിസന്ധികളുമെല്ലാം പപരിഹരിച്ച് സ്വപ്‌നം യാഥാര്‍ഥ്യമാക്കിയത് പിണറായി വിജയനാണെന്ന അവകാശവാദവും അദ്ദേഹം നടത്തി.

മുഖമന്ത്രി പിണറായി വിജയന്‍ (Vizhinjam Port Official Youtube Page)

പിന്നാലെ ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഴിഞ്ഞത്തിന്‍റെ നാള്‍വഴികള്‍ സൂചിപ്പിച്ചൊരിടത്തും ഉമ്മന്‍ ചാണ്ടിയെ പരാമര്‍ശിച്ചില്ല. പദ്ധതി തന്‍റെ രണ്ട് തുടര്‍ സര്‍ക്കാരുകളുടെ നേട്ടമാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അതേസമയം, അദാനിയുടെ മകനും അദാനി പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാനുമായ കരണ്‍ അദാനിയാകട്ടെ വിഴിഞ്ഞം യാഥാര്‍ഥ്യമായതിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയും ശശി തൂരൂരും മികച്ച പങ്കാണ് വഹിച്ചതെന്ന് എടുത്തു പറഞ്ഞത് ശ്രദ്ധേയമായി.

കരണ്‍ അദാനി (Vizhinjam Port Official Youtube Page)

വികസനത്തില്‍ രാഷ്ട്രീയം പാടില്ലെന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്‍റെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയതിനെ സ്ഥലം എംഎല്‍എ കൂടിയായ എം വിന്‍സെന്‍റ് വിമര്‍ശിച്ചത്. വിഴിഞ്ഞം പദ്ധതിക്ക് ആവശ്യമായ മുഴുവന്‍ സ്ഥലവും ഒരു പ്രശ്‌നവുമില്ലാതെ ഏറ്റെടുത്ത് നല്‍കിയത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയായിരുന്നു എന്നും ജീവിച്ചിരുന്നെങ്കില്‍ ഇന്ന് ഏറ്റവുമധികം സന്തോഷിക്കുന്നത് ഉമ്മന്‍ ചാണ്ടിയായിരുന്നേനെ എന്നും വിന്‍സെന്‍റ് പറഞ്ഞു.

എം വിന്‍സെന്‍റ് എംഎല്‍എ (Vizhinjam Port Official Youtube Page)

ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ക്ഷണിക്കാതിരുന്നതും മറ്റൊരു വിവാദത്തിന് കാരണമായി. രണ്ടാം പിണറായി സര്‍ക്കാരില്‍ തുറമുഖ മന്ത്രിയായിരുന്നു അഹമ്മദ് ദേവര്‍കോവിലിനെയും ചടങ്ങില്‍ പങ്കെടുപ്പിച്ചില്ല. സ്ഥലം എംപി കൂടിയായ ശശി തരൂരാകട്ടെ ചടങ്ങ് ബഹിഷ്‌കരിക്കുകയും ചെയ്‌തു.

Also Read :ചരിത്രമുറങ്ങുന്ന വിഴിഞ്ഞം: തുറമുഖത്തിന് പറയാനുള്ളത് നൂറ്റാണ്ടുകളുടെ കഥ - Vizhinjam Port In Kerala

ABOUT THE AUTHOR

...view details