തിരുവനന്തപുരം: പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത് സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം വനിതാ ഡോക്‌ടറില്‍ നിന്നും കോഴ വാങ്ങിയെന്ന പരാതിയില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സബ്‌മിഷനായി ഉന്നയിച്ച വിഷയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് പിഎസ്‌സി അംഗങ്ങളുടെ നിയമനമെന്നും തെറ്റായ രീതിയോ ദുസ്വാധീനങ്ങളോ ഇല്ലെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഇന്ന് രാവിലെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വിഷയം സഭയില്‍ ഉന്നയിക്കാന്‍ നല്‍കിയ പരാതിയാണ് ഇതെന്ന് വ്യക്തമാണ്. ഏത് പരാതിയും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാര്‍. വഴിവിട്ട നീക്കങ്ങള്‍ അംഗീകരിച്ച് കൊടുക്കില്ല. തട്ടിപ്പുകള്‍ നാട്ടില്‍ പല തരത്തില്‍ നടക്കാറുണ്ട്. സര്‍ക്കാര്‍ ശക്തമായ നടപടികള്‍ തട്ടിപ്പുകള്‍കാര്‍ക്കെതിരെ സ്വീകരിക്കും.
ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയെ കരിവാരി തേക്കാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് സബ്‌മിഷന്‍ ഘട്ടത്തിലേക്ക് കടന്ന സഭാ നടപടികള്‍ക്കിടെ പ്രതിപക്ഷ നേതാവ് വാക്ക് ഔട്ട് പ്രസംഗത്തിനായി എഴുന്നേറ്റു. ഇതോടെ ഭരണകക്ഷി എംഎല്‍എമാര്‍ കൂട്ടത്തോടെ ഇതിനെ എതിര്‍ത്തും പ്രതിപക്ഷ എംഎല്‍എമാര്‍ അനുകൂലിച്ചും വാദമുയര്‍ത്തിയതോടെ സഭയില്‍ ബഹളം രൂക്ഷമായി.