കേരളം

kerala

ETV Bharat / state

'സര്‍ക്കാരിന് പിആര്‍ ഏജന്‍സിയില്ല, ഹിന്ദു ഖേദം പ്രകടിപ്പിച്ചതോടെ എല്ലാം അവസാനിച്ചു': മുഖ്യമന്ത്രി - Pinarayi Vijayan on interview row

സര്‍ക്കാരിന് പിആര്‍ ഏജന്‍സിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹിന്ദു ഖേദം പ്രകടിപ്പിച്ചതോടെ എല്ലാം കഴിഞ്ഞെന്നും വിശദീകരണം.

PINARAYI VIJAYAN HINDU INTERVIEW  PINARAYI VIJAYAN PR AGENCY  പിണറായി വിജയന്‍ ഹിന്ദു പത്രം  സര്‍ക്കാര്‍ പിആര്‍ ഏജന്‍സി
CM Pinarayi Vijayan (ETV Bharat)

By ETV Bharat Kerala Team

Published : Oct 3, 2024, 3:29 PM IST

തിരുവനന്തപുരം: ഹിന്ദു ദിനപത്രത്തില്‍ മുഖ്യമന്ത്രിയുടേതായി വന്ന ഇന്‍റര്‍വ്യൂ പിആര്‍ ഏജന്‍സിയുടേതായിരുന്നെന്ന ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനോ തനിക്കോ അത്തരത്തില്‍ ഒരു പിആര്‍ ഏജന്‍സിയുമില്ലെന്നും ഇതിനായി ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി ഇന്ന് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. താന്‍ പറയാത്ത കാര്യം എഴുതിക്കൊടുത്ത ഏജന്‍സിക്കെതിരെ നടപടിയെടുക്കുമോ എന്ന ചോദ്യത്തിന് ഏജന്‍സിയെ കുറിച്ച്‌ അറിയില്ലെന്നും ഹിന്ദു ഖേദം പ്രകടിപ്പിച്ചതോടെ എല്ലാം അവസാനിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഹിന്ദു ഒരു ഇന്‍റര്‍വ്യൂ ആവശ്യപ്പെടുന്നുവെന്ന് തന്നോട് ആദ്യം പറയുന്നത് മുന്‍ എംഎല്‍എ ടികെ ദേവകുമാറിന്‍റെ മകനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേവകുമാറിന്‍റെ മകന്‍ രാഷ്ട്രീയമായി ചെറുപ്പം മുതലേ തങ്ങളുടെ കൂടെ നില്‍ക്കുന്ന ആളാണ്. ഹിന്ദുവിന് ഇന്‍റര്‍വ്യൂ കൊടുക്കുന്നത് തനിക്കും താത്പര്യമുള്ള കാര്യമാണ്. അതനുസരിച്ച് ഒറ്റപ്പാലം സ്വദേശിയായ ഒരു ലേഖികയും ദേവകുമാറിന്‍റെ മകനും ഒരുമിച്ച് ഇന്‍റര്‍വ്യൂവിന് എത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്‍റര്‍വ്യൂവിന് എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി. അപ്പോള്‍ അന്‍വറുമായി ബന്ധപ്പെട്ട് ചോദ്യം വന്നു. അത് വിശദീകരിക്കുന്നില്ലെന്ന് പറഞ്ഞ് ലേഖികയും ഞാനുമായി നല്ല നിലയ്ക്ക് പിരിഞ്ഞു. പക്ഷേ ഇന്‍റര്‍വ്യൂ പ്രസിദ്ധീകരിച്ച് വന്നപ്പോള്‍ താന്‍ പറയാത്ത ഭാഗവുമുണ്ടായി. ഏതെങ്കിലും ഒരു വിഭാഗത്തെയോ ജില്ലയെയോ പ്രത്യേകമായി കുറ്റപ്പെടുത്തുന്ന സ്വഭാവം തനിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ.

ഇവര്‍ക്ക് എങ്ങനെ ഇത്തരത്തില്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞു എന്നത് മനസിലാക്കാനേ കഴിയാത്ത കാര്യമായി. സര്‍ക്കാരിനോ തനിക്കോ പിആര്‍ ഏജന്‍സിയില്ല. മുഖ്യമന്ത്രിയോ സര്‍ക്കാരോ ഒരു പൈസ പിആര്‍ ഏജന്‍സിക്കായി ചെലവഴിച്ചിട്ടില്ല. ദേവകുമാറിന്‍റെ മകനെ എന്‍റെ അടുത്തെത്തിക്കുന്നത് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ നിലപാട് തന്നെയാണ്.

മറ്റ് കാര്യങ്ങള്‍ ലേഖികയും ദേവകുമാറിന്‍റെ മകനും തമ്മില്‍ തീരുമാനിക്കേണ്ടതാണ്. തനിക്കറിയില്ല. സാധാരണ ഗതിയില്‍ താന്‍ പറയാത്ത ഒരു കാര്യം പത്രത്തില്‍ കൊടുക്കാന്‍ പാടില്ല. അതുകൊണ്ടാണ് ഹിന്ദു മാന്യമായും ഖേദം പ്രകടിപ്പിച്ചത്. ഏതെങ്കിലും ഒരു ഭാഗം കിട്ടിയാല്‍ അത് താന്‍ പറഞ്ഞതിന്‍റെ ഭാഗമായി കൊടുക്കാന്‍ പാടില്ലല്ലോ.

പക്ഷേ ഞാന്‍ പറയാത്ത കാര്യം ഈ ചെറുപ്പക്കാരനില്‍ നിന്ന് വാങ്ങിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടതാണ്. ഞാന്‍ അവിടെ ഇന്‍റര്‍വ്യൂ നല്‍കുമ്പോള്‍ ഒരാള്‍കൂടി കടന്നു വരുന്നുണ്ട്. ആദ്യം ലേഖികയും ദേവകുമാറിന്‍റെ മകനുമായിരുന്നു. എന്നാല്‍ മൂന്നാമതായി വന്നയാള്‍ ഹിന്ദുവിലെ മാധ്യമപ്രവര്‍ത്തകയുടെ കൂടെയുള്ള ആളെന്നാണ് താന്‍ കരുതിയത്.

പിന്നെയാണ് പറയുന്നത് അതൊരു ഏജന്‍സിയുടെ ആളാണെന്ന്. തനിക്ക് അത്തരം ഏജന്‍സികളെ കുറിച്ചും അറിയില്ല, വന്നയാളെയും അറിയില്ല, ആകെ അറിയാവുന്നത് മൂന്ന് പേര്‍ ഉണ്ടായിരുന്നു എന്നത് മാത്രമാണ്.

കേരള ഹൗസിലിരിക്കുമ്പോഴാണ് അവര്‍ വരുന്നത്. തനിക്ക് ഒരു ഏജന്‍സിയുമായും ഒരു ബന്ധവുമില്ല. ഒരു ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടുമില്ല. ഒരു ഏജന്‍സിക്കും ഇതിന്‍റെ ഉത്തരവാദിത്തം കൊടുത്തിട്ടുമില്ല. അങ്ങനെയെങ്കില്‍ എങ്ങനെയാണ് സെപ്‌റ്റംബര്‍ 13ന് കെയ്‌സന്‍ എന്ന പിആര്‍ ഏജന്‍സി ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്ത കുറിപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്ന ചോദ്യത്തിന് 'ഞങ്ങള്‍ക്ക് അങ്ങനെ ഒരു പിആര്‍ ഏജന്‍സിയുമില്ല, ഒരു ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല. ഞങ്ങള്‍ എന്നാല്‍ ഗവണ്‍മെന്‍റ് ഒരു ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല, അത്തരം ഒരു ഏജന്‍സിയും ഗവണ്‍മെന്‍റിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്നില്ല' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതുസംബന്ധിച്ച ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക്, മാധ്യമങ്ങള്‍ തമ്മിലുള്ള പോരിന്, തന്നെ കരുവാക്കരുതെന്നായിരുന്നു മറുപടി.

ഹിന്ദു മാന്യമായ നിലപാട് സ്വീകരിച്ചു. കേരളത്തിലെ മാധ്യമങ്ങളായിരുന്നെങ്കില്‍ അങ്ങനെ ചെയ്യില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക്, തനിക്ക് ഡാമേജുണ്ടാക്കാനാണ് നിങ്ങളെല്ലാവരും ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും അതേ മോഹത്തോടെ നിങ്ങള്‍ നില്‍ക്കുക എന്നാണ് പറയാനുള്ളത് എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

അതുകൊണ്ട് മാത്രം ഡാമേജായി പോകുന്ന വ്യക്തിത്വമല്ല തനിക്കുള്ളതെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നു. ഹിന്ദു ദിനപത്രമാണല്ലോ വിശദീകരണത്തില്‍ പിആര്‍ ഏജന്‍സിയുടെ പേര് വ്യക്തമാക്കുന്നത്‌ എന്ന ചോദ്യത്തിന്, ഒരു പിആര്‍ ഏജന്‍സിയെയും ഞങ്ങള്‍ ചുമതലപ്പെടുത്തിയിട്ടില്ല, ഞങ്ങളുടെ ഭാഗമായി ഒരു പിആര്‍ ഏജന്‍സിയും പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു മറുപടി. എന്നാല്‍ നാട്ടില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന ഒരു പരാമര്‍ശം മുഖ്യമന്ത്രിയുടേതായി എഴുതിക്കൊടുത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ഹിന്ദു പത്രം ഖേദം പ്രകടിപ്പിച്ചതോടെ എല്ലാം അവസാനിച്ചു എന്ന മറുപടിയാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്.

Also Read:'മുഖ്യമന്ത്രി പറയുന്നത് കള്ളം, വാര്‍ത്ത സമ്മേളനത്തിലെ ചിരി ഉത്തരങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടം': പിവി അന്‍വര്‍

ABOUT THE AUTHOR

...view details