തിരുവന്തപുരം :പാമ്പുകൾക്ക് പാലൂട്ടരുതെന്ന് പഴമക്കാരുടെ ഇടയിൽ ഒരു ചൊല്ലുണ്ട്. പാലൂട്ടിയ കൈയ്ക്ക് തന്നെ തിരിച്ചു കൊത്തി എന്ന പേരുദോഷവും പാമ്പുകളുടെ ചുമലിലാണുള്ളത്. എന്നാല്‍ പുതിയ കാലത്ത് പഴമൊഴികളെയൊക്കെ കാറ്റിൽ പറത്താം. അരുമ പക്ഷികളുടെയും അരുമ മൃഗങ്ങളുടെയും വിപണിയിൽ സൂപ്പർതാരമാണ് ഇപ്പോൾ പാമ്പുകൾ. പൈത്തൺ (പെരുമ്പാമ്പ്) ഇനത്തിൽപ്പെട്ട പാമ്പുകളാണ് ഇപ്പോൾ ജനപ്രിയമായി കൊണ്ടിരിക്കുന്നത്.
പാമ്പുകളെ വളർത്താനാകുമെന്നാൽ ഇന്ത്യയിൽ കാണപ്പെടുന്ന മൂർഖനെയോ അണലിയോ പെരുമ്പാമ്പിനെയോ അരുമകൾ ആക്കാം എന്നല്ല അര്‍ഥം. ഭാരതീയ ഇനത്തിൽപ്പെട്ട പാമ്പുകളെ വളർത്തുന്നതും ഉപദ്രവിക്കുന്നതും വിൽപ്പന നടത്തുന്നതും നിയമപ്രകാരം നിരോധിച്ചിട്ടുള്ളതുമാണ്.
പക്ഷേ വിദേശ ഇനം പാമ്പുകളെ വാങ്ങുന്നതിനും വിൽക്കുന്നതിനും വളർത്തുന്നതിനും യാതൊരുവിധ നിയമ തടസങ്ങളും ഇല്ല. വിപണിയിൽ അന്വേഷിച്ചപ്പോൾ പ്രധാനമായും കുട്ടികൾക്കാണ് പാമ്പുകളെ അരുമയായി വളർത്തുന്നതിന് താത്പര്യം. പാമ്പുകളെ കണ്ടാൽ അറപ്പോടെയും ഭയത്തോടെയും ഓടി മാറുന്ന തലമുറ പാമ്പുകളെ ഇപ്പോൾ ഓമനിക്കാൻ തയ്യാറാണ്.
പെരുമ്പാമ്പിന്‍റെ ഇനത്തിൽപ്പെട്ട വിദേശയിനം ബ്രീഡുകളാണ് അരുമ വിപണിയിലെ ചൂട് അപ്പം. ആഫ്രിക്കൻ ബോൾ പൈത്തൺസ് എന്നാണ് ഇത്തരം അരുമ പാമ്പുകളെ പ്രധാനമായും വിളിക്കുന്നത്. കറുപ്പിലും വെളുപ്പിലും സ്വർണ നിറത്തിലും മഞ്ഞ നിറത്തിലും ഒക്കെ ഇത്തരം പാമ്പുകൾ വിപണിയിൽ ലഭ്യമാണ്. കറുത്ത പാമ്പുകള്‍ റോയൽ ബോൾ പൈത്തൺ എന്നാണ് അറിയപ്പെടുക. വെളുത്ത നിറത്തിലുള്ളവ ആൽബിനോ ബോൾ പൈത്തൺ എന്നും അറിയപ്പെടുന്നു.
ഇരുപതിനായിരം മുതല്‍ ഈ പാമ്പുകള്‍ക്ക് വിപണി മൂല്യം ആരംഭിക്കും. ചില പാമ്പുകൾക്ക് ആകട്ടെ മോഹവിലയും. പാമ്പിന്‍റെ ഇനവും ഭംഗിയും അടിസ്ഥാനപ്പെടുത്തിയാണ് വില നിശ്ചയിക്കുക. പുതിയ തലമുറയിലെ കുട്ടികൾക്ക് ഇത്തരം അരുമകളോട് വല്ലാത്ത അഭിനിവേശം ഉണ്ട്.