കോഴിക്കോട്: കച്ചേരിപ്പാറയിലെ വയോജന കേന്ദ്രത്തോട് ചേര്‍ന്ന് മാലിന്യ സംഭരണ കേന്ദ്രം നിര്‍മ്മിച്ചതിനെതിരെ ജനകീയ പ്രക്ഷോഭം. പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച ജനകീയ കൂട്ടായ്‌മ വാർഡ് മെമ്പറുടെയും പഞ്ചായത്ത് സെക്രട്ടറിയുടെയും കോലം കത്തിച്ചു. നാലാം വാർഡിലെ ജനങ്ങൾ തിങ്ങി പാർക്കുന്ന കച്ചേരിപ്പാറയിലാണ് മാലിന്യ സംഭരണ കേന്ദ്രം നിർമ്മിച്ചത്.
ഭക്ഷണ നിർമാണ യൂണിറ്റ് തുടങ്ങുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കെട്ടിട നിർമാണം തുടങ്ങിയതെന്ന് പ്രക്ഷോഭക്കാര്‍ പറയുന്നു. വീട് നിർമാണത്തിന് 4 ലക്ഷം രൂപ മാത്രം അനുവദിക്കുന്ന സ്ഥാനത്ത് 14 ലക്ഷം രൂപ ചെലവാക്കി കെട്ടിടം നിർമ്മിച്ചതിലും ദുരൂഹതയുണ്ടെന്ന് സമരസമിതി ആരോപിച്ചു. പഞ്ചായത്തിലെ നിർമാണ പ്രവർത്തികൾ ബന്ധപ്പെട്ട വാർഡിന്‍റെ ഗ്രാമസഭകളിൽ പൊതു ചർച്ചയ്ക്ക് വയ്‌ക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഇത്തരം പദ്ധതികൾ എവിടെ തുടങ്ങണം, അതിന്‍റെ എസ്റ്റിമേറ്റ് തുടങ്ങിയ കാര്യങ്ങൾ ഗ്രാമസഭയിൽ വച്ചാണ് തീരുമാനിക്കുന്നത്. എന്നാല്‍ ഇത്തരം നടപടികളൊന്നുമില്ലാതെയാണ് കെട്ടിട നിര്‍മാണം നടത്തിയത്. 2021ലാണ് മാലിന്യ സംഭരണ കേന്ദ്രത്തിന്‍റെ നിര്‍മാണത്തിന് തുടക്കമിട്ടത്. കെട്ടിടം നിര്‍മിക്കുന്നതിന് മുമ്പായി ബോര്‍ഡ് സ്ഥാപിച്ചപ്പോഴാണ് വിവരം അറിഞ്ഞതെന്നും ജനകീയ കൂട്ടായ്‌മ പറയുന്നു.