തൃശൂർ:പീച്ചി ഡാം റിസർവോയറിൽ വീണ പെൺകുട്ടികളിൽ ഒരാൾകൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് പാറശ്ശേരി വീട്ടിൽ സജിയുടെയും സെറീനയുടെയും മകൾ ആൻ ഗ്രേസ് (16) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. തൃശൂർ സെയ്‌ന്‍റ് ക്ലേയേഴ്‌സ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ആണ് ഗ്രേസ്.
തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്‌ച ഉച്ചയോടെയായിരുന്നു ആനിന്‍റെ മരണം. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. അപകടത്തിൽപ്പെട്ട പട്ടിക്കാട് ചുങ്കത്ത് ഷാജന്‍റെയും സിജിയുടെയും മകൾ അലീനാ ഷാജൻ (16) തിങ്കളാഴ്‌ച പുലർച്ചെയോടെ മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആനിന്‍റെയും മരണം സംഭവിച്ചത്.
നാല് പെൺകുട്ടികളാണ് പീച്ചി ഡാം റിസർവോയറിന്‍റെ തെക്കേക്കുളം ഭാഗത്ത് വെള്ളത്തിൽ വീണത്. വെള്ളത്തിൽ വീണ് പരിക്കേറ്റ മറ്റു രണ്ട് കുട്ടികളുടെയും നില ഗുരുതരമായി തുടരുകയാണ്. തൃശൂർ മെഡിക്കൽ കോളജിൽ നിന്ന് വിദഗ്‌ധ ഡോക്‌ടർമാരെ കൂടി ഉൾപ്പെടുത്തി പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ചാണ് കുട്ടികളുടെ ചികിത്സ തുടരുന്നത്. പട്ടിക്കാട് സ്വദേശികളായ ഐറിന്‍ (16), പീച്ചി സ്വദേശി നിമ(12) എന്നിവരാണ് ചികിത്സയിൽ തുടരുന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.