കോട്ടയം:മാപ്പ് പറഞ്ഞിട്ടും പിസി ജോർജിനെ വേട്ടയാടുകയാണെന്ന് ഷോണ്‍ ജോർജ്. ഹമാസ് നേതാവിന് വേദിയൊരുക്കിയവർക്ക് ഇവിടെ കേസില്ലായെന്നും ഭീകരരെ ഭീകരർ എന്നല്ലാതെ എന്ത് വിളിക്കണമെന്നും ഷോൺ ജോർജ് വിമർശിച്ചു. ചാനൽ ചർച്ചയിലെ വിവാദ പരാമർശത്തിൽ പിസി ജോർജിനെതിരെ പൊലീസ് നടപടിയെടുത്ത സാഹചര്യത്തിലാണ് ഷോണിൻ്റെ പ്രതികരണം.
നോട്ടീസ് വന്ന ഈരാറ്റുപേട്ട സിഐ ഓഫിസ് പി സി ജോർജ് ഉണ്ടാക്കിയതാണ്, പിസി ജോർജ് ഹാജരാകേണ്ട മജിസ്റ്ററേറ്റ് കോടതിയും അദ്ദേഹം ഉണ്ടാക്കിയതാണ്. ഈരാറ്റുപേട്ടയിൽ ഇപ്പോൾ കാണുന്ന മുൻസിപ്പാലിറ്റി ലീഗിൻ്റെ എതിർപ്പ് അവഗണിച്ചുകൊണ്ട് പിസി ജോർജ് യുഡിഎഫിൽ പ്രവർത്തിച്ച കാലത്ത് ഉണ്ടാക്കിയതാണ്.
പിസി ജോർജിൻ്റെ പരാമർശം എവിടെയും മതസ്‌പർദ ഉണ്ടാക്കിയിട്ടില്ല. എല്ലാ കാലത്തും ഈരാറ്റുപേട്ടയെ സ്നേഹിച്ച വ്യക്തിയാണ് പി സി ജോർജ്. അദ്ദേഹം ചാനലിൽ നടത്തിയ പരാമർശത്തിൽ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പിറ്റേദിവസം തന്നെ ക്ഷമാപണം നടത്തിയിട്ടുണ്ടെന്നും ഷോൺ ജോർജ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈരാറ്റുപേട്ടയിലുള്ള എല്ലാവരും തീവ്രവാദികളാണെന്ന് പിസി ജോർജ് പറഞ്ഞിട്ടില്ല. പക്ഷെ തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകൾ ഈരാറ്റുപേട്ടയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ഒരു ജനപ്രതിനിധിയെന്ന നിലയിൽ അദ്ദേഹം ചെയ്‌തിട്ടുള്ളത്. തീവ്രവാദികൾ എന്നല്ലാതെ കെസിവൈഎം എന്ന് വിളിക്കാൻ പറ്റില്ലല്ലോ എന്നും ഷോൺ ജോർജ് വിമർശിച്ചു.
പിസി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ പൊലീസിന് മുൻപിൽ ഹാജരാകണമെന്ന നോട്ടീസുമായി രാവിലെ പൊലീസ് ജോർജിൻ്റെ വീട്ടിലെത്തിയിരുന്നു. പിസി വീട്ടിൽ ഇല്ലാത്തതിനാൽ നോട്ടീസ് നൽകിയില്ല.
ഉച്ചയ്‌ക്ക് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും പിസി ജോർജ് സാവകാശം തേടി. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് മുൻപ് ഹാജരാകുമെന്ന് പൊലീസിനെ രേഖാമൂലം അറിയിക്കുകയും ചെയ്‌തു. തുടർ നടപടികൾ പാർട്ടിയുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ഷോൺ ജോർജ് വ്യക്തമാക്കി. ഇനിയും പിസി ജോർജിനെ അറസ്റ്റ് ചെയ്യണമെന്നാണെങ്കിൽ പൊലീസ് അറസ്റ്റ് ചെയ്യട്ടെ എന്നും അദ്ദേഹം പറഞ്ഞു.
Also Read: 'മുലപ്പാല്‍ മുതല്‍ എല്ലാ സൗകര്യവും ഒരുക്കി'; മാതാപിതാക്കള്‍ ഉപേക്ഷിച്ച കുഞ്ഞിനെ ഏറ്റെടുത്ത് മെഡിക്കല്‍ ബോര്‍ഡ് - HEALTH DEPARTMENT SAVES BORN BABY