പത്തനംതിട്ട: വധശ്രമ കേസില്‍ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചറിയാതെ വിദേശത്തു നിന്നും നാട്ടിലെത്തിയ യുവാവ് എയര്‍പോര്‍ട്ടില്‍ പിടിയിലായി. ന്യൂസിലന്‍ഡില്‍ നിന്ന് മുംബൈ എയര്‍പോര്‍ട്ടിലെത്തിയ കവിയൂർ മാകാട്ടിക്കവല സ്വദേശി അനീഷ് എൻ പിള്ള (42) ആണ് അറസ്‌റ്റിലായത്. മുൻവിരോധം കാരണം അയൽവാസിയായ യുവാവിനെ കൊല്ലാന്‍ ക്വട്ടേഷൻ നൽകിയ കേസിലാണ് അറസ്‌റ്റ്.
സംഭവമിങ്ങനെ...
കഴിഞ്ഞ വർഷമാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. 2023 ഒക്ടോബർ 12 ന് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കവിയൂർ ആഞ്ഞിലിത്താനം പഴമ്പള്ളിൽ മനീഷ് വർഗ്ഗീസിനെ പഴമ്പള്ളി ജങ്ഷനിൽ വച്ച് കാറിലെത്തിയ ഒരു സംഘം ക്രൂരമായി മർദിച്ചു.
കാറിലെത്തിയ നാലംഗ സംഘം മനീഷിനെ തടഞ്ഞ് നിർത്തി മുഖത്ത് മുളക് പൊടി വിതറിയ ശേഷം ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി. യുവാവിന്‍റെ ബൈക്കും അടിച്ച് തകർത്ത ശേഷമാണ് സംഘം മടങ്ങിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മനീഷിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മനപ്പൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിൽ വധശ്രമമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് തിരുവല്ല എസ് എച്ച് ഒ സുനിൽ കൃഷ്‌ണൻ അന്വേഷണം ഏറ്റെടുത്തു. സ്ഥലത്തെ സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ച് പ്രതികൾ സഞ്ചരിച്ചിരുന്ന കാർ തിരിച്ചറിഞ്ഞു.
തുടർന്ന് ഒന്ന് മുതൽ നാല് വരെ പ്രതികളായ അനിൽ കുമാർ, വിഷ്‌ണു, സതീഷ് കുമാർ, റോയി എന്നിവരെ ഒക്‌ടോബർ 23 ന് അറസ്‌റ്റ് ചെയ്‌തു. ന്യൂസിലന്‍ഡിൽ കഴിഞ്ഞിരുന്ന അനീഷിനെ അഞ്ചാം പ്രതിയായി ചേർത്ത് കേസ് രജിസ്‌റ്റർ ചെയ്‌ത തിരുവല്ല പൊലീസ് ഇയാൾക്കായി ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. കേസിൽ ആറാം പ്രതി അഭിലാഷ് മോഹൻ, ഏഴാം പ്രതി സജു എന്നിവരെ 2024 ജനുവരി 10, മാർച്ച് 12 തീയതികളിലായി പിടികൂടി.
കേസിലെ ആറ്, ഏഴ് പ്രതികളുമായി ഗൂഢാലോചന നടത്തിയാണ് അഞ്ചാം പ്രതി അനീഷ് ഒന്ന് മുതൽ നാല് വരെയുള്ള പ്രതികള്‍ക്ക് ക്വട്ടേഷൻ ഏൽപ്പിച്ചത്. അനീഷ് എൻ പിള്ളയുടെ കുടുബവും മനീഷ് വർഗ്ഗീസിൻ്റെ കുടുംബവുമായി ഉണ്ടായിരുന്ന മുൻ വിരോധമാണ് ക്വട്ടേഷൻ കൊടുക്കാൻ കാരണമായത്.
അഭിലാഷ് മോഹൻ, സജു എന്നിവർ ചേർന്ന് അനീഷുമായി ഗൂഡാലോചന നടത്തുകയും ഇവരുടെ സഹായത്തോടെ നാലംഗ അക്രമി സംഘത്തെ മനീഷ് വർഗ്ഗീസിനെ ആക്രമിക്കാൻ ഏർപ്പാടാക്കുകയുമായിരുന്നു. ഇവർ തമ്മിലുള്ള വാട്‌സ്‌ആപ്പ് ചാറ്റുകളും പണം കൈമാറിയതിൻ്റെ രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
അതേസമയം, ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത് അറിയാതെ നാട്ടിലേക്ക് വരാനായി മുബൈ എയർപോർട്ടിൽ എത്തിയ അനീഷിനെ തടഞ്ഞുവെച്ച് തിരുവല്ല പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് തിരുവല്ല പൊലീസ് മുബൈയിലെത്തിയ ഇയാളെ കസ്‌റ്റഡിയിലെത്ത് മുബൈ അന്ധേരി ഫസ്‌റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതിയില്‍ നിന്ന് ട്രാൻസിസ്‌റ്റ് വാറൻ്റ് വാങ്ങി തിരുവല്ലയിലെത്തിച്ചു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്‌തു. തിരുവല്ല സിഐ സുനിൽ കൃഷ്‌ണൻ്റെ നേത്യത്വത്തിൽ എസ് ഐ മുഹമ്മദ് സാലിഹ്, എ എസ് ഐ അജികുമാർ, എസ് സി പി ഒ അഖിലേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.
Also Read:അച്ഛനെയും രണ്ടാനമ്മയെയും കൊല്ലാൻ 'ക്വട്ടേഷൻ'; ആളുമാറി കൊന്നത് അതിഥികളെ