ഇടുക്കി:പന്നിയാര്‍ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന പരിമളം കാട്ടാന ആക്രമണത്തില്‍ മരിച്ചിട്ട് രണ്ടുമാസം പിന്നീടുമ്പോഴും സർക്കാർ സഹായം ഇനിയും ലഭ്യമായിട്ടില്ല. മറ്റ് ജില്ലകളിൽ കാട്ടാന ആക്രമണം ഉണ്ടായി നിമിഷങ്ങൾക്കകം വനം വകുപ്പ് ധനസഹായം ഉൾപ്പെടെ നൽകുമ്പോഴാണ്, ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ചവരോട് ഗവൺമെന്‍റ് അനാസ്ഥ വച്ചുപുലർത്തുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ അഞ്ച് പേരുടെ ജീവനാണ് ഇടുക്കിയിൽ കാട്ടാനകൾ അപഹരിച്ചത്.
ജനുവരി എട്ടിനാണ് എസ്റ്റേറ്റില്‍ ജോലിക്ക് പോകുന്നതിനിടെ പരിമളത്തിനുനേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പരിമളത്തെ ആദ്യം അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിമളത്തിന്‍റെ മരണത്തെ തുടർന്ന് വലിയ പ്രതിഷേധമാണ് മേഖലയിൽ ഉയർന്നുവന്നത്.