കോഴിക്കോട് : പന്തീരാങ്കാവിൽ നവവധു ഗാർഹിക പീഡനത്തിനിരയായ കേസിൽ ഒന്നാം പ്രതിയായ രാഹുൽ പി ഗോപാലിനെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണമെന്ന സിബിഐ ഡയറക്‌ടറുടെ അപേക്ഷ ഇന്‍റർനാഷണൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ (ഇന്‍റർപോള്‍) ന് ലഭിച്ചു. ഇത് സംബന്ധിച്ച അറിയിപ്പ് സിബിഐയിൽ നിന്ന് കേരള പൊലീസിന് ലഭിച്ചതായി പന്തീരാങ്കാവ് സ്‌റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ജർമ്മനിയിലുള്ള രാഹുൽ കേസിലെ ഒന്നാം പ്രതിയാണ്.
എംബസി മുഖേന രാഹുലിനെ ഇവിടെ എത്തിക്കാൻ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ നൽകിയ അപേക്ഷയാണ് ഇൻ്റർപോളിൻ്റെ ആസ്ഥാന ഓഫിസായ ഫ്രാൻസിലെ ലിയോണിൽ എത്തിയതായി സ്ഥിരീകരിച്ചത്. കേസിലെ തൊണ്ടി സാധനങ്ങളുടെ ഫോറൻസിക് പരിശോധന ഫലം വൈകുന്നത് കോടതിയിൽ കുറ്റപത്രം നൽകുന്നത് അനിശ്ചിതത്വത്തിലാക്കി. കോഴിക്കോട്ടെ റീജണൽ കെമിക്കൽ എക്‌സാമിനേഷൻ ലെബോറട്ടറിയിലെ ആർസിഇഎൽ ജീവനക്കാരുടെ കുറവും പരിശോധന യന്ത്രങ്ങളുടെ കാലപ്പഴക്കം മൂലമുളള കൃത്യതയില്ലായ്‌മയുമാണ് പരിശോധന ഫലം വൈകുന്നതിന് കാരണം.