കോഴിക്കോട് :പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി ഡൽഹിയിൽ നിന്നും കൊച്ചി എയർപോർട്ടിലെത്തിയ യുവതിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംസ്ഥാനം വിട്ട യുവതി വ്യാഴാഴ്‌ച രാത്രി എട്ടരയോടെയാണ് തിരിച്ചെത്തിയത്. യുവതിയെ കാണാനില്ലെന്ന പിതാവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിരുന്നു.
ഡൽഹിയിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് യുവതി കൊച്ചിയിലെത്തിയത്. യുവതിയെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതാണെന്നാണ് പിതാവിൻ്റെ ആരോപണം. തൻ്റെ മകൾ രാഹുലിൻ്റെ വീട്ടുകാരുടെ തടവിലാണെന്ന സംശയവും യുവതിയുടെ പിതാവ് ഉന്നയിച്ചിരുന്നു. അതേസമയം മൊഴിമാറ്റത്തിന് പിന്നിൽ രാഹുലിൻ്റെ വീട്ടുകാരുടെ സമ്മർദമാണെന്ന പിതാവിൻ്റെ വാദം തള്ളി യുവതി സമൂഹമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്‌തിരുന്നു. സമൂഹമാധ്യമങ്ങളിൽ യുവതി ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്‌തത് ഡൽഹിയിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് ആവർത്തിച്ച യുവതി ആരും തന്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നതിനാൽ വീട്ടിൽ നിൽക്കാൻ സാധിച്ചില്ലെന്നാണ് യുവതി വ്യക്തമാക്കിയത്. രാഹുലിൻ്റെ വീട്ടിൽ നിന്നും തനിക്ക് പരിക്കേറ്റിട്ടില്ലെന്നത് സ്ഥാപിക്കാൻ വിചിത്രമായ വാദങ്ങളും പരാതിക്കാരി ഉന്നയിച്ചിരുന്നു.