എറണാകുളം: മകൾ സമ്മർദത്തിന് വഴങ്ങിയാണ് പ്രതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതെന്ന് പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയുടെ പിതാവ് ഹരിദാസ്. മകളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ച് രക്ഷപ്പെടാനാണ് രാഹുൽ ശ്രമിക്കുന്നത്.
മകൾ ഭർത്താവിൻ്റെ വീട്ടുകാരുടെ കസ്റ്റഡിയിലാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
പവൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹരിദാസ്. ഭർത്താവിനും വീട്ടുകാർക്കുമെതിരെ മൊഴിനൽകാൻ തങ്ങൾ ഒരു സമ്മർദവും ചെലുത്തിയിട്ടില്ല. മകൾ തങ്ങളോട് പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പന്തീരങ്കാവ് സ്റ്റേഷനിൽ പരാതി നൽകിയത്. മകൾ ഇപ്പോൾ തങ്ങളെയാണ് സമ്മർദത്തിലാക്കുന്നതെന്നും ഹരിദാസ് പറഞ്ഞു.
മകളെ കാണാനില്ലെന്ന് അറിഞ്ഞത് ഇന്നലെയാണ്. ശനിയാഴ്‌ച വരെ മകളുമായി സംസാരിച്ചിരുന്നു. ഞായറാഴ്‌ചയും തിങ്കളും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതേ തുടർന്ന് ഓഫീസിലേക്ക് വിളിച്ചപ്പോഴാണ് ലീവെടുത്ത കാര്യം അറിയുന്നത്. മകൾ വീട്ടിൽ തിരിച്ചെത്തിയ ശേഷവും വളരെ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്. എന്നാൽ കല്യാണം കഴിഞ്ഞ് കുറച്ച് ദിവസത്തിനിടയിൽ ഇത്തരമൊരു സംഭവമുണ്ടായതിൽ മകൾ മാനസികമായി ബുദ്ധിമുട്ട് നേരിട്ടിരുന്നതായും ഹരിദാസ് വ്യക്തമാക്കി.
എല്ലാ കാര്യങ്ങളും പൊലീസ് അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പന്തീരങ്കാവ് ഗാർഹിക പീഡന പരാതിയിൽ ഇന്നലെ വൈകുന്നേരമായിരുന്നു നാടകീയമായ വഴിത്തിരിവുണ്ടായത്. ഭർത്താവ് രാഹുലിനോടും കുടുംബത്തോടും മാപ്പ് ചോദിച്ചും തനിക്കെതിരെ ഗാർഹിക പീഡനമുണ്ടായിട്ടില്ലെന്നും വിശദീകരിച്ച് പെൺകുട്ടി സമൂഹമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.
മനസിൽ കുറ്റബോധമുള്ളതിനാൽ സത്യത്തിൽ സംഭവിച്ചതെന്താണെന്ന് എല്ലാവരോടും തുറന്ന് പറയുകയാണെന്ന മുഖവുരയോടെയാണ് പെൺകുട്ടി പുതിയ വാദങ്ങൾ അവതരിപ്പിച്ചത്. പൊലീസിനും മാധ്യമങ്ങൾക്കും മുമ്പിൽ കുറേയധികം നുണകൾ പറയേണ്ടിവന്നു. തന്നെ വളരെയധികം സ്നേഹിച്ച ഭർത്താവിനെ കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ തെറ്റായി പറഞ്ഞത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റായിരുന്നു.