ഭർതൃ പീഡനത്തിനിരയായ യുവതിയുടെ പിതാവ് (Source: Etv Bharat Reporter) എറണാകുളം: ഒരു ദിവസം വൈകിയിരുന്നെങ്കിൽ മകളെ ജീവനോടെ കിട്ടില്ലായിരുന്നുവെന്ന് പന്തീരങ്കാവിൽ ഭർതൃ പീഡനത്തിനിരയായ യുവതിയുടെ പിതാവ് ഹരിദാസ്. രാഹുൽ മദ്യത്തിനടിമയായ ഫ്രോഡ് ആണെന്ന് അന്വേഷണത്തിൽ വ്യക്തമായെന്നും അദ്ദേഹം ഇടിവി ഭരതിനോട് പറഞ്ഞു. ക്രൂരമായി മകളെ മർദ്ദിച്ച സംഭവത്തിൽ പന്തീരങ്കാവ് പൊലീസിൻ്റെ നടപടികൾ തൃപ്‌തികരമല്ലെന്നും ഹരിദാസ് വ്യക്‌തമാക്കി.
പ്രതി രാഹുലിനെതിരെ വധശ്രമത്തിന് കേസെടുക്കണമായിരുന്നു. രാഹുൽ തൻ്റെ മകളെ കൊലപ്പെടുത്താനാണ് ശ്രമിച്ചതെന്നും ഹരിദാസ് പറഞ്ഞു. ഗാർഹിക പീഡനത്തിന് മാത്രമാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. പൊലീസ് പ്രതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകി. ആലുവ എസ്‌പിക്കും പരാതി നൽകും. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഹരിദാസ് അറിയിച്ചു.
ഈ സംഭവവത്തിൽ രാഹുലിൻ്റെ അമ്മയ്ക്കും പങ്കുണ്ടെന്നും ഹരിദാസ് ആരോപിച്ചു. അഞ്ചാം തീയതി ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്തിയ ശേഷം ഇരു വീട്ടിലുമായുള്ള സൽക്കാര ചടങ്ങുകൾ നടക്കുകയായിരുന്നു. മകൾ രാഹുലിനൊപ്പം പന്തീരാങ്കാവുള്ള വീട്ടിലായിരുന്നു. പതിനൊന്നാം തീയ്യതി രാഹുലും അമ്മയും അടച്ചിട്ട മുറിയിൽ ഒരു മണിക്കൂറോളം ചർച്ച നടത്തിയിരുന്നു. അന്ന് രാത്രി വൈകിയാണ് രാഹുൽ മകൾക്കു നേരെ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടതെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു.
മകൾ നേരിട്ടത് ക്രൂര പീഡനമാണ്. രാഹുൽ തൻ്റെ മകളെ മുഷ്‌ടിചുരുട്ടി പല തവണ തലയ്ക്ക് ഇടിച്ചു. ചുണ്ടുകളിൽ പരിക്കേൽപ്പിച്ചു. മൊബൈൽ ഫോൺ ചാർജറിൻ്റെ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു. മദ്യലഹരിയിലാണ് രാഹുൽ അതിക്രമം ചെയ്‌തത്
ഞായറാഴ്‌ച പുലർച്ചെ രണ്ടിനായിരുന്നു ക്രൂരമായ ആക്രമണം നടന്നതെന്നും അദ്ദേഹം പറഞ്ഞു.
മകളുടെ ഫോൺ രാഹുലിൻ്റെ കസ്‌റ്റഡിയിലായിരുന്നു. അതിനാലാണ് ഈ സംഭവം ഉടനെ വീട്ടിലറിയിക്കാൻ കഴിയാതിരുന്നത്. രാഹുലിൻ്റെ വിവാഹം നേരത്തെ രണ്ടുതവണ മുടങ്ങിയിരുന്നു. രാഹുൽ മാത്രമല്ല കുടുംബം ഒന്നാകെ മദ്യപാനികളാണെന്നും, പറവൂരിൽ തൻ്റെ വീട്ടിൽ സൽക്കാര ചടങ്ങിന് വന്നപ്പോൾ അവർ മദ്യവും കൊണ്ടുവന്നിരുന്നുവെന്നും ഹരിദാസ് വ്യക്തമാക്കി.
വിദ്യാസമ്പന്നനായ നല്ല ജോലിയുള്ള യുവാവ് എന്ന നിലയിലായിരുന്നു രാഹുലിനെ മകൾക്ക് വരനായി തെരഞ്ഞെടുത്തത്. നാട്ടുകാരോട് അന്വേഷിച്ചപ്പോഴും നല്ല അഭിപ്രായമായിരുന്നു. എന്നാൽ അവന് ക്രൂരതയുടെ മറ്റൊരു മുഖമുണ്ടായിരുന്നു. ഇനി തൻ്റെ മകളെ അവനോടൊപ്പം അയക്കില്ല. വിവാഹമോചനത്തിനായുള്ള നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മകൾക്ക് ഇപ്പോഴും മർദ്ദനമേറ്റതിൻ്റെ ശാരീരിക പ്രശ്‌നങ്ങൾ ഉണ്ട്. ഇന്ന് കൗൺസിലിംഗ് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിവാഹം കഴിഞ്ഞ് ഏഴാം ദിവസം വരന്‍റെ വീട്ടിലേക്ക് വിരുന്നിനെത്തിയ വധുവിന്‍റെ വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മർദനമേറ്റതിന്‍റെ പാടുകൾ കണ്ട് കാര്യം തിരക്കിയപ്പോഴാണ് വരൻ മർദിച്ച വിവരം പുറത്തറിയുന്നത്. തുടർന്ന് യുവതിയുടെ വീട്ടുകാർ പന്തീരാങ്കാവ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പന്നിയൂര്‍ക്കുളം തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലാണ് ഭാര്യയെ മർദിച്ചത്.
ഇയാളുമായി ബന്ധം തുടരാൻ താത്പര്യമില്ലെന്ന് വധുവും വീട്ടുകാരും പൊലീസിനെ അറിയിക്കുകയും ചെയ്‌തു. മെയ് 5 ന് ഗുരുവായൂരിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. ജർമനിയിൽ എൻജിനീയറായ വരനും ഐടി മേഖലയിൽ എൻജിനീയറായ വധുവും മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് പരിചയപ്പെട്ടത്. വരനും വധുവിനും ഇഷ്‌ടമായതോടെ വേഗത്തിൽ വിവാഹം നടക്കുകയായിരുന്നു.
Also Read:മൊബൈൽ ചാർജര്‍ കഴുത്തില്‍ മുറുക്കി, കൊടിയ മര്‍ദനം; നവവരന്‍റെ ക്രൂരതകള്‍ വെളിപ്പെടുത്തി വധു, പൊലീസ് കേസ്