തിരുവനന്തപുരം: ഇന്ന് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍റെ സ്വത്തു വിവരം പുറത്തു വന്നു. നാമ നിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പമാണ് സ്വത്തു വിവരം സമര്‍പ്പിച്ചിട്ടുള്ളത്. പന്ന്യന്‍റെ കൈവശമുള്ളത് 3000 രൂപയും ബാങ്കില്‍ 59,729 രൂപയുമുണ്ട്. രണ്ടും ചേര്‍ത്ത് ആകെ കൈവശമുള്ള തുക 62,729 രൂപയാണ്.
സ്ഥാനാര്‍ത്ഥിയുടെ പേരില്‍ 5 ലക്ഷം വില മതിക്കുന്ന ഭൂമിയും 1600 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള വീടുമുണ്ട്. രണ്ടിനും കൂടിയുള്ള വിപണി മൂല്യം 11 ലക്ഷം രൂപയാണ്. ഭാര്യയുടെ പക്കല്‍ 48 ഗ്രാം സ്വര്‍ണവും (6 പവന്‍) 2000 രൂപയുമുണ്ട്. 2.5 ലക്ഷം രൂപയാണ് സ്വര്‍ണത്തിന്‍റെ വിപണി വില.
തൃശൂരിലെ പത്രിക സമര്‍പ്പണം:തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഇന്നലെ (ഏപ്രില്‍ 2) രണ്ട് നാമനിര്‍ദേശപത്രിക കൂടി സമർപ്പിച്ചു. ബിഎസ്‌പി സ്ഥാനാര്‍ഥി നാരായണന്‍ നേരിട്ടും ബിജെപി സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി വിജയന്‍, വി ആതിര എന്നിവരുമാണ് ജില്ല വരണാധികാരിക്ക് മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. ഇതോടെ സ്വതന്ത്ര സ്ഥാനാര്‍ഥി കെ പത്മരാജന്‍ ഉള്‍പ്പെടെ തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം മൂന്നായി.
എറണാകുളം:പ്രതാപൻ (ബഹുജൻ ദ്രാവിഡ പാർട്ടി) കാക്കനാട് സിവിൽ സ്‌റ്റേഷനിലുളള (ഒന്നാം നില) ജില്ലാ കലക്‌ടറുടെ ചേംബറിൽ എറണാകുളം ലോക്‌സഭാ മണ്ഡലം വരണാധികാരിയും ജില്ലാകലക്‌ടറുമായ എൻ എസ് കെ ഉമേഷ് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.