തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് സമാഹരണം നടത്താന്‍ വേറിട്ട വഴിയുമായി തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍. ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് സ്ഥാനാര്‍ഥിയും മുന്‍ എംപിയുമായിരുന്ന പന്ന്യന്‍ രവീന്ദ്രന്‍ തന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക സമാഹരിക്കുന്നത്. വാട്‌സ്‌ആപ്പ് മെസേജുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും സുഹൃത്തുക്കളോടും പൊതുജനങ്ങളോടും സംഭാവനകള്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് തുക സമാഹരണം.
10, 20, 30 രൂപ മുതല്‍ ലഭിച്ച സംഭാവനകളിലൂടെ 10 ലക്ഷം രൂപയോളം ഇതു വരെ സമാഹരിച്ചതായി പന്ന്യന്‍ രവീന്ദ്രന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട് ക്രൗഡ് ഫണ്ടിങ്ങ് വഴി ഇത്തരത്തില്‍ പണം സമാഹരിക്കുന്നത് രാജ്യത്ത് തന്നെ അത്യപൂര്‍വ്വമായ സംഭവമാണ്. സാധാരണക്കാരനായ സ്ഥാനാര്‍ഥിയെന്ന നിലയില്‍ തനിക്കുള്ള സാമ്പത്തിക ബുദ്ധിമുട്ടു കൂടി കണക്കിലെടുത്താണ് ക്രൗഡ് ഫണ്ടിങ്ങിലൂടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താമെന്ന ആശയമുണ്ടായതെന്ന് അദ്ദേഹം പറയുന്നു.
ആവേശകരമായ സ്വീകരണമാണ് സംരംഭത്തിന് ലഭിക്കുന്നത്. സ്വദേശത്ത് നിന്ന് മാത്രമല്ല വിദേശത്ത് നിന്നും നിരവധി പേരാണ് പദ്ധതിയുമായി സഹകരിക്കുന്നത്. സംഖ്യയുടെ വലിപ്പമല്ല പ്രധാനം, എല്‍ഡിഎഫ് മുന്നണിയോട് ജനങ്ങള്‍ കാണിക്കുന്ന താത്പര്യമാണ് സംരംഭത്തിന് ലഭിച്ച സ്വീകാര്യത വ്യക്തമാക്കുന്നതെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറയുന്നു.
ക്രൗഡ് ഫണ്ടിങ്ങിന് പിന്തുണ തേടി കൊണ്ടുള്ള സ്ഥാനാര്‍ഥിയുടെ വാട്‌സ് ആപ്പ് സന്ദേശം:
പ്രിയ സുഹൃത്തേ,
2024 ഏപ്രില്‍ 26ന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ താങ്കളുടെ പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും താങ്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കളുടെയും കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.