തിരുവനന്തപുരം:പതിറ്റാണ്ടുകളായി പൊടിപിടിച്ചു കിടന്ന പമ്പ - അച്ചന്‍കോവില്‍ - വൈപ്പാര്‍ നദീ സംയോജന പദ്ധതി വീണ്ടും സജീവമാക്കി കേരളത്തിന് മേല്‍ ആശങ്കയുടെ വിത്തു പാകുകയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ദേശീയ ജല വികസന ഏജന്‍സി (എന്‍ഡബ്‌ള്യുഡിഎ). ഡിസംബര്‍ 19ന് നടക്കുന്ന യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് കേരളം വീണ്ടും ഭീതിയിലായത്. എന്നാല്‍ ഡിസംബര്‍ 19 ന് വിഷയം പരിഗണിച്ചില്ലെന്ന താത്കാലിക ആശ്വാസത്തിലാണ് കേരളം. ഇത് സംബന്ധിച്ച് കേരളം ഉയര്‍ത്തിയ ആശങ്കകളും എതിര്‍പ്പുകളും കണക്കിലെടുത്താകണം വിഷയം തത്കാലം ചര്‍ച്ചയാക്കേണ്ടെന്ന് തീരുമാനിച്ചതെന്നാണ് സൂചന.
കേരളത്തിലെ രണ്ട് പ്രധാന നദികളായ പമ്പ, അച്ചന്‍കോവില്‍ എന്നീ നദികളിലെ ഉപരിതല ജലത്തില്‍ അധികമുള്ളതായി കണ്ടെത്തിയതായി എന്‍ഡബ്‌ള്യൂഡിഎ അവകാശപ്പെടുന്ന 634 എംസിഎം (മില്ല്യന്‍ ക്യുബിക് മീറ്റര്‍) വെള്ളം തമിഴ്‌നാട്ടിലെ വൈപ്പാര്‍ നദീതടത്തില്‍ എത്തിക്കാനുള്ള പദ്ധതി, കേരളത്തിന്‍റെ പാരിസ്ഥിതികവും കാര്‍ഷികവും സാമ്പത്തികവുമായ രംഗങ്ങളെ തകര്‍ക്കുമെന്ന ആശങ്കയാണ് കേരളം പങ്കുവയ്ക്കുന്നത്. ഇതു സംബന്ധിച്ച ശക്തമായ എതിര്‍പ്പ് പദ്ധതി നിര്‍ദേശം ഉയര്‍ന്ന കാലം മുതല്‍ കേരളം മുന്നോട്ടു വയ്ക്കുയാണ്.
എന്താണ് പദ്ധതി?
അച്ചന്‍കോവില്‍ പമ്പ നദികളിലെ അധിക ജലം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ ദേശീയ ജല വികസന ഏജന്‍സി പഠനം നടത്തി 1991 ല്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. ഈ നദികളില്‍ ലഭിക്കുന്ന ജലത്തിന്‍റെ അളവ്, നിലവിലെ ജല ഉപഭോഗം, ജലത്തിന്‍റെ ആവശ്യം എന്നി അടിസ്ഥാനമാക്കിയായിരുന്നു ഈ രണ്ട് നദികളിലും പഠനം നടത്തിയത്.
1991 ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 2025 വരെയുള്ള എല്ലാ ആവശ്യങ്ങളും നിറവേറ്റിയ ശേഷവും പമ്പയാറ്റില്‍ 1612 ദശലക്ഷം കുബിക് മീറ്ററും (എംസിഎം) അച്ചന്‍ കോവിലാറ്റില്‍ 1515 എംസിഎമ്മും ഉപതിതല ജലം അധികമായി ഉണ്ടാകുമെന്ന് കണ്ടെത്തി. അങ്ങനെ ഇരു നദികളിലുമായി 3127 എംസിഎം വെള്ളം ബാക്കിയുണ്ടെന്നായിരുന്നു കണ്ടെത്തല്‍.
ഇത്രയും അധിക ജലത്തിന്‍റെ 20 ശതമാനമായ 634 എംസിഎം വെള്ളം തമിഴ്‌നാട്ടിലെ വൈപ്പാര്‍ നദിയിലെത്തിച്ച് വൈപ്പാര്‍ നദീതടത്തിലെ 91,400 ഹെക്‌ടര്‍ ഊഷര ഭൂമിയില്‍ കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. 2000 - 2001 ല്‍ പദ്ധതിക്ക് 2588 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്.
പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് പമ്പയാറ്റിലെ പുന്നമേട്ടില്‍ 150 മീറ്റര്‍ ഉയരത്തില്‍ ഒരു ഡാം നിര്‍മിക്കണം. അച്ചന്‍കോവില്‍ നദിയില്‍ 160 മീറ്ററും 35 മീറ്ററും ഉയരത്തിലും ഡാമുകള്‍ നിര്‍മിക്കണം. ഈ മൂന്ന് ഡാമുകളുടെയും റിസര്‍വോയറുകളുടെ ഭാഗമായി കേരളത്തിന്‍റെ 2004 ഹെക്‌ടര്‍ ഭൂമി വെള്ളത്തിനടയിലാകും. ഇതില്‍ 1400 ഹെക്‌ടര്‍ സ്വാഭാവിക വനമാണ്.
അച്ചന്‍കോവിലാറ്റില്‍ അവസാനത്തെ ഡാം നിര്‍മിക്കുന്നതോടെ അച്ചന്‍കോവില്‍ ഗ്രാമത്തിന്‍റെ ഭൂരിഭാഗവും അപ്പാടെ മുങ്ങിപ്പോകും. മാത്രമല്ല, 75 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും വേണം. പമ്പ-അച്ചന്‍കോവില്‍ നദികളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് 8 കിലോമീറ്ററില്‍ തുരങ്കം നിര്‍മിക്കണം. അങ്ങനെ വെള്ളത്തെ അച്ചന്‍കോവില്‍ റിസര്‍വോയറിലെത്തിച്ച ശേഷം 9 കിലോമീറ്റര്‍ തുരങ്കം നിര്‍മിച്ച് പശ്ചിമഘട്ടത്തിന് സമീപം എത്തിച്ചശേഷം പശ്ചിമഘട്ടം തുരന്ന് 50 കിലോമീറ്റര്‍ ടണലിലൂടെ വൈപ്പാര്‍ നദീതടത്തിലെത്തിക്കുകയാണ് പദ്ധതി.