കേരളം

kerala

ETV Bharat / state

പാലോട് ബാലകൃഷ്‌ണൻ പിള്ള വധ കേസ്; എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികള്‍ക്ക് ശിക്ഷ - PALODE MURDER CASE - PALODE MURDER CASE

പാലോട് ബാലകൃഷ്‌ണൻ പിള്ള വധ കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. 2016 മാർച്ചിലാണ് കടയുടമയായ ബാലകൃഷ്‌ണപിള്ളയും പ്രതികളും തമ്മിലുണ്ടായ തര്‍ക്കത്തില്‍ കൊലപാതകം നടക്കുന്നത്.

COURT NEWS  THIRUVANANTHAPURAM NEWS  പാലോട് ബാലകൃഷ്‌ണൻ പിള്ള വധം
ഒന്നാം പ്രതി അനീഷ് (ETV Bharat)

By ETV Bharat Kerala Team

Published : May 28, 2024, 8:39 PM IST

തിരുവനന്തപുരം: പാലോട് ബാലകൃഷ്‌ണ പിള്ള വധ കേസിലെ ഒന്നാം പ്രതിക്ക് പതിനാറ് വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. രണ്ടാം പ്രതിക്ക് ഒരു വർഷവും 40,000 രൂപ പിഴയുമാണ് ശിക്ഷ. പാങ്ങോട് മൈലമൂട് ദേശത്ത് വാഴോട്ട് കാല തടത്തരികത്ത് വീട്ടിൽ റോണി എന്ന് വിളിക്കുന്ന അനീഷ് (42), കൊച്ചാന കല്ലുവിള വേലൻമുക്ക് നളൻ (42) എന്നിവരാണ് ശിക്ഷിക്കപ്പെട്ട പ്രതികൾ.

ഒന്നാം പ്രതിക്ക് ഇന്ത്യൻ ശിക്ഷ നിയമത്തിലെ നരഹത്യ വകുപ്പ് 304 പ്രകാരം പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കഠിന തടവും, 450 വകുപ്പ് പ്രകാരം ആറ് വർഷം തടവും വിധിച്ചു. രണ്ടാം പ്രതിക്ക് 451 വകുപ്പ് പ്രകാരം ഒരു വർഷം തടവും 40,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ അഞ്ച് മാസം കഠിന തടവും, 426 വകുപ്പ് പ്രകാരം രണ്ട് മാസം കഠിന തടവിനും വിധിച്ചു. ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെ പി അനിൽകുമാറിൻ്റെതാണ് ഉത്തരവ്. പ്രതികൾ ശിക്ഷാ കാലാവധി ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് ഉത്തരവിൽ പറയുന്നു.

2016 മാർച്ച് 31 നാണ് ബാലകൃഷ്‌ണ പിള്ളയുടെ കൊലപാതകം നടക്കുന്നത്. പ്രതികൾ കോട്ടയപ്പൻ കാവ് പോസ്‌റ്റ് ഓഫീസിന് സമീപത്തെ ബാലകൃഷ്‌ണ പിള്ളയുടെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി പണം നൽകാതെ പോകാൻ ശ്രമിച്ചു. ബാലകൃഷണ പിള്ള ഇതിനെതിരെ ചോദിച്ചതും, മുൻപും സാധനങ്ങൾ കടം വാങ്ങിയിരുന്ന വകയിൽ കൊടുക്കാനുള്ള പണം ആവശ്യപ്പെട്ടതും പ്രതികളെ പ്രകോപിതരാക്കി. അവര്‍ കടയിൽ അതിക്രമിച്ച് കയറി സാധനങ്ങൾ നശിപ്പിച്ചു. തടയാൻ ശ്രമിച്ച പിള്ളയെ ഒന്നാം പ്രതി ആക്രമിച്ചു. ആക്രമണത്തില്‍ തലയ്ക്ക് ഏറ്റ ഗുരുതര പരുക്കുകൾ കാരണം ആശുപതിയിൽ എത്തുന്നതിന് മുൻപ് തന്നെ ബാലകൃഷ്‌ണപിള്ള മരിക്കുകയായിരുന്നു.

രണ്ടാം പ്രതി, ഒന്നാം പ്രതിയോടൊപ്പം കടയിൽ അക്രമം കാണിച്ചതിനും അധിക്രമിച്ച് കയറിയതിനുമാണ് ശിക്ഷ. ഈ സംഭവത്തില്‍ തുടർന്ന് അന്നേ ദിവസം വൈകുന്നേരം മൈലംമൂട്ടില്‍ വച്ച് കേസിലെ ഏഴാം സാക്ഷി അഖിൽ ദാസനെ ആക്രമിച്ച് ഗുരുതര പരുക്ക് ഏൽപ്പിച്ചതിന് രണ്ടു പ്രതികൾക്കെതിരെ വധശ്രമത്തിന് മറ്റൊരു കേസും പാങ്ങോട് പൊലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.

പ്രോസിക്യൂഷൻ ഭാഗം 16 സാക്ഷികളെയും,35 രേഖകളും നാല് തൊണ്ടിമുതലുകളും വിചാരണ സമയത്ത് പരിഗണിച്ചു. സംഭവം നടക്കുമ്പോൾ കൊല്ലപ്പെട്ട ആളുടെ കടയുടെ സമീപത്ത് കട നടത്തിയിരുന്ന മൂന്നാം സാക്ഷി കരുണാകരൻ കൂറുമാറിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡി ജി റെക്‌സ്, അഭിഭാഷകരായ സി പി രഞ്ജു, ജി ആർ ഗോപിക, ഇനില എന്നിവർ ഹാജരായി.

ALSO READ:മാങ്കാവില്‍ കടത്തിണ്ണയിൽ കിടന്നുറങ്ങിയ യുവാവിനെ അടിച്ചുകൊന്നു; തമിഴ്‌നാട് സ്വദേശി പിടിയില്‍

ABOUT THE AUTHOR

...view details