കണ്ണൂര്‍:വിശേഷ ദിവസങ്ങളില്‍ വീട്ടിലുണ്ടാക്കുന്ന രുചിയുള്ള ഭക്ഷണം ഹോട്ടലില്‍ ലഭിക്കുമോ?. അതിനുള്ള ഉത്തരമാണ് 'പാല്‍ക്കാരന്‍ പയ്യന്‍റെ തട്ടിക്കൂട്ട് കട.' കണ്ണൂര്‍ കൂത്തുപറമ്പ് റോഡില്‍ കോട്ടം എന്ന സ്ഥലത്ത് രുചിപ്പെരുമ കൊണ്ട് ഭക്ഷണ പ്രേമികളുടെ ആശാകേന്ദ്രമായിരിക്കയമാണ് ഈ തട്ടിക്കൂട്ട് കട. ചായക്കും കാപ്പിക്കും പുറമെ നാല്‍പ്പതിലേറെ വിഭവങ്ങളാണ് ഇവിടെ ദിവസം തോറും ഒരുക്കുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇവിടുത്തെ പാചകക്കാരും വിളമ്പുകാരുമെല്ലാം കോട്ടം ദേശത്തുളളവര്‍ തന്നെയാണ്. എണ്ണക്കടിയായ പഴം പൊരി, പക്കാവട, ഉള്ളിവട തുടങ്ങി കപ്പകൊണ്ടുളള ചിക്കന്‍ ബീഫ് ബിരിയാണികള്‍, പുട്ട്, മുട്ട മിക്‌സ്, പുട്ട് ബീഫ് മിക്‌സ്, മത്സ്യ ഇനങ്ങളായ കൂന്തല്‍ ഫ്രൈ, നത്തോലി ഫ്രൈ, ചിക്കന്‍ ചുക്ക, പെപ്പര്‍ ചിക്കന്‍ തൊട്ട് വിഭവങ്ങളുടെ പട്ടികയിങ്ങനെ നീളുകയാണ്. ശുദ്ധമായ വെളിച്ചെണ്ണയില്‍ പൊരിയുന്ന എണ്ണക്കടികളും, പത്തല്‍, പൂരി തുടങ്ങിയവയും നേരിട്ട് കണ്ടറിഞ്ഞ് കഴിക്കാമെന്ന സവിശേഷതയും ഈ തട്ടിക്കൂട്ട് കടക്കുണ്ട്.
രാവിലെ പത്ത് മണിയോടെ തന്നെ കഞ്ഞി റെഡിയാകും. ആവിപറക്കുന്ന കഞ്ഞിക്കൊപ്പം വന്‍പയര്‍, മത്തന്‍, എന്നിവ ചേര്‍ത്ത പുഴുക്ക്. ഇടവിട്ട ദിവസങ്ങളില്‍ ചേനയും ചേമ്പും ഒക്കെ ചേര്‍ത്ത പുഴുക്കും ലഭിക്കും. പുഴുക്കിനൊപ്പം ചേന അച്ചാറും ചേര്‍ത്ത് ആസ്വദിച്ച് കഴിക്കുന്നവര്‍ ഏറെ.
ഉച്ചയൂണിന് എത്തുന്നവര്‍ക്ക് പരമ്പരാഗത രുചിയുള്ള ചോറും മീന്‍ കറികളും സ്രാവും തിരണ്ടിയും അയല, മത്തി തുടങ്ങിയവയും വിവിധ ദിവസങ്ങളില്‍ ലഭ്യമാകും. വല്ലാത്തൊരു സംതൃപ്‌തി നല്‍കുന്ന ഊണാണ് ഇവിടെ ലഭിക്കുന്നതെന്നാണ് ഭക്ഷണപ്രേമികള്‍ പറയുന്നത്. നാടന്‍ രുചി തേടിയെത്തുന്ന പുതുതലമുറക്കാര്‍ മുതല്‍ യാത്രികര്‍ വരെ പാല്‍ക്കാരന്‍ പയ്യന്‍റെ ഭക്ഷണശാലയിലെത്തുന്നു.
പഴകിയ കെട്ടിടത്തിന്‍റെ ഭാഗം രൂപമാറ്റം വരുത്തിയാണ് കടയുടെ പ്രധാന ഭാഗം നിര്‍മിച്ചിരിക്കുന്നത്. കെട്ടിടത്തിന്‍റെ തൊട്ടടുത്തുള്ള പറമ്പ് ലീസിനെടുത്ത് ഓലമേഞ്ഞ് വിശാലമാക്കിയിട്ടുണ്ട്. ഇളം കാറ്റ് തഴുകിയെത്തുന്ന അന്തരീക്ഷം.