പാലക്കാട് : തെരഞ്ഞെടുപ്പ് ചൂടില്‍ ഉരുകിയൊലിക്കുമ്പോഴും പാലക്കാട്ട് മാറ്റത്തിന്‍റെ കാറ്റുവീശുമെന്ന പ്രതീക്ഷയുമായാണ് ഇടത് മുന്നണിയും ബിജെപിയും മത്സര രംഗത്ത് മുന്നേറുന്നത്. കോണ്‍ഗ്രസാകട്ടെ കഴിഞ്ഞ തവണ നേടിയ മണ്ഡലം നിലനിര്‍ത്താനാകും എന്ന പ്രത്യാശയിലും.
പ്രചാരണം അവസാന റൗണ്ട് പിന്നിടാനിരിക്കെ ഏത് മുന്നണി മുന്നില്‍ എന്ന് പറയാനാവാത്ത സാഹചര്യമാണ് പാലക്കാട്ട്. പോരാട്ടത്തിലൂടെ മുമ്പും പാലക്കാട് പിടിച്ചെടുത്ത പാരമ്പര്യവുമായി ഇറങ്ങിയ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ഇവിടെ ഇടത് മുന്നണിയുടെ പ്രതീക്ഷകള്‍ കത്തിച്ചു നിര്‍ത്തുകയാണ്.
പോരാട്ടത്തിലൂടെ തന്നെ 2019-ല്‍ പാലക്കാട്ട് പിടിച്ച കോണ്‍ഗ്രസിലെ വികെ ശ്രീകണ്‌ഠനും പ്രതീക്ഷയിലാണ്. പോര്‍മുഖത്ത് സജീവമായി നില്‍ക്കുന്ന ബിജെപി സ്ഥാനാര്‍ഥി സി കൃഷ്‌ണകുമാറും പ്രചാരണത്തില്‍ ഏറെ മുന്നിലായിരുന്നു.
കണക്കുകള്‍ ഇങ്ങനെ
വോട്ടര്‍മാര്‍
- 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് - 13,98,143.
- 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് - 10,28,874
- വോട്ടര്‍മാരിലെ വര്‍ധന - 3,69,269
വോട്ടര്‍മാര്‍ സമുദായം തിരിച്ച് (2011 സെന്‍സസ് പ്രകാരം)
- മുസ്ലീം സമുദായം - 29.6 ശതമാനം
- ക്രിസ്ത്യന്‍ സമുദായം - 3.6 ശതമാനം
- ഹിന്ദു സമുദായം - 66.8 ശതമാനം.
- പട്ടിക ജാതി സമുദായം - 12.5 ശതമാനം
- പട്ടിക വര്‍ഗ സമുദായം - 2.1 ശതമാനം
നിയമസഭ മണ്ഡലങ്ങളും വിജയിച്ച പാര്‍ട്ടിയും
- പാലക്കാട് (യുഡിഎഫ്)
- മലമ്പുഴ (എല്‍ഡിഎഫ്)
- മണ്ണാര്‍ക്കാട് (യുഡിഎഫ്)
- കോങ്ങാട് (എല്‍ഡിഎഫ്)
- ഒറ്റപ്പാലം (എല്‍ഡിഎഫ്)
- ഷൊര്‍ണൂര്‍ (എല്‍ഡിഎഫ്)
- പട്ടാമ്പി (എല്‍ഡിഎഫ്)
മണ്ഡല ചരിത്രം :16 പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുകളില്‍ 11-ലും ഇടത് മുന്നണിക്കൊപ്പം നിന്ന മണ്ഡലമാണ് പാലക്കാട്. 1957 ല്‍ പി കുഞ്ഞനില്‍ തുടങ്ങി ഇകെ നായനാരും എകെജിയും അടക്കമുള്ള സിപിഎം അതികായര്‍ ജയിച്ചു കയറിയ മണ്ഡലം. 1967-ല്‍ നായനാരും 1971-ല്‍ ഏകെജിയും പാലക്കാട്ട് നിന്ന് പാര്‍ലമെന്‍റിലെത്തി.
ശേഷം 3 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസായിരുന്നു പാലക്കാട്ട് വെന്നിക്കൊടി പാറിച്ചത്. വി എസ് വിജയരാഘവനെന്ന കോണ്‍ഗ്രസ് അതികായനെ വീഴ്ത്താന്‍ 1989-ല്‍ സിപിഎം നിയോഗിച്ചത് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റായിരുന്ന മറ്റൊരു വിജയരാഘവനെ.
പൊരിഞ്ഞ പോരാട്ടത്തില്‍ 1826 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ അന്ന് മണ്ഡലം പിടിച്ച് എ വിജയരാഘവന്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ചു. 89-ല്‍ സിപിഎം പിടിച്ച മണ്ഡലം 1991 ല്‍ കോണ്‍ഗ്രസ് തിരികെ പിടിച്ചു. 1996 മുതല്‍ 2004 വരെ സിപിഎമ്മിനു വേണ്ടി പാലക്കാട് എന്‍ എന്‍ കൃഷ്‌ണദാസിന്‍റെ തേരോട്ടമായിരുന്നു.
2009-ലും 2014-ലും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റായിരുന്ന എംബി രാജേഷാണ് സിപിഎം സ്ഥാനാര്‍ഥിയായി പാലക്കാട്ട് വിജയിച്ചത്. 2009 ല്‍ സതീശന്‍ പാച്ചേനിക്കെതിരെ കേവലം 1820 വോട്ടിന് ഞെരുങ്ങിയാണ് എംബി രാജേഷ് ജയിച്ചത്.
2009 ല്‍ മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷം നടന്ന 3 തെരഞ്ഞെടുപ്പുകളില്‍ 2014-ല്‍ മാത്രമാണ് ഏതെങ്കിലും സ്ഥാനാര്‍ഥി വന്‍ ഭൂരിപക്ഷത്തില്‍ പാലക്കാട്ട് നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. അത് എംപി വീരേന്ദ്ര കുമാറിനെതിരെ എംബി രാജേഷ് നേടിയത് 1,05,300 വോട്ട് ഭൂരിപക്ഷമായിരുന്നു.
കഴിഞ്ഞ തവണ മാത്രമാണ് ഇടത് പക്ഷത്തിന് പരാജയം അറിയേണ്ടി വന്നത്. 11,637 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ എംബി രാജേഷിനെ പരാജയപ്പെടുത്തിയത് വികെ ശ്രീകണ്‌ഠനായിരുന്നു. സിപിഎമ്മിനും ഇടത് മുന്നണിക്കും വല്ലാതെ നാണക്കേട് ഉണ്ടാക്കിയ ആ തെരഞ്ഞെടുപ്പ് പരാജയം ഇത്തവണ തിളക്കമാര്‍ന്ന വിജയത്തിലൂടെ മായ്ക്കാന്‍ അരയും തലയും മുറുക്കി രംഗത്തുണ്ട് പാര്‍ടി നേതൃത്വം.
കഴിഞ്ഞ തവണ കൈവിട്ടുപോയ മണ്ഡലം തിരികെ പിടിക്കാന്‍ 1989 ല്‍ പാലക്കാട് തിരിച്ചു പിടിച്ച ചരിത്രമുള്ള എ വിജയരാഘവന്‍ ഇന്ന് പോളിറ്റ് ബ്യൂറോ മെമ്പറായി വീണ്ടും പോരാട്ടത്തിനിറങ്ങുന്നു. കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തെ അത്‌ഭുതം കാട്ടിയ വികെ ശ്രീകണ്‌ഠനെ തന്നെ നിലനിര്‍ത്തുന്നു. ബിജെപിയും കഴിഞ്ഞ തവണ വന്‍ മുന്നേറ്റം നടത്തിയ സി കൃഷ്‌ണകുമാറിനെ തന്നെ കളത്തിലിറക്കുന്നു.
2019ലെ തെരഞ്ഞെടുപ്പ് ഫലം
- വികെ ശ്രീകണ്‌ഠന്‍ - 3,99,274
- എംബി രാജേഷ് - 3,87,637
- സി കൃഷ്‌ണകുമാര്‍ - 2,18,556
ഭൂരിപക്ഷം - 11,637
2014ലെ തെരഞ്ഞെടുപ്പ് ഫലം
- എംബി രാജേഷ് - 4,12,897
- എംപി വീരേന്ദ്രകുമാര്‍ - 3,07,597
- ശോഭ സുരേന്ദ്രന്‍ - 1,36,587
ഭൂരിപക്ഷം- 1,05,300
2024ല്‍ പാര്‍ട്ടികളും പ്രതീക്ഷകളും
യുഡിഎഫ്
2014-ലെ വോട്ട് വിഹിതം - 34.21%
2019-ലെ വോട്ട് വിഹിതം - 38.83%
2019-ല്‍ പാലക്കാട്, മണ്ണാര്‍ക്കാട്, പട്ടാമ്പി മണ്ഡലങ്ങളില്‍ നേടിയ ഭൂരിപക്ഷത്തിലാണ് വികെ ശ്രീകണ്‌ഠന്‍ എംബി രാജേഷിനെ മറികടന്നത്. കഴിഞ്ഞ തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ണാര്‍ക്കാട് നിയമസഭ മണ്ഡലങ്ങള്‍ മാത്രമാണ് യുഡിഎഫിന് നിലനിര്‍ത്താന്‍ സാധിച്ചത്. കഴിഞ്ഞ തവണത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഏറെ മാറിയത് യുഡിഎഫിന് പാലക്കാട്ട് കടുത്ത മത്സരം നേരിടേണ്ടി വരും എന്ന സൂചന നല്‍കുന്നുണ്ട്.
രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് പാലക്കാട്ട് പ്രചാരണത്തിന് ഇറങ്ങുന്നതും മണ്ഡലത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ്. പാലക്കാട് നിയമസഭ മണ്ഡലത്തില്‍ ബിജെപി വോട്ടുയര്‍ത്തുന്നത് ശ്രീകണ്‌ഠന് വെല്ലുവിളിയാണ്. പട്ടാമ്പിയില്‍ കഴിഞ്ഞ തവണത്തെ മേല്‍ക്കൈ നിലനിര്‍ത്താനാകുമോ എന്നും സംശയമുണ്ട്. മലമ്പുഴ, കോങ്ങാട്, ഷൊര്‍ണൂര്‍, ഒറ്റപ്പാലം നിയമസഭ മണ്ഡലങ്ങളില്‍ സിപിഎം നേടുന്ന ഭൂരിപക്ഷം മറികടക്കാന്‍ ആകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് കോണ്‍ഗ്രസ് ക്യാമ്പ്.
എല്‍ഡിഎഫ്
2014-ലെ വോട്ട് വിഹിതം - 45.35%