കേരളം

kerala

ETV Bharat / state

ട്വിസ്റ്റുകളുടെ പാലക്കാട്ടങ്കം; കരിമ്പനകളില്‍ കാറ്റ് പിടിക്കുമ്പോള്‍ മാറി മറിയുമോ ജനവിധി? - PALAKKAD BYELECTION

കേരള ഉപതെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്തത്ര ശക്തമായ ചുഴികളും അടിയൊഴുക്കുകളുമാണ് പാലക്കാട്ട് കണ്ടത്.

PALAKKAD BYELECTION 2024  PALAKKAD LDF UDF NDA  പാലക്കാട് അസംബ്ലി തെരഞ്ഞെടുപ്പ്  സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ്
Candidates of Palakkad byelection (ETV Bharat)

By ETV Bharat Kerala Team

Published : Nov 18, 2024, 3:17 PM IST

പാലക്കാട് : പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ട്വിസ്റ്റുകളുടെ പരമ്പരകള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. നവംബര്‍ 23 ന് വോട്ടെണ്ണുമ്പോള്‍ പാലക്കാട് കാത്തുവയ്‌ക്കുന്നത് മറ്റൊരു ട്വിസ്റ്റാകുമോ?

കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്തത്ര ശക്തമായ ചുഴികളും അടിയൊഴുക്കുകളുമാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതലിങ്ങോട്ട് കണ്ടത്. ഒക്ടോബര്‍ 15ന് ആണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപതെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. പത്രികാ സമര്‍പ്പണം ഒക്ടോബര്‍ 29 ന് ആരംഭിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി :തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകം തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പതിവ് തെറ്റിച്ചു. സാധാരണ സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ച് പ്രഖ്യാപനത്തിന് കാത്തിരിക്കുന്ന കോണ്‍ഗ്രസ് രീതി പാലക്കാട്ട് കണ്ടില്ല. പത്തനംതിട്ടയില്‍ നിന്ന് പാലക്കാട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി എത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ വലിയ ആരവത്തോടെയാണ് പാലക്കാട്ട് വന്നിറങ്ങിയത്.

സന്ദീപ് വാര്യര്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണത്തില്‍ (ETV Bharat)

ഏതാണ്ട്, വടകര ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായപ്പോള്‍ പാലക്കാട്ടെ മുന്‍ എംഎല്‍എ ഷാഫി പറമ്പില്‍ ലാന്‍ഡ് ചെയ്‌തതു പോലെയുള്ള വരവ്. പ്രവര്‍ത്തകരും നേതാക്കളും രാഹുലിന് വന്‍ വരവേല്‍പ്പൊരുക്കി. തൊട്ടടുത്ത ദിവസം തൊട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണവും തുടങ്ങി.

സിപിഎമ്മില്‍ പതിനൊന്നാം മണിക്കൂറില്‍ സ്ഥാനാര്‍ഥി മാറ്റം :സിപിഎം ജില്ലാ കമ്മിറ്റി അംഗവും മലമ്പുഴ ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്തംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ കെ ബിനുമോളെ സ്ഥാനാര്‍ഥിയാക്കാന്‍ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് ധാരണയില്‍ എത്തിയതായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം സഫ്‌താര്‍ ഷെറീഫിന്‍റെ പേരും പരിഗണിക്കപ്പെട്ടിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്ന പ്രഖ്യാപനം വന്നതോടെ അതൃപ്‌തി പരസ്യമാക്കി കെപിസിസി ഡിജിറ്റല്‍ മീഡിയാ കണ്‍വീനറായിരുന്ന ഡോ പി സരിന്‍ ആദ്യം കൂടാരം വിട്ടു. വി ഡി സതീശന്‍, ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ സംഘത്തിന്‍റെ തന്നിഷ്‌ടമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത് എന്ന് തുറന്നടിച്ചായിരുന്നു സരിന്‍ രംഗത്ത് വന്നത്. കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളിപ്പറഞ്ഞ് പുറത്തു വന്ന സരിനെ സിപിഎം രണ്ടു കൈയും നീട്ടി സ്വീകരിച്ചു. പിന്നാലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്‌തു.

രാഹുല്‍ മാങ്കൂട്ടത്തിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരും (Facebook@Rahul Mamkoottathil)

നീല ട്രോളി ബാഗും ഹോട്ടല്‍ റെയ്‌ഡും :നവംബര്‍ അഞ്ചിന് അര്‍ധ രാത്രിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന പാലക്കാട്ടെ സ്വകാര്യ ഹോട്ടലില്‍ ഇലക്ഷന്‍ ഫ്ലൈയിങ് സ്ക്വാഡ് റെയ്‌ഡ് നടന്നത്. ബിന്ദു കൃഷ്‌ണ, ഷാനിമോള്‍ ഉസ്‌മാന്‍ എന്നിവരുടെ മുറികളിലായിരുന്നു പരിശോധന. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

റെയ്‌ഡിനെത്തിയ പൊലീസും കോണ്‍ഗ്രസ് സിപിഎം ബിജെപി പ്രവര്‍ത്തകരും നേതാക്കളും തമ്മില്‍ ഏറെ നേരം വാക്കേറ്റം നടന്നു. ഷാഫി പറമ്പില്‍, ജ്യോതികുമാര്‍ ചാമക്കാല, വികെ ശ്രീകണ്‌ഠന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കള്ളപ്പണം എത്തിച്ചുവെന്നും ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ശ്രമമെന്നും സിപിഎം ആരോപിച്ചു.

നീല ട്രോളിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഹോട്ടലിലെത്തുന്നതിന്‍റെയും ട്രോളിയുമായി കാറുകളില്‍ പോകുന്നതിന്‍റെയും ദൃശ്യങ്ങള്‍ സിപിഎം പുറത്തുവിട്ടു. പൊലീസിന്‍റെ കൈവശമുള്ള ദൃശ്യങ്ങള്‍ സിപിഎമ്മിന്‍റെ കൈവശമെത്തിയത് ഗൂഢാലോചനയുടെ തെളിവാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് തിരിച്ചടിച്ചു. നീല ട്രോളി ബാഗിന്‍റെ ദൃശ്യം പുറത്തു വിട്ടവര്‍ ബാഗില്‍ പണം എത്തിച്ചെന്ന് തെളിയിക്കണമെന്നും കോണ്‍ഗ്രസ് വെല്ലുവിളിച്ചു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ രമ്യ ഹരിദാസിനൊപ്പം (Facebook@Rahul Mamkoottathil)

കത്ത് വിവാദം :കെ മുരളീധരനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി നേതൃത്വം നല്‍കിയ കത്ത് പുറത്ത് വന്നതായിരുന്നു അടുത്ത വിവാദം. ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പനടക്കം ഒപ്പുവച്ചയച്ച കത്ത് പുറത്തു വന്നതോടെ പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കാന്‍ ജില്ലാ ഘടകത്തിന് താത്‌പര്യമില്ലായിരുന്നു എന്ന് വ്യക്തമായി.

ഒക്ടോബര്‍ 27 ന് ആണ് കത്ത് പുറത്തു വന്നത്. ആദ്യ രണ്ടാഴ്‌ച പാലക്കാട്ടെ പ്രചാരണ രംഗത്ത് നിന്ന് മാറി നിന്ന കെ മുരളീധരന്‍ അവസാന ആഴ്‌ച മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായി പ്രചാരണത്തിനെത്തിയത്. കോണ്‍ഗ്രസിലെ കരുണാകര വിഭാഗത്തിന്‍റെ മനസില്‍ തീരാത്ത മുറിവേല്‍പ്പിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ചില ഭൂതകാല പരാമര്‍ശങ്ങള്‍ കാരണം വോട്ട് നഷ്‌ടപ്പെടുമെന്ന ഘട്ടത്തില്‍ നേതൃത്വം ഇടപെട്ടാണ് കെ മുരളീധരനെ പ്രചാരണത്തിനിറക്കിയത്.

പിവി അന്‍വറും ഡിഎംകെയും :പാലക്കാട്ടും ചേലക്കരയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച പിവി അന്‍വറിന്‍റെ ഡിഎംകെ പാലക്കാട്ടെ സ്ഥാനാര്‍ഥിയായിരുന്ന മിന്‍ഹാജിനെ പിന്‍വലിച്ചു.

ബിജെപിയിലെ പോര് :ബിജെപിയില്‍ സി. കൃഷ്‌ണകുമാര്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരെയായിരുന്നു സ്ഥാനാര്‍ഥികളായി പരിഗണിച്ചിരുന്നത്. ഒടുവില്‍ സി. കൃഷ്‌ണകുമാറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.

ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കാത്തതിലുള്ള രോഷം ചില പ്രാദേശിക നേതാക്കള്‍ പരസ്യമായി പ്രകടിപ്പിച്ചതായിരുന്നു പ്രചാരണത്തിന്‍റെ ആദ്യ നാളുകളില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് നേരിടേണ്ടി വന്ന പ്രധാന വെല്ലുവിളി. ശോഭാ സുരേന്ദ്രനെ സ്വാഗതം ചെയ്‌തു കൊണ്ട് പാലക്കാട്ട് പ്രദര്‍ശിപ്പിച്ചിരുന്ന ബോര്‍ഡുകള്‍ അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചതും വിവാദമായി.

സി കൃഷ്‌ണകുമാര്‍ ബിജെപി പ്രചാരണത്തില്‍ (ETV Bharat)

എന്നാല്‍ ശോഭാ സുരേന്ദ്രന്‍ പാലക്കാട്ടെ പ്രചാരണത്തില്‍ സജീവമായതോടെ വിവാദങ്ങള്‍ കെട്ടടങ്ങി. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ഥി മെട്രോ മാന്‍ ഇ ശ്രീധരന്‍ കോണ്‍ഗ്രസിലെ ഷാഫി പറമ്പിലിനോട് പരാജയപ്പെട്ടത് 3859 വോട്ടുകള്‍ക്കായിരുന്നു. മൂന്നാം സ്ഥാനത്ത് വന്ന സിപിഎമ്മിന്‍റെ പാര്‍ട്ടി വോട്ടുകള്‍ ഷാഫി പറമ്പിലിന് പോയതാണ് തോല്‍വിക്ക് കാരണമെന്നാണ് ബിജെപി വിലയിരുത്തിയത്.

ബിജെപി ഭരിക്കുന്ന പാലക്കാട്ട് നഗരസഭയിലെ വൈസ് ചെയര്‍മാനായ സി കൃഷ്‌ണകുമാറിനെ സ്ഥാനാര്‍ഥിയാക്കുമ്പോള്‍ ബിജെപി ഉപതെരഞ്ഞെടുപ്പില്‍ മറ്റു ചില അനുകൂല ഘടകങ്ങളും കാണുന്നു. മുന്‍ കോണ്‍ഗ്രസുകാരനായ പി സരിന്‍ സിപിഎം സ്ഥാനാര്‍ഥിയാകുമ്പോള്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളില്‍ പോരാട്ടം കോണ്‍ഗ്രസ് യൂത്ത് നേതാക്കള്‍ തമ്മിലാകും. ഇരു മുന്നണികളും മത്സരം അഭിമാന പ്രശ്‌നമായെടുക്കുമ്പോള്‍ വോട്ട് മറിക്കല്‍ നടക്കില്ലെന്നാണ് ബിജെപി പ്രതീക്ഷ.

സി കൃഷ്‌ണകുമാര്‍ ബിജെപി പ്രചാരണത്തില്‍ (ETV Bharat)

വോട്ടെടുപ്പ് തീയതി മാറ്റം :മറ്റിടങ്ങളിലേതിനൊപ്പം പാലക്കാട്ടും നവംബര്‍ 13 ന് വോട്ടെടുപ്പ് നടക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒക്ടോബര്‍ 15ന് പ്രഖാപിച്ചത്. നവംബര്‍ 13 ന് കല്‍പ്പാത്തി രഥോത്സവം കാരണം വോട്ടെടുപ്പ് മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്ത് വന്നിരുന്നു.

പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് മുന്‍തൂക്കമുള്ള കല്‍പ്പാത്തിയിലെ വാര്‍ഡുകളില്‍ നിന്നുള്ള വോട്ടര്‍മാര്‍ക്ക് അസൗകര്യമുണ്ടാക്കി വോട്ടെടുപ്പില്‍ നിന്നും അകറ്റാനുള്ള ആസൂത്രിത നീക്കം എന്നായിരുന്നു ബിജെപി വാദം. ജില്ലാ ഭരണകൂടവും പിണറായി സര്‍ക്കാരും ചേര്‍ന്നുള്ള ഗൂഢാലോചനയാണ് എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇതിനെ വിശേഷിപ്പിച്ചത്.

പ്രതിപക്ഷ നേതാവ് വി ഡി സതീശനും വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരുന്നു. ഒടുവില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യത്തിന് വഴങ്ങുകയും പാലക്കാട്ടെ വോട്ടെടുപ്പ് നവംബര്‍ 20 ലേക്ക് മാറ്റുകയും ചെയ്‌തു.

മറു കണ്ടം ചാടി സന്ദീപ് വാര്യര്‍ :തെരഞ്ഞെടുപ്പ് കാലത്ത് കൂടു വിട്ട് കൂടു മാറല്‍ കേരളത്തില്‍ അത്ര വ്യാപകമായിരുന്നില്ല. എന്നാല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മറുകണ്ടം ചാട്ടം വ്യാപകമായ തോതില്‍ നടന്നു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്ന മുന്‍ സംസ്ഥാന വക്താവ് കൂടിയായിരുന്ന സന്ദീപ് വാര്യര്‍ നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസിലെത്തിയത്.

പി സരിന്‍ പ്രചാരണത്തിനിടെ (Facebook@ P Sarin)

പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി സി കൃഷ്‌ണകുമാറിനും സംസ്ഥാന ഭാരവാഹികളില്‍ ചിലര്‍ക്കെതിരെയും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ സന്ദീപ് വാര്യര്‍ ബിജെപി തന്നെ ശ്വാസം മുട്ടിക്കുകയായിരുന്നു എന്ന് പറഞ്ഞ്, പാര്‍ട്ടി വിടുമെന്ന സൂചനകള്‍ പരസ്യമാക്കിയിരുന്നു. അതിനിടെ കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലനടക്കമുള്ള സിപിഎം നേതാക്കള്‍ സന്ദീപ് വാര്യരുടെ നിലപാടുകള്‍ സ്വാഗതാര്‍ഹമാണെന്ന് അഭിപ്രായപ്പെടുക കൂടി ചെയ്‌തതോടെ അദ്ദേഹം സിപിഎമ്മിലേക്ക് എത്തുമെന്ന സൂചന പ്രബലമായി. ആര്‍എസ്‌എസ് ഉന്നത നേതൃത്വം തന്നെ നേരിട്ട് ഇടപെട്ട് സന്ദീപ് വാര്യരുമായി ചര്‍ച്ചകള്‍ നടത്തി.

അച്ചടക്ക നടപടിയെടുക്കാതെ സംസ്ഥാന ബിജെപി നേതൃത്വം കാത്തിരുന്നു. ഒടുവില്‍ അപ്രതീക്ഷിത നീക്കത്തിനൊടുവില്‍ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തി. ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടുകളും രീതികളുമാണ് തന്നെ വേദനിപ്പിച്ചതെന്ന് ആദ്യം പറഞ്ഞ സന്ദീപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരതത്തെ ഭിന്നിപ്പിക്കുന്ന വെറുപ്പിന്‍റെ രാഷ്ട്രീയമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് കൂടി അഭിപ്രായപ്പെട്ടതോടെ ആര്‍എസ്‌എസിനും ബിജെപിക്കും ഒരു പോലെ അനഭിമതനായി.

കോണ്‍ഗ്രസിന് വേണ്ടി പ്രചാരണ രംഗത്ത് സന്ദീപ് വാര്യര്‍ സജീവമായി. താര പ്രഭയോടെ റോഡ് ഷോയടക്കം നടത്തി. അതേസമയം മറുവശത്ത്, പാലക്കാട്ട് സി കൃഷ്‌ണ കുമാറിന്‍റെ സ്ഥാനാര്‍ഥിത്വത്തോട് എതിര്‍പ്പുള്ള ബിജെപി ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ വരെ സന്ദീപ് വാര്യരുടെ മലക്കം മറിച്ചിലോടെ പ്രചാരണത്തില്‍ സജീവമായി.

പി സരിന്‍ മുഖ്യമന്ത്രിക്കൊപ്പം (Facebook@P Sarin)

കത്തിയാളുന്ന മുനമ്പവും വഖഫ് പ്രശ്‌നവും :കുടിയിറക്കല്‍ വിഷയത്തില്‍ ബിജെപി മാത്രമാണ് തങ്ങള്‍ക്കൊപ്പം നിന്നതെന്ന കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ തുറന്നു പറച്ചില്‍ പാലക്കാട്ട് നിര്‍ണായകമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകനായ മാത്യു സാമുവല്‍ പറയുന്നത്. ആറായിരത്തോളം ക്രൈസ്‌തവ വോട്ടര്‍മാര്‍ പാലക്കാട് മണ്ഡലത്തിലുണ്ട്.

അല്‍മായര്‍ക്കിടയില്‍ കുടിയിറക്ക് വിഷയം വലിയ തോതില്‍ ചര്‍ച്ചയാക്കാന്‍ സഭാ നേതൃത്വവും ശ്രമിച്ചിട്ടുണ്ട്. യുഡിഎഫിനൊപ്പം കാലാകാലം നിലയുറപ്പിച്ചു പോന്ന ക്രൈസ്‌തവ സമൂഹത്തിന്‍റെ വോട്ടുകള്‍ നഷ്‌ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വഖഫ് നിയമ ഭേദഗതിയെ എതിര്‍ത്ത കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടും പ്രീണനവും വഞ്ചനയും പാലക്കാട്ട് ചര്‍ച്ചയാക്കാന്‍ വിവിധ ക്രൈസ്‌തവ സംഘടനകള്‍ ശ്രമിച്ചിരുന്നു. പാലക്കാട് പോലൊരു മണ്ഡലത്തില്‍ ജയപരാജയങ്ങള്‍ നിശ്ചയിക്കാന്‍ ആറായിരം വോട്ട് ധാരാളമാണെന്നും പാലക്കാട്ടെ ക്രൈസ്‌തവ വോട്ടര്‍മാര്‍ ജനവിധിയെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകമാകുമെന്നും മാത്യു സാമുവല്‍ വിലയിരുത്തുന്നു.

Also Read:കരുത്ത് കാട്ടാൻ മുന്നണികള്‍; പാലക്കാട് ഇന്ന് കൊട്ടിക്കലാശം

ABOUT THE AUTHOR

...view details