എറണാകുളം :അവയവക്കച്ചവടത്തിനായി ഇന്ത്യയില്‍ നിന്നും ഇറാനിലെത്തിച്ച യുവാക്കളില്‍ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരുമുണ്ടെന്ന് പൊലീസിന്‍റെ കണ്ടെത്തല്‍. പ്രതി സാബിത്തിനെ ചോദ്യം ചെയ്‌തതില്‍ നിന്നാണ് ഈ കാര്യങ്ങളില്‍ വ്യക്തത ലഭിച്ചത്. അതേസമയം പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ രണ്ടാം ദിവസമായ ഇന്നും (മെയ് 23) ചോദ്യം ചെയ്യല്‍ തുടരുകയാണ്.
പ്രതിയുടെ ബാങ്ക് അക്കൗണ്ട് ഉൾപ്പെടെ പരിശോധിച്ച് അവയവ റാക്കറ്റ് സംഘത്തിൽ നിന്ന് പണം കൈപ്പറ്റിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. അവയവ ദാനത്തിന് ഏറ്റവും ലളിതമായ നിയമങ്ങളുള്ള രാജ്യമെന്ന നിലയിലാണ് പ്രതി ഇറാൻ തെരഞ്ഞെടുത്തത്. സമ്മതപത്രം നൽകി ഇറാനിൻ ആർക്കും അവയവങ്ങൾ ദാനം ചെയ്യാൻ സാധിക്കും. ഇറാനിൽ ഇരകൾക്ക് താമസ സൗകര്യം ഏർപ്പെടുത്തുക മാത്രമാണ് താൻ ചെയ്‌തതെന്നാണ് പ്രതി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി.
തൃശൂർ സ്വദേശിയായ പ്രതി സാബിത്തിനെ അന്താരാഷ്ട്ര അവയവ റാക്കറ്റ് സംഘത്തിൻ്റെ ഭാഗമാക്കിയത് ഹൈദരാബാദിലെ ഡോക്‌ടറാണെന്നാണ് ലഭിക്കുന്ന വിവരം. അവയവ വില്‍പ്പനയ്‌ക്കെത്തിച്ച താൻ ഹൈദരാബാദിൽ വച്ച് ഏജൻ്റായി മാറിയെന്ന് സാബിത്ത് മൊഴി നൽകിയിരുന്നു. പ്രതി സബിത്തിനെ വിശദമായി ചോദ്യം ചെയ്‌താല്‍ അവയവക്കടത്തിലെ പ്രധാന വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
ദേശീയ അന്വേഷണ ഏജൻസിയും ഇതിനകം ഈ കേസിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. രാജ്യാന്തര ബന്ധങ്ങളുള്ള കേസ് ആയതിനാൽ ഈ കേസ് കേന്ദ്ര ഏജൻസികൾ ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്. പ്രതി സാബിത്തിൻ്റെ പ്രാഥമികമായ ചോദ്യം ചെയ്യലിൽ അവയവ റാക്കറ്റിൻ്റെ വ്യാപ്‌തി വ്യക്തമാക്കുന്ന നിരവധി വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്.
25-ാം വയസിലാണ് പ്രതി സാബിത്ത് അവയവ റാക്കറ്റുമായി ബന്ധപ്പെടുന്നത്. ആദ്യം സ്വന്തം അവയവം നൽകി പണം സമ്പാദിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ അവയവ സംഘത്തിൻ്റെ ഏജൻ്റായാൽ കൂടുതൽ പണം നേടാമെന്ന് മനസിലാക്കിയതോടെയാണ് ഏജൻ്റാകാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് ശ്രീലങ്കയിൽ അടക്കം പ്രതി സന്ദർശനം നടത്തിയിരുന്നു.