മലപ്പുറം:കോഴ വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇടതുപക്ഷ എംഎൽഎമാർക്ക് സംഘപരിവാർ മുന്നണിയിലേക്ക് പോകാൻ കോഴ വാഗ്ദാനം ചെയ്തു എന്നറിഞ്ഞിട്ടും മുഖ്യമന്ത്രി മിണ്ടിയില്ല. അതിനെതിരെ ഒരന്വേഷണവും നടത്തിയില്ല. സംഘപരിവാറിന് വിഷമമുള്ള ഒരു കാര്യവും പിണറായി വിജയൻ ചെയ്യില്ലെന്ന് അദ്ദേഹം വിമർശിച്ചു. എൽഡിഎഫ് മുന്നണിയിൽ നിലവിൽ സംഘപരിവാർ മുന്നണിയിലുള്ള ആളുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേന്ദ്ര ഏജൻസികളുടെ കേസിനെ ഭയന്നാണ് മുഖ്യമന്ത്രി ഒന്നിലും ഇടപെടാത്തതെന്നും വിഡി സതീശൻ വിമർശിച്ചു. ഭയമാണ് മുഖ്യമന്ത്രിയെ ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എംഎൽഎമാർക്ക് കോഴ വാഗ്ദാനം ചെയ്യുന്നത് ക്രിമിനൽ കുറ്റമാണെന്ന് വിഡി സതീശൻ വ്യക്തമാക്കി. ഇക്കാര്യം അറിഞ്ഞിട്ടും മുഖ്യമന്ത്രി അത് മറച്ചുവെച്ചു. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിക്കെതിരെയും കേസെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.