തിരുവനന്തപുരം :മുഖ്യമന്ത്രിക്കും മകൾക്കും എതിരായ രണ്ട് സ്റ്റാറ്റ്യൂട്ടറി ഏജൻസികളുടെ അന്വേഷണം സംബന്ധിച്ച് സഭാനടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യത്തിൽ സഭ ഇളകി മറിഞ്ഞു. വിഷയം സ്‌പീക്കർ എ എൻ ഷംസീർ പ്രഖ്യാപിക്കുന്നതിനിടെ തന്നെ പ്രകോപിതരായി ഭരണപക്ഷം നടുത്തളത്തിന് സമീപത്തേക്ക് പാഞ്ഞു. എന്നാൽ നിയമസഭയുടെ നടപടി ക്രമം ചട്ടം 52 (9), 53 എന്നിവ പ്രകാരം കോടതിയുടേയോ ഏതെങ്കിലും സ്റ്റാറ്റ്യൂട്ടറി സമിതികളുടേയോ അർദ്ധ ജുഡീഷ്യൽ സമിതികളുടേയോ പരിഗണനയിലിരിക്കുന്ന വിഷയം നിയമസഭയിൽ ചർച്ച ചെയ്യാൻ പാടില്ലെന്ന് സ്‌പീക്കർ സഭയെ അറിയിച്ചു.
ഇതിന്‍റെ അടിസ്ഥാനത്തിൽ അവതരണാനുമതി നിഷേധിക്കുകയാണെന്ന് സ്‌പീക്കർ സഭയെ അറിയിച്ചു. പിന്നാലെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. കേരളത്തെ കൊള്ളയടിച്ച് പിവി ആൻഡ് കമ്പനി എന്ന ബാനർ പ്രതിപക്ഷം സ്‌പീക്കറുടെ ഇരിപ്പിടത്തിന് മുന്നിൽ പിടിച്ച് മുഖം മറച്ചു. ഇത് കണക്കിലെടുക്കാതെ സ്‌പീക്കർ അടുത്ത നടപടി ക്രമമായ ശ്രദ്ധ ക്ഷണിക്കലിലേക്ക് കടന്നു. ഇതോടെ പ്രതിപക്ഷം നിയമ സഭ ബഹിഷ്‌കരിച്ച് പുറത്തേക്ക് പോയി.
മുഖ്യമന്ത്രിയെയും കുടുംബത്തെയും സംബന്ധിച്ചുവന്നത് ഗുരുതര ആരോപണമാണെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. സഭയിൽ വരാതെ മുഖ്യമന്ത്രി ഒളിച്ചോടി. മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാൻ അദ്ദേഹം യോഗ്യനല്ല. സഭാനടപടികൾ തടസപ്പെടുത്തിയത് ഭരണപക്ഷമാണ്. ആർത്തിയെ പറ്റിയാണ് കഴിഞ്ഞ രണ്ട് ദിവസമായി മുഖ്യമന്ത്രിയുടെ സംസാരം. മുഖ്യമന്ത്രിക്ക് എതിരെ സഭയ്ക്ക് അകത്തും പുറത്തും സംസാരിക്കാൻ പറ്റാത്ത അവസ്ഥയാണ്.