പാലക്കാട്:ജില്ലയിലെവിവാദങ്ങളല്ലാതെ വികസനം ചർച്ചയാക്കാൻ പാലക്കാട്ടെ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾക്ക് താത്‌പര്യമില്ലെന്ന് എൻഡിഎ സ്ഥാനാർഥി സി കൃഷ്‌ണകുമാർ. തൃശൂർ മാതൃകയിൽ പാലക്കാട് എൻഡിഎയുടെ വിജയം ഉറപ്പാണെന്ന് കൃഷ്‌ണകുമാർ അറിയിച്ചു. പാലക്കാട് പ്രസ് ക്ലബ്ബിൻ്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് ജില്ലയിലെ വഖഫ് ഭൂമി ഏതെല്ലാം ആണെന്ന് വെളിപ്പെടുത്തി സാധാരണക്കാരുടെ ആശങ്ക നീക്കാൻ സർക്കാർ തയ്യാറാവണമെന്ന് അദ്ദേഹം വ്യക്തമാക്കി. പാലക്കാട് വികസന കാര്യങ്ങളിലല്ല എൽഡിഎഫിൻ്റെയും യുഡിഎഫിൻ്റെയും ശ്രദ്ധ, വിവാദങ്ങളിലാണ്. അതേസമയം പാലക്കാട് നഗരസഭ ഭരണത്തിൻ്റെ മികവ് ഉയർത്തിപ്പിടിച്ചാണ് എൻഡിഎ മത്സരിക്കുന്നതെന്നും സി കൃഷ്‌ണകുമാർ അറിയിച്ചു.
സി കൃഷ്‌ണകുമാർ സംസാരിക്കുന്നു (ETV Bharat) ദീർഘകാലം പാലക്കാട് എംപി ആയിരുന്ന എംബി രാജേഷിൻ്റേയും എംഎൽഎ ആയിരുന്ന ഷാഫി പറമ്പിലിൻ്റേയും നിലവിലെ എംപി വികെ ശ്രീകണ്‌ഠൻ്റേയും കഴിവുകേടിൻ്റെ ഫലം ജനങ്ങൾ അനുഭവിക്കുകയാണ്. വികസന വിഷയത്തിൽ സംവാദം നടത്താൻ ഷാഫി പറമ്പിലിനേയും എംബി രാജേഷിനേയും വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ജില്ലയിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കേണ്ടത് ഇപ്പോൾ കോൺഗ്രസിൽ ഷാഫി പറമ്പിലിൻ്റെ മാത്രം ആവശ്യമാണ്. വികെ ശ്രീകണ്‌ഠൻ ഉൾപ്പെടെ ഉള്ളവർക്ക് അതിൽ താത്‌പര്യമില്ല. സന്ദീപ് വാര്യർ ഉയർത്തിയ വിമർശനം ബിജെപിയിലെ തറവാട്ട് കാര്യമാണ്. കാരണവന്മാർ അത് പരിഹരിക്കും.
പാർട്ടി ആവശ്യപ്പെട്ടത് കൊണ്ട് മാത്രമാണ് താൻ മത്സരിക്കുന്നതെന്നും സി കൃഷ്‌ണകുമാർ വ്യക്തമാക്കി. പാർട്ടി പത്ത് തവണ മത്സരിക്കാൻ പറഞ്ഞാലും അതനുസരിക്കും. വഴിമാറാൻ ആവശ്യപ്പെട്ടാൽ അതും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരിക്കുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം വോട്ട് വർധിപ്പിക്കാൻ തനിക്ക് കഴിഞ്ഞിട്ടുണ്ട്. മുനമ്പം സമരത്തിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് താൻ ശ്രമിക്കുന്നത് എന്ന വാദം ശരിയല്ല. ന്യായമായ ആവശ്യമുന്നയിച്ചാണ് മുനമ്പത്ത് ആളുകൾ സമരം ചെയ്യുന്നത്. ആ വിഷയത്തിൽ നിലപാട് പറയാൻ പാലക്കാട്ടെ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾക്ക് ധൈര്യമില്ല. പാലക്കാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഏതെല്ലാമാണ് വഖഫ് ഭൂമി എന്ന് വെളിപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്ന് കൃഷ്‌ണകുമാർ പറഞ്ഞു.
Also Read:തെരഞ്ഞെടുപ്പില്‍ മുനമ്പം വിഷയമാക്കാന്‍ ബിജെപി; പാലക്കാട്ടെ സ്ഥാനാർത്ഥി മുനമ്പത്തെത്തും