പത്തനംതിട്ട:ഓണ്‍ലൈന്‍ വഴി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി അറസ്‌റ്റില്‍. കരുനാഗപ്പള്ളി സിയാ കോട്ടേജില്‍ മുഹമ്മദ് നിയാസ് (24) ആണ് അറസ്‌റ്റിലായത്. അടൂര്‍ സ്വദേശിനിയില്‍ നിന്നും 5.20 ലക്ഷം തട്ടിയെന്ന പരാതിയിലാണ് അറസ്‌റ്റ്. വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാമെന്ന് പരസ്യം നൽകിയ ശേഷമാണ് തട്ടിപ്പ്.
രാജ്യത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ഫോണിലേക്ക് അയച്ചു നല്‍കിയാണ് തട്ടിപ്പിന് തുടക്കമിടുന്നത്. പിന്നീട് ഹോട്ടലുകളെ കുറിച്ച് മികച്ച റിവ്യു ഇടാന്‍ നിർദേശിക്കും. തുടർന്ന് ആദ്യം 100 മുതല്‍ 1000 രൂപ വരെയുള്ള തുക തട്ടിപ്പ് സംഘം പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു നല്‍കാൻ നിർദേശം നൽകും.
ഇങ്ങനെ നൽകുന്ന തുകയ്‌ക്കൊപ്പം 50ഉം 100 ഉം രൂപ കൂട്ടി പണം തിരികെ നല്‍കുന്ന തരത്തിലാണ് തട്ടിപ്പിന്‍റെ ആദ്യ ഘട്ടം. ഇത്തരത്തില്‍ പണം ലഭിക്കുന്നവരുടെ വിശ്വാസം നേടിയെടുക്കുന്ന തട്ടിപ്പ് സംഘം പിന്നീട് കൂടുതല്‍ തുക ആവശ്യപ്പെടും. പണം ലഭിക്കും എന്ന വിശ്വാസത്തിൽ തട്ടിപ്പിനിരയാകുന്നവർ കൂടുതൽ പണം ഇറക്കും. ഇത്തരത്തിലാണ് അടൂര്‍ സ്വദേശിനിയുടെ പണവും നഷ്‌ടപ്പെട്ടത്.
ALSO READ:ബിസിനസുകാരനിൽ നിന്നും ഓൺലൈൻ തട്ടിപ്പിലൂടെ 43 ലക്ഷം രൂപ കൈക്കലാക്കി; 3 പേർ അറസ്‌റ്റിൽ - Online Fraud Case In Kozhikode
മുഹമ്മദ് നിയാസിന്‍റെ അക്കൗണ്ടിലേക്ക് പണം എത്തിയതായും ലക്ഷങ്ങള്‍ ഇത്തരത്തില്‍ ഇയാള്‍ പിന്‍വലിച്ചിട്ടുള്ളതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. എറണാകുളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു പ്രതി. ഇവിടെയിരുന്നാണ് നിയാസ് തട്ടിപ്പ് നടത്തുന്നതെന്നും പൊലീസ് പറഞ്ഞു.
പുറത്തുള്ളവരുടെ സഹായത്തോടെയാണ് നിയാസ് കേരളത്തില്‍ തട്ടിപ്പു നടത്തുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നൂറു കണക്കിന് ബാങ്ക് അക്കൗണ്ടുകളും ഫോണ്‍ നമ്പറുകളും ഇ മെയിലുകളും പരിശോധിച്ചാണ് പ്രതികളിലേക്ക് പൊലീസ് എത്തിയത്.
ദിവസങ്ങളോളം കാക്കനാട്, ഇന്‍ഫോപാര്‍ക്ക്, വരാപ്പുഴ എന്നിവിടങ്ങളില്‍ അതീവ രഹസ്യമായി അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. കൃത്യത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും നിരവധി ആളുകള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഇവരെ കണ്ടെത്തുന്നതിന് പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് പറഞ്ഞു. പ്രതിയെ കസ്‌റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവി വി. അജിത്തിന്‍റെ നിര്‍ദേശാനുസരണം ഡിവൈഎസ്‌പി ആര്‍.ജയരാജിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.