കാസർകോട് :കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമക്കാർ പറയുന്നതെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് ഓണത്തിന് നാട്ടിലെത്താൻ കാണം വിൽക്കേണ്ട അവസ്ഥയാണ് ഇപ്പോഴുളളത്. പല ട്രെയിനുകളിലും സ്ലീപ്പർ ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റിൽ 250 കടന്നു. ചെന്നൈ-മംഗളൂരു മെയിലിൽ 13ന് സ്ലീപ്പർ വെയ്റ്റിങ് ലിസ്റ്റ് 260 ആണ്.
ബെംഗളൂരുവിൽ നിന്നും കണ്ണൂർ വരെയുള്ള യശ്വന്ത്‌പൂർ എക്‌സ്‌പ്രസ് 12, 13, 14 തീയതികളിൽ സ്ലീപ്പർ വെയ്റ്റിങ് 204 കടന്നു. വിമാനത്തിലും ബസിലും ടിക്കറ്റിന് സാധാരണയെക്കാൾ മൂന്നിരട്ടിയാണ് ചാർജ് ഈടാക്കുന്നത്. രാജ്യത്തിന്‍റെ പ്രധാന നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിലെ സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ ജൂലൈ പകുതിയായപ്പോള്‍ തന്നെ തീര്‍ന്നു.
ജനറല്‍ കമ്പാര്‍ട്ടുമെന്‍റില്‍ കയറാമെന്ന് വിചാരിച്ചാല്‍ കാലുകുത്താന്‍ പോലും സ്ഥലം ലഭിക്കാത്ത സ്ഥിതായായിരിക്കും. സാധാരണ ദിവസങ്ങളില്‍ ബെംഗളൂരൂ-കണ്ണൂര്‍ റൂട്ടുകളില്‍ നോണ്‍ എസി ബസില്‍ 650 രൂപ മുതലും സെമി സ്ലീപ്പറില്‍ 800 രൂപ മുതലുമാണ് ടിക്കറ്റ് നിരക്കെങ്കില്‍ ഇപ്പോൾ 1200-2000 വരെ ആയി. ഓണത്തലേന്ന് നോണ്‍ എസിയില്‍ 2000 രൂപ നിരക്കാണ് പല സ്വകാര്യ ബസുകളും ഏര്‍പെടുത്തിയിരിക്കുന്നത്.
ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള എസി മള്‍ട്ടി ആക്‌സില്‍ സ്ലീപ്പര്‍ ബസുകളിലെ ടിക്കറ്റ് നിരക്ക് 4,000 മുതൽ 5,000 രൂപ വരെയായി ഉയര്‍ന്നു. നിലവില്‍ 13ന് ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് 2999 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓണത്തിനോടനുബന്ധിച്ച് കെഎസ്‌ആര്‍ടിസി 58 സ്‌പെഷ്യല്‍ ബസുകള്‍ പ്രഖ്യാപിച്ചെങ്കിലും 12, 13 ദിവസങ്ങളിലെ രാത്രി സര്‍വിസുകളിലെ ടിക്കറ്റുകളും ഇതിനകം വിറ്റഴിഞ്ഞു.
വിമാന ടിക്കറ്റിനും പൊള്ളും നിരക്കാണ്. മറ്റ് രാജ്യങ്ങളില്‍ നിന്നും പ്രധാന നഗരങ്ങളില്‍ നിന്നും കേരളത്തിലേക്കെത്താന്‍ വലിയ തുകയാണ് വിമാന കമ്പനികള്‍ ഈടാക്കുന്നത്. കഴിഞ്ഞ മാസം 15ന് ശേഷം അഞ്ചിരട്ടി വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
അതായത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സാധാരണ 12000 രൂപ മുതല്‍ 15000 രൂപയ്ക്ക് ലഭ്യമാകുന്ന ടിക്കറ്റുകള്‍ക്ക് ഒറ്റയടിക്ക് 50,000 രൂപയ്ക്ക് മുകളിലായി. പ്രവാസികളില്‍ നിന്ന് വിമാന കമ്പനികള്‍ നടത്തുന്ന കൊള്ള പല തവണ കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെടുത്തിയിട്ടും കാര്യമുണ്ടായിട്ടില്ല. അടുത്ത ആഴ്‌ച ബെംഗളൂരില്‍ നിന്നും കണ്ണൂരിലെത്താനുള്ള ഇന്‍ഡിഗോ വിമാന നിരക്ക് 5300 മുതല്‍ 8250 രൂപ വരെയാണ്.