കണ്ണൂര്‍: റമദാന്‍ കാലത്തെ പ്രധാന വിഭവങ്ങളായ പോളകള്‍ ഇന്ന് പലഹാര കടകളിലെ താരമായി മാറിയിരിക്കുകയാണ്. വടക്കേ മലബാറിലെ ഇഷ്‌ട പലഹാരങ്ങളാണ് കാരറ്റ് പോളയും കായപ്പോളയും. നിറത്തിലെ ആകര്‍ഷണീയതകൊണ്ടും രുചിയിലെ സവിശേഷതകൊണ്ടാണ് കാരറ്റ് പോളയും കായപ്പോളയും ജനപ്രിയമായിക്കൊണ്ടിരിക്കയാണ്.
എന്നാല്‍ ഇത് പാകം ചെയ്‌ത് രുചിയോടെ നല്‍കണമെങ്കില്‍ നല്ല വൈഭവം തന്നെ വേണം. ഇക്കാരണത്താല്‍ പോളകള്‍ ഉണ്ടാക്കാന്‍ എല്ലാവരും മിനക്കെടാറില്ല. എന്നാല്‍ രുചികരമായ പോളകള്‍ ഉണ്ടാക്കി ഭക്ഷണപ്രിയരുടെ മനസ് കീഴടക്കുകയാണ് പെരളശ്ശേരിയിലെ കെ എസ് ഇ ബി ഓഫിസിന് മുന്നിലെ മുസ്‌തഫ തട്ടുകട.
വായിലിട്ടാൽ അലിഞ്ഞ് പോകും കാരറ്റ് പോളയും കായപ്പോളയും (ETV Bharat) ഒരു പീസ് ക്യാരറ്റ് പോളക്ക് പത്ത് രൂപയാണ് വില. കായപ്പോളക്കും അത്രതന്നെ. പ്രതിദിനം പോള കഴിക്കാന്‍ അമ്പത് പേരെങ്കിലും ഇവിടെ എത്തുന്നുണ്ട്. ഈ തട്ടുകട നടത്തുന്ന എം നാസറിന്‍റെ കൈപുണ്യം നാട് രുചിച്ചറിയുകയാണ്. തട്ടുകടയിലെത്തിയും വീട്ടില്‍ കൊണ്ടു പോയി കുടുംബങ്ങള്‍ക്കൊപ്പം കഴിക്കാനും ആളുകള്‍ കൂടി വരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒരു ഫുള്‍ പോളക്ക് 90 രൂപയാണ് വില. 20 പീസ് ആണ് ഫുള്‍ പോളയിലുണ്ടാവുക. കാരറ്റ് പോളയും കായപ്പോളയും ഉണ്ടാക്കുന്ന രീതി ഒന്നു തന്നെയാണ്. കായപ്പോള നല്ല പഴുത്ത നേന്ത്രപഴം കൊണ്ടാണ് ഉണ്ടാക്കുക. നല്ല നിറമുള്ള മീഡിയം സൈസ് കാരറ്റ് വേണം പോള നിര്‍മ്മിക്കാന്‍. കാരറ്റ് കഷണങ്ങളായി മുറിച്ച് ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കണം.
വെന്ത് പാകമായാല്‍ പുറത്തെടുത്ത് വെള്ളം വാര്‍ത്ത് കളയണം. തുടര്‍ന്ന് വെന്ത കാരറ്റ് പെയ്സ്റ്റ് രൂപത്തിലാകും വരെ അരച്ചെടുക്കണം. ഇതില്‍ പഞ്ചസാര, പാല്‍ അല്ലെങ്കില്‍ പാല്‍പ്പൊടി എന്നിവയും ആവശ്യത്തിന് കോഴിമുട്ടയും ചേര്‍ത്ത് അടിച്ച് പരുവപ്പെടുത്തണം. കുറുക്ക് രൂപത്തിലായാല്‍ നെയ്യ് ചേര്‍ത്ത് ഇളക്കി ഏലക്കാ പൊടി, അണ്ടിപരിപ്പ്, ഉണക്ക് മുന്തിരി എന്നിവ ചേര്‍ക്കണം.
അരമണിക്കൂര്‍ ആവിയില്‍ വെന്തു കഴിഞ്ഞാല്‍ സുന്ദരവും രുചികരവുമായ കാരറ്റ് പോള റെഡി. ചൂടോടേയും അല്ലാതേയും കഴിക്കാമെന്ന പ്രത്യേകതയും പോള പലഹാരങ്ങള്‍ക്കുണ്ട്. പുതിയ പലഹാരങ്ങള്‍ എത്ര തന്നെ വന്നാലും അതിഥി സല്‍ക്കാരങ്ങള്‍ക്ക് പോളകള്‍ ഇന്നും വടക്കേ മലബാറിലെ പ്രിയതാരമാണ്.
Also Read:കാന്താരി മുളക് ഇങ്ങനെയൊന്ന് നട്ടു നോക്കൂ.... ഇനി തഴച്ചു വളരും, വീട്ടില്‍ തന്നെ കൃഷി ചെയ്യാം...