കേരളം

kerala

ETV Bharat / state

സമൃദ്ധിയുടെ പ്രതീകമായി നിറപുത്തരി; ഭക്തിസാന്ദ്രമായി തൃക്കടവൂർ ക്ഷേത്രത്തിലെ ചടങ്ങുകള്‍ - niraputhari pooja in kollam - NIRAPUTHARI POOJA IN KOLLAM

വിളവെടുത്ത നെല്ല് ഭഗവാന് സമർപ്പിച്ച് ഭക്തർ. ആചാരനുഷ്‌ഠാനത്തോടെയാണ് നിറപുത്തരി പൂജയ്ക്കായി നെൽക്കറ്റ ക്ഷേത്രത്തിലേക്ക് എത്തിക്കുന്നത്.

NIRAPUTHARI FESTIVAL  NIRAPUTHARI POOJA  KOLLAM THRIKKADAVOOR TEMPLE  നിറപുത്തരി ആഘോഷം
Niraputhari Festival In Kollam (ETV Bharat)

By ETV Bharat Kerala Team

Published : Aug 14, 2024, 2:59 PM IST

തൃക്കടവൂർ ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങുകള്‍ (ETV Bharat)

കൊല്ലം:കൃഷിസമൃദ്ധിക്കും നാടിനും ഭക്തർക്കും ഐശ്വര്യത്തിനുമായി ക്ഷേത്ര സന്നിധികളിൽ നിറപുത്തരി ആഘോഷം നടന്നു. മിക്കയിടത്തും നെൽക്കതിരുകൾ കൊണ്ടു പൂജയും പുത്തരി നെല്ല് കൊണ്ടുള്ള അവൽ നിവേദ്യവും സമർപ്പിച്ചു. കൊല്ലം തൃക്കടവൂർ ക്ഷേത്രത്തിൽ നടന്ന നിറപുത്തരി ചടങ്ങുകൾ ഭക്തിസാന്ദ്രമായി.

സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും ആഘോഷമായ നിറപുത്തരി നാളിൽ നെല്ലിനെയാണ് പൂജിക്കുക. കൃഷിയിൽ നല്ല വിളവിനും നാടിൻ്റെ സമൃദ്ധിക്കും വേണ്ടിയുള്ള പ്രാർഥന കൂടിയാണിത്. വിളവെടുത്ത നെല്ലിൻ്റെ ഒരു വിഹിതം ഭഗവാന് സമർപ്പിക്കുക എന്നതാണ് നിറപുത്തരിക്ക് പിന്നിലെ ഐതീഹ്യം.

വീട്ടിൽ ഐശ്വര്യവും അറയിലും പത്തായത്തിലും ധാന്യവും നിറയ്ക്കുന്ന ചടങ്ങാണ് നിറപുത്തരിയെന്ന് പഴമക്കാർ പറയുന്നു. ആദ്യം കൊയ്‌ത നെൽക്കറ്റയാണ് നിറപുത്തരിക്കായി ഭഗവാന് സമർപ്പിക്കുന്നത്. നെൽക്കറ്റ ആചാരനുഷ്‌ഠാനത്തോടെയാണ് നിറപുത്തരി പൂജയ്ക്കായി ക്ഷേത്രത്തിലേക്ക് എത്തിക്കുന്നത്.

അവ ശുദ്ധമാക്കി ക്ഷേത്രത്തിന് വലം വച്ച ശേഷം ശ്രീകോവിലിലേക്ക് എത്തിക്കും. ശേഷം ആലില, മാവില, നെല്ലി, ഇല്ലി, കാഞ്ഞിരം എന്നിവയുടെ ഇലകളോടുകൂടിയ നെൽക്കതിർ ഭക്തജനങ്ങൾക്ക് ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കുന്നു. ഇവ ഭക്തിയോടെ വീട്ടിലെ പൂജാമുറിയിലോ പൂമുഖത്തോ കെട്ടിത്തൂക്കിയാൽ ഐശ്വര്യം വന്നുചേരുമെന്നാണ് വിശ്വാസം. മൂധേവിയെ പുറത്താക്കി ഐശ്വര്യ ദേവതയായ ഭഗവതിയെ കുടിയിരുത്തുന്നു എന്നതാണ് നിറപുത്തരിക്ക് പിന്നിലെ സങ്കൽപ്പം.

ക്ഷേത്രത്തിനും നാടിനും സർവ്വ ഐശ്വര്യത്തിനായുള്ള നിറപുത്തരിക്കുള്ള നെൽക്കതിർക്കറ്റകൾ ആചാരങ്ങളോടെ കൊല്ലം തൃക്കടവൂർ ക്ഷേത്രത്തിലെത്തിച്ചു. കടവൂർ ഏലയിൽ വർഷങ്ങളായി നെൽകൃഷി നടത്തുന്ന കർഷകരുടെ നേത്യത്വത്തിലാണ് നിറപുത്തരിക്കായി നെൽ കറ്റകൾ കൃഷി ചെയ്‌തിരുന്നത്. എന്നാൽ ഇത്തവണ കൃഷിനാശം സംഭവിച്ചതിനാൽ കറ്റകൾ വാങ്ങിയാണ് ആചാരപ്രകാരം മേളങ്ങളുടെ അകമ്പടിയോടെ 'ഇല്ലം നിറ വല്ലം നിറ" എന്ന് ഉരുവിട്ടു കൊണ്ട് കർഷക പാരമ്പര്യവേഷത്തിൽ തല ചുമടായി കറ്റകൾ ക്ഷേത്രത്തിൽ എത്തിച്ചത്.

ക്ഷേത്രം അഡ്‌മിനിസ്ട്രേറ്റിവ് ഓഫിസറുടെ നേത്യത്വത്തിൽ കറ്റകൾ ഏറ്റുവാങ്ങി. ചടങ്ങിന് ശേഷം നെൽക്കതിരുകൾ ഭക്തർക്ക് നൽകി. മനുഷ്യന്‍റെ അധ്വാനത്തിന്‍റെ ഫലത്തെയാണ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നത്. അതുകൊണ്ടുതന്നെ കാർഷിക വൃത്തിക്കും കർഷകർക്കും ഉള്ള അംഗീകാരവും ആദരവും കൂടിയാണിത്. കർക്കടകത്തിലെ അമാവാസി കഴിഞ്ഞുള്ള ശുഭമുഹൂർത്തത്തിലാണ് ഇല്ലംനിറ.

Also Read: സന്നിധാനം ശരണ സാഗരം; ഭക്തി നിർഭരമായ ചടങ്ങുകളോടെ ശബരിമലയിൽ നിറപുത്തരി പൂജ

ABOUT THE AUTHOR

...view details