കേരളം

kerala

ETV Bharat / state

'നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ഇറാൻ ഇടപെടലിൽ പ്രതീക്ഷ'; ഹൂതി വിമത നേതാവുമായി കൂടിക്കാഴ്‌ച നടത്തി ഇറാൻ വിദേശകാര്യമന്ത്രി - NIMISHA PRIYA RELEASE UPDATE

കൊല്ലപ്പെട്ട യെമൻ പൗരന്‍റെ കുടുംബവുമായി നടത്തുന്ന ചർച്ചകൾ ഫലപ്രദമാകാൻ ഇറാൻ ഇടപെടൽ സഹായകമാവുമെന്ന് സേവ് നിമിഷ പ്രിയ ഫോറം കൺവീനർ ബാബു ജോൺ ഇടിവി ഭാരതിനോട് പറഞ്ഞു.

IRAN HOLDS TALKS WITH HOUTHI  SAVE NIMISHA PRIYA FORUM  നിമിഷ പ്രിയയുടെ മോചനം  IRAN FOREIGN MINISTER ABBAS
Nimisha Priya (Etv Bharat)

By ETV Bharat Kerala Team

Published : Feb 19, 2025, 4:55 PM IST

തിരുവനന്തപുരം:യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ഇറാൻ ഇടപെടലിൽ പ്രതീക്ഷയർപ്പിച്ച് സേവ് നിമിഷ പ്രിയ ഫോറം. യെമനിലെ വിമത വിഭാഗം ഹൂതി നേതാവ് അബ്‌ദുല്‍ സലാമുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി നടത്തിയ ചർച്ച നിമിഷയുടെ മോചനത്തിൽ നിർണായകമാവുമെന്നാണ് സേവ് നിമിഷ പ്രിയ ഫോറത്തിന്‍റെ വിലയിരുത്തൽ.

കൊല്ലപ്പെട്ട യെമൻ പൗരന്‍റെ കുടുംബവുമായി നടത്തുന്ന ചർച്ചകൾ ഫലപ്രദമാകാൻ ഇറാൻ ഇടപെടൽ സഹായകമാവുമെന്ന് സേവ് നിമിഷ പ്രിയ ഫോറം കൺവീനർ ബാബു ജോൺ ഇടിവി ഭാരതിനോട് പറഞ്ഞു. മസ്‌കറ്റിൽ വച്ച് ഇന്ത്യ, ഇറാൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്‌ച നടത്തിയിരുന്നു. വിഷയത്തില്‍ ഇടപെടാൻ ഇന്ത്യ ഇറാനോട് അഭ്യര്‍ഥിച്ചിരുന്നു.

ഈ കൂടികാഴ്‌ചയില്‍ നിമിഷ പ്രിയയുടെ ജയിൽ മോചനം ചർച്ചയായതോടെയാണ് ഹൂതി വിമത നേതാവുമായി ഇറാൻ ചർച്ച നടത്തിയത്. യെമനുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്താണ് നിമിഷ പ്രിയയ്‌ക്ക് സംഭവിച്ചത്?

2017 ലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയക്കെതിരെയുള്ള കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. തലാൽ അബ്‌ദുല്‍ മഹ്ദിയെന്ന യമൻ സ്വദേശിയെ കൊലപ്പെടുത്തിയെന്നതാണ് കേസ്. വിവാഹ ശേഷം 2012ലാണ് നിമിഷ യെമനിൽ നഴ്‌സ് ആയി ജോലി ചെയ്യാൻ എത്തുന്നത്. ഭർത്താവ് ടോമിയും യെമനിൽ ജോലിക്കായി എത്തിയിരുന്നു.

യെമൻ പൗരൻ തലാല്‍ അബ്‌ദുല്‍ മഹ്ദിയുടെ പാർട്ടണർഷിപ്പിൽ ക്ലിനിക്ക് തുടങ്ങിയതാണ് നിമിഷയുടെ ജീവിതം കാരാഗൃഹത്തിലാകാന്‍ കാരണമായത്. ക്ലിനിക്ക് ആരംഭിച്ച ശേഷം ഭർത്താവും മകളും നാട്ടിലേക്ക് വന്നെങ്കിലും ഇതിനിടയിൽ യെമനിൽ യുദ്ധം പൊട്ടി പുറപ്പെട്ടതിനാൽ നിമിഷക്ക് തിരിച്ച് വരാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് നിമിഷ യെമൻ പൗരന്‍റെ കുരുക്കിൽ കുടുങ്ങിയത്.

നിമിഷയും യെമൻ സ്വദേശിയായ മറ്റൊരു പെൺകുട്ടിയും തലാല്‍ അബ്‌ദുല്‍ മഹ്ദിയുടെ ശാരീരികവും മാനസികമായ പീഡനത്തിനിരയാവുകയായിരുന്നു. ഇവരുടെ പാസ്പോർട്ട് ഉൾപ്പടെ തലാൽ പിടിച്ചെടുത്തു. ഇയാളുടെ ശല്യം സഹിക്കവയ്യാതെയാണ് മയക്കുമരുന്ന് കുത്തിവച്ച് പാസ്പോർട്ടുമായി നിമിഷയും യെമൻ വനിതയും രക്ഷപെട്ടത്.

എന്നാൽ പൊലീസ് പിടികൂടിയ ഇവരെ ജയിലിൽ അടച്ചു. ഇതിനിടെ താലാലിന്‍റെ മൃതദേഹം ഇവരുടെ ക്ലിനിക്കിൽ നിന്നും ലഭിച്ചതോടെ കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്യുകയായിരുന്നു. തലാലിനെ താൻ കൊലപ്പെടുത്തിയിട്ടില്ലെന്ന് യെമൻ വിചാരണ കോടതിയെ ബോധ്യപ്പെടുത്താൻ നിമിഷയ്ക്ക് കഴിഞ്ഞില്ല.

ഇതോടെയാണ് നിമിഷ പ്രിയയെ വധശിക്ഷയ്ക്കും യെമനി വനിതയെ ജീവപര്യന്തം തടവിനും ശിക്ഷിച്ചത്. ഇതിനെതിരെ നിമിഷ നൽകിയ അപ്പീൽ വിചാരണ കോടതി തള്ളുകയായിരുന്നു. ഇതിനുപിന്നാലെ യെമൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സുപ്രീം കോടതിയും അപ്പീൽ തള്ളി. ഇതോടെയാണ് നിമിഷയുടെ ജീവന്‍ തന്നെ അപകടത്തിലായത്.

കൊല്ലപ്പെട്ട വ്യക്തിയുടെ അവകാശികൾ മാപ്പ് നൽകിയാൽ മാത്രമേ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ഇനി നിമിഷ പ്രിയക്ക് കഴിയുകയുള്ളൂ. കൊല്ലപ്പെട്ട വ്യക്തിയുടെ അവകാശികൾക്ക് നഷ്‌ടപരിഹാരമായി ബ്ലഡ് മണി നൽകി മോചിപ്പിക്കാനുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി മകളുടെ മോചന ശ്രമത്തിനായി മാസങ്ങളായി യെമനിൽ തുടരുകയാണ്

Also Read:നിമിഷ പ്രിയയുടെ മോചനം; ഏകപ്രതീക്ഷ ഇറാന്‍റെ ഇടപെടലെന്ന് അഭിഭാഷകന്‍, 'ഹൂതികളുമായി ഇന്ത്യയ്ക്ക് ബന്ധമില്ലാത്തത് വെല്ലുവിളി'

ABOUT THE AUTHOR

...view details