ആലപ്പുഴ: തനിക്കെതിരെ ഉയര്‍ന്ന കോഴ ആരോപണങ്ങള്‍ നിഷേധിച്ച് കുട്ടനാട് എംഎൽഎയും എന്‍സിപി നേതാവുമായ തോമസ് കെ തോമസ്. ആരോപണങ്ങള്‍ക്ക് പിന്നില്‍ ആന്‍റണി രാജു ആണെന്നും തോമസ് ആരോപിച്ചു. എന്‍സിപി അജിത് പവാര്‍ പക്ഷത്തില്‍ ചേരാന്‍ ആന്‍റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും തോമസ് കെ തോമസ് 50 കോടി വീതം വാഗ്‌ദാനം ചെയ്‌തു എന്നായിരുന്നു ആരോപണം.
തോമസ് കെ തോമസ് മന്ത്രിയാകില്ലെന്ന് ആൻ്റണി രാജു പറഞ്ഞു. ഞങ്ങൾ ടോർപിഡോ വച്ചിട്ടുണ്ട് എന്ന് ആന്‍റണി രാജു പലരോടും പറഞ്ഞു എന്ന് തോമസ് കെ തോമസ് ആരോപിച്ചു. ആൻ്റണി രാജു മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആൻ്റണി രാജുവിന് തന്നോടുള്ള വിരോധത്തിൻ്റെ കാരണം അറിയില്ല. തൻ്റെ ജ്യേഷ്‌ഠൻ തോമസ് ചാണ്ടിയെ ഏറ്റവും കൂടുതൽ ദ്രോഹിച്ചതും ആൻ്റണി രാജു ആണ്. സംഭവത്തില്‍
അന്വേഷണം വേണമെന്നും തോമസ് കെ തോമസ് ആവശ്യപ്പെട്ടു.
മന്ത്രിയാകും എന്ന് വരുമ്പോഴാണ് ഗൂഡാലോചന വെളിയിൽ വരുന്നത്. ആരാണ് തന്നെ വേട്ടയാടുന്നത് എന്നറിയില്ല. 100 കോടിയുടെ വിഷയം ചർച്ച ചെയ്യുന്നത് നിയമസഭയുടെ ലോബിയിൽ വച്ചാണോ എന്നും അദ്ദേഹം ചോദിച്ചു. ഈ വിഷയത്തിൽ കോവൂർ കുഞ്ഞുമോൻ ശക്തമായി മറുപടി പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി തന്നെ അവിശ്വസിക്കുന്നതായി തോന്നിയിട്ടില്ലയെന്നും തോമസ് കെ തോമസ് പറഞ്ഞു.
വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം. സിറ്റിങ് ജഡ്‌ജി അന്വേഷിക്കണം എന്നാണ് ആഗ്രഹം. തൻ്റെ ഫോൺ രേഖകളും പരിശോധിക്കട്ടെ എന്നും തോമസ് പറഞ്ഞു.
പാർട്ടിക്കുള്ളിൽ നിന്ന് അല്ല ഗൂഡാലോചന. പാർട്ടിയുമായി ബന്ധമുള്ള പുറത്തുള്ളവർ ഗൂഡാലോചന നടത്തി എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
താൻ ശരദ് പവാറിനൊപ്പമാണ് എന്നും തോമസ് വ്യക്തമാക്കി. ക്ലോക്ക് ചിഹ്നത്തിൽ മത്സസരിച്ച താനും ശശീന്ദ്രനും അജിത് പവാറിൻ്റെ കൂടെയാകേണ്ടതാണ്. തങ്ങളെ വേണമെന്ന് അജിത് പവാർ പറഞ്ഞിട്ടില്ല. അജിത് പവാറിൻ്റെ ഏതെങ്കിലും മീറ്റിങ്ങിൽ പങ്കെടുത്തതായി കണ്ടിട്ടുണ്ടോ എന്നും തോമസ് ചോദിച്ചു.
മന്ത്രിസ്ഥാനം നിഷേധിച്ചിട്ടില്ലെന്നും ഉപതെരഞ്ഞെടുപ്പ് കാരണം
കാത്തിരിക്കാനാണ് പറഞ്ഞതെന്നും തോമസ് പറഞ്ഞു. എന്‍സിപിയുടെ മന്ത്രിയെ തീരുമാനിക്കുന്നത് ശരദ് പവാറാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയെ പൂർണ വിശ്വാസമാണെന്നും തൻ്റെ കത്തിന് മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചിട്ടില്ലെന്നും തോമസ് പറഞ്ഞു. പി.സി ചാക്കോ മുഖ്യമന്ത്രിയുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി നല്ല മനുഷ്യനാണ്. താൻ കാണിക്കുന്ന കൂറിന് തിരികെ സ്നേഹം കിട്ടുന്നില്ലെന്ന പരാതി തനിക്കില്ലെന്നും തോമസ് പറഞ്ഞു.
നിങ്ങളുടെ മന്ത്രിയെ നിങ്ങൾക്ക് തീരുമാനിക്കാം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
എന്നാൽ ചില പരാതികൾ ലഭിച്ചിട്ടുണ്ട് എന്ന് പറഞ്ഞു, കാത്തിരിക്കാൻ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിന് ശേഷം തോമസ് കെ തോമസ് മന്ത്രിയാകും. നൂറ് ശതമാനം ഉറപ്പാണ്. ആൻ്റണി രാജു മാനസികമായി തനിക്ക് അടുപ്പമുള്ള ആളല്ലെന്നും തോമസ് കെ തോമസ് പറഞ്ഞു. ആരൊക്കെ കൈവിട്ടാലും ദൈവം കൂടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: 'കുതിര കച്ചവടം കേരളത്തിലെത്തിയത് അപമാനകരം'; കോഴ ആരോപണത്തില്‍ പ്രതികരിച്ച് ബിനോയ് വിശ്വം