പത്തനംതിട്ട:പിപി ദിവ്യയ്ക്ക് മുൻകൂര്‍ ജാമ്യം നിഷേധിച്ച കോടതി വിധി ആശ്വാസമെന്ന് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ. വിധിയിൽ സന്തോഷിക്കാനുള്ള അവസരമല്ല ഇതെന്നും എന്നാൽ ആശ്വാസം നൽകുന്ന വിധിയാണിതെന്നും ഭാര്യ പ്രതികരിച്ചു. ആത്മഹത്യാപ്രേരണ കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടും പിപി ദിവ്യയയെ അറസ്റ്റ് ചെയ്യാതിരുന്നതിനെതിരെയും മഞ്ജുഷ വിമര്‍ശനം ഉന്നയിച്ചു
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കണ്ണൂര്‍ ജില്ല കലക്‌ടർക്കെതിരെയും വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. യാത്രയയപ്പ് യോഗത്തിൽ ഇത്തരം പരാമര്‍ശം ഉന്നയിക്കുവാൻ പാടില്ലായിരുന്നുവെന്ന് പറഞ്ഞ് ജില്ല കലക്‌ടര്‍ക്ക് ഇടപെടാമായിരുന്നുവെന്ന് മഞ്ജുഷ പറഞ്ഞു. നവീൻ ബാബുവിൻ്റെ പോസ്റ്റുമോർട്ടവും ഇൻക്വസ്റ്റും ബന്ധുക്കൾ എത്തുന്നതിന് മുമ്പ് നടത്തിയതിൽ വീഴ്‌ച വന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് അവർ പറഞ്ഞു.
നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ മാധ്യമങ്ങളോട് (ETV Bharat) സ്റ്റാഫ് കൗൺസിൽ നടത്തിയ യോഗത്തിൽ പിപി ദിവ്യ വന്ന് സംസാരിച്ചതിലും പ്രാദേശിക ചാനലുകാരെക്കൊണ്ട് വീഡിയോ എടുക്കാൻ അനുവദിച്ചതിലും കലക്‌ടർ ഇടപെടേണ്ടതായിരുന്നു. റവന്യു വകുപ്പിൽ ഏറ്റവും നന്നായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു നവീൻ ബാബു. അത് അദേഹത്തിനൊപ്പം മുമ്പ് ജോലി ചെയ്‌ത പിബി നൂഹ് ഐഎഎസ്, ദിവ്യ ഐഎഎസ് എന്നിവരടക്കം പറഞ്ഞിട്ടുള്ളതാണ്.
പിപി ദിവ്യ പരസ്യമായി അപമാനിച്ചതിനെപ്പറ്റി നവീൻ ബാബു ഏറെ ദുഃഖിതനായിരുന്നു. പെട്രോൾ പമ്പിൻ്റെ ഫയൽ അദ്ദേഹം മനഃപൂർവം തടഞ്ഞ് വച്ചതല്ലെന്നും ടൗൺ പ്ലാനിങിൽ നിന്നുള്ള റിപ്പോർട്ട് ലഭിക്കാനുണ്ടായ കാലതാമസമായിരുന്നുവെന്ന് ഇപ്പോൾ ബോധ്യമായിട്ടുണ്ട്. നവീൻ ബാബുവിൻ്റെ മരണം കൊലപാതകമാണെന്ന സംശയമുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് എല്ലാ സാധ്യതകളും പരിശോധിക്കപ്പെടണം എന്നാണ് മഞ്ജുഷ പ്രതികരിച്ചത്.
Also Read:പിപി ദിവ്യ കസ്റ്റഡിയില്‍; കീഴടങ്ങിയോ പിടികൂടിയോ എന്ന് വെളിപ്പെടുത്താതെ പൊലീസ്