തിരുവനന്തപുരം:അച്ചടക്ക ലംഘനത്തിന് സംസ്ഥാന ചീഫ് സെക്രട്ടറിയിൽ നിന്നും ലഭിച്ച ചാർജ് മെമ്മോയ്ക്ക് വിശദീകരണം തേടി സസ്പെൻഷനിൽ കഴിയുന്ന എൻ പ്രശാന്ത് ഐഎഎസ്. പരാതിയില്ലാതെ മെമ്മോ നൽകിയ നീക്കത്തിനെതിരെയാണ് എൻ പ്രശാന്തിൻ്റെ അസാധാരണ നടപടി. ചീഫ് സെക്രട്ടറിയുടെ മറുപടിക്ക് ശേഷമേ ചാർജ് മെമ്മോയ്ക്ക് മറുപടി നൽകുവെന്ന നിലപാടിലാണ് എൻ പ്രശാന്ത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഐഎഎസ് ഉദ്യോഗസ്ഥരായ ജയ് തിലകും ഗോപാലകൃഷ്‌ണനും തൻ്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പരാതി നൽകിയിട്ടില്ല, പരാതിക്കാരൻ ഇല്ലാതെ ചാർജ് മെമ്മോ നൽകിയതെന്തിന്? സസ്പെൻഷന് മുൻപ് തൻ്റെ ഭാഗം കേൾക്കാത്തത് എന്ത് കൊണ്ട്? തൻ്റെ ഫേസ്‍ബുക്ക് പോസ്റ്റുകൾ ആരാണ് ശേഖരിച്ചത്? ഏത് അക്കൗണ്ടിൽ നിന്നാണ് ഇതു ശേഖരിച്ചത്? ഏത് ഉദ്യോഗസ്ഥനാണ് ഇതു ശേഖരിച്ചത്? സ്വകാര്യ വ്യക്തി ശേഖരിച്ചതാണെങ്കിൽ എങ്ങനെ സർക്കാർ ഫയലിൽ ഈ വിവരങ്ങൾ കടന്നു കൂടി? തൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വ്യാജമാണോയെന്ന് ഉറപ്പു വരുത്തിയോ? എന്നീ ചോദ്യങ്ങൾ ഉയർത്തിയാണ് ചീഫ് സെക്രട്ടറിക്ക് എൻ പ്രശാന്ത് കത്ത് നൽകിയത്.
അഡിഷണൽ ചീഫ് സെക്രട്ടറി ജയ്‌തിലക്, വ്യവസായ വകുപ്പ് ഡയറക്‌ടർ കെ ഗോപാലകൃഷ്‌ണൻ എന്നിവരെ മാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ പ്രശാന്തിനെ സസ്‌പെൻഡ് ചെയ്‌തത്. പിന്നാലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ വകുപ്പ് തല നടപടികളുടെ ഭാഗമായി ചാർജ് മെമ്മോ നൽകുകയായിരുന്നു.
Also Read:വയനാട് ടൗൺഷിപ്പിനായി സർക്കാരിന് ഭൂമി ഏറ്റെടുക്കാം; ഉത്തരവിട്ട് ഹൈക്കോടതി