തിരുവനന്തപുരം: ബാർ കോഴ ആരോപണങ്ങളെ നിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിഷയത്തിൽ എക്സൈസ് മന്ത്രി രാജിവെക്കേണ്ട കാര്യമില്ല. മദ്യ നയത്തിൽ ആലോചനയോ ചർച്ചയോ നടന്നിട്ടില്ലെന്നും എല്ലാവരോടും ഫണ്ട് പിരിച്ചതിനോടൊപ്പം ബാർ ഉടമകളോടും പിരിച്ചിട്ടുണ്ടാകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
മദ്യ നയത്തിൽ ചർച്ച പോലും നടന്നിട്ടില്ല. വ്യാജ പ്രചാരണത്തിൽ അന്വേഷണം വേണമെന്നാണ് എക്സൈസ് മന്ത്രി ആവശ്യപ്പെട്ടത്. ഡ്രൈ ഡേ ഒഴിവാക്കുന്ന കാര്യത്തിൽ പാർട്ടി തീരുമാനമെടുത്തിട്ടില്ല. ഡ്രൈ ഡേ ആവശ്യം ഉയർന്നിട്ടുണ്ട്. യുഡിഎഫിന്‍റെ നിലപാട് ഇടതുപക്ഷത്തിനില്ല. എല്ലാവരോടും ഫണ്ട് പിരിക്കുന്നത് പോലെ ബാർ ഉടമകളോടും പിരിച്ചിട്ടുണ്ടാകാം. പണം പിരിച്ചിട്ടില്ല എന്ന് താൻ പറയുന്നില്ല. നയ രൂപീകരണത്തിന് ആരുടേയും ഭാഗത്തു നിന്ന് പണം വാങ്ങുന്ന പ്രസ്ഥാനമല്ല ഇടതുപക്ഷ മുന്നണിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.