ഇടുക്കി: മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ യുവാക്കൾ അഭ്യാസ പ്രകടനം നടത്തിയ വാഹനം പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്. തെലങ്കാനയില്‍ നിന്നും മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തിയ യുവാക്കൾ സഞ്ചരിച്ച തെലങ്കാന രജിസ്ട്രേഷനിലുള്ള വാഹനമാണ് പിടികൂടിയത്. കാറിന്‍റെ ഡോറിൽ ഇരുന്നായിരുന്നു യുവാവിന്‍റെ അഭ്യാസപ്രകടനം.
ദൃശ്യം പ്രചരിക്കപ്പെട്ടതോടെ അഭ്യാസപ്രകടനം നടത്തിയ വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ഇടുക്കി എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡിന്‍റെ നേതൃത്വത്തില്‍ ദേവികുളത്ത് വെച്ചാണ് വാഹനം പിടികൂടിയത്. വാഹനം മൂന്നാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വാഹനത്തിന്‍റെ ഡ്രൈവറോട് തൊടുപുഴ ഇന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒ മുന്‍പാകെ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു.
ഇടുക്കി എൻഫോഴ്സ്മെന്‍റ് ആർടിഒയുടെ സ്പെഷ്യൽ സ്ക്വാഡിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർ ലൂയിസ് ഡിസൂസ, അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർമാരായ ഫിറോസ് ബിൻ ഇസ്‌മായിൽ, ബിനു കൂരാപ്പിള്ളി എന്നിവരാണ് വാഹനം പിടിച്ചെടുത്തത്.