കാസർകോട് :വടക്കേ മലബാറിലെ തെയ്യങ്ങളിൽ അതി സുന്ദരിയാണ് മുച്ചിലോട്ട് ഭഗവതി. സർവാഭരണ വിഭൂഷിതയായി, സുന്ദരിയായി അണിഞ്ഞൊരുങ്ങിയാണ് ഈ തെയ്യം കളിയാട്ട മുറ്റത്തേക്ക് ഇറങ്ങുക. ഭൂരിഭാഗം ക്ഷേത്രങ്ങളിലും ഒരു മുച്ചിലോട്ട് ഭഗവതി മാത്രമാണ് ഉണ്ടാകുക. എന്നാൽ നീലേശ്വരം പുതുക്കൈ ഭഗവതി ക്ഷേത്രത്തിൽ ഒരേ സമയം രണ്ടു മുച്ചിലോട്ട് ഭഗവതിമാർ തിരുമുറ്റത്തെത്തുന്ന പ്രത്യേകതയുണ്ട്.
അപൂർവമായി മാത്രമേ രണ്ടു മുച്ചിലോട്ട് ഭഗവതിമാർ ഒരേ സമയം എത്തുകയുളളു. 19 വർഷത്തിന് ശേഷമാണ് പുതുക്കൈ ഭഗവതി ക്ഷേത്രത്തിൽ പെരുങ്കളിയാട്ടം നടക്കുന്നത്. ചെത്തിപ്പൂ മാലകൊണ്ട് അലങ്കരിച്ച് വർണ മുടി അണിഞ്ഞു തിരുമംഗല്യത്തിന് ഒരുങ്ങിയ നിത്യ കന്യകയ്ക്ക് മുന്നിലേക്ക് മഞ്ഞ ചരടിൽ കോർത്ത താലിയുമായി അന്തിത്തിരിയനും, അരിയും വെറ്റിലയുമടങ്ങിയ തളികയുമായി ആചാരക്കാരും കൊയ്‌മയുമെത്തും.
എല്ലാത്തിനും നിർദേശങ്ങൾ നൽകി കരിവെള്ളൂർ വലിയച്ഛനും ഉണ്ടാകും. ജന്മഗണകന് കൊടിയിലയിൽ അരിയും പൂവും നൽകി മുഹൂർത്തം നോക്കും. താലിയുമായി എത്തിയ അന്തിത്തിരിയന് വാലായ്‌മ എന്ന് കൂട്ടത്തിൽ നിന്നും വിളിച്ചു പറഞ്ഞതോടെ തൃകല്യാണം മുടങ്ങും. അങ്ങനെ നിത്യ കന്യകയായ ദേവിയെ ആചാരക്കാരും വല്യക്കാരും അരിയെറിഞ്ഞു സ്വീകരിക്കും, ഇതാണ് ചടങ്ങ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക