കണ്ണൂര്‍: നിരീക്ഷണത്തിൽ ഇരുന്ന ഒരാൾക്ക് കൂടി എം പോക്‌സ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ പാനൂർ സ്വദേശിക്കാണ് പുതിയതായി എം പോക്‌സ് സ്ഥിരീകരിച്ചത്. കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലിരിക്കെയാണ് എം പോക്‌സ് സ്ഥിരീകരിച്ചത്.
അബുദാബിയിൽ നിന്ന് നാട്ടിലെത്തിയ വയനാട് സ്വദേശിക്ക് എം പോക്‌സ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പാനൂര്‍ സ്വദേശിക്ക് എം പോക്‌സ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിരോധം ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എം പോക്‌സ് സ്ഥിരീകരിച്ച രണ്ട് പേരും കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ റൂട്ട് മാപ്പ് ഉടന്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ ഐസൊലേഷന്‍ സംവിധാനം ക്രമീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
രോഗ പകർച്ച
- കൊവിഡ് പോലെ വായുവിലൂടെ പകരുന്ന രോഗമല്ല എംപോക്‌സ്. രോഗബാധിതരുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.
- രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്‌പർശിക്കുക, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക, ചുംബിക്കുക, രോഗി ഉപയോഗിച്ച കിടക്ക, വസ്ത്രം എന്നിവ ഉപയോഗിക്കുക എന്നിവയിലൂടെ രോഗം പകരാനുള്ള സാധ്യത കൂടുതലാണ്.
- മറുപിള്ള വഴി അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് ജനന സമയത്ത് രോഗ സംക്രമണം നടക്കാം.
- മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴിയാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.
പ്രതിരോധം
- രോഗ ലക്ഷണങ്ങൾ പ്രകടമായ ശേഷമാണ് പ്രധാനമായും രോഗം പകരുന്നത്. അതിനാൽ ലക്ഷണങ്ങൾ ഉണ്ടായാൽ മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ ശ്രദ്ധിക്കണം.
- വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണം എന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിർദേശം.
- രോഗ ബാധിതരുമായി അടുത്തിടപഴകുന്നവരും രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗ ബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും അണുബാധ നിയന്ത്രണ മുൻകരുതലുകൾ എടുക്കണം.
Also Read:സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ പടർന്ന് പിടിച്ച് മുണ്ടിനീര്; ആശങ്കയില്‍ രക്ഷിതാക്കൾ