കാസർകോട് :ജനിച്ചിട്ട് ദിവസങ്ങൾ മാത്രമായ ഒരു കുഞ്ഞ് വിശന്നു കരയുന്നത് ഏതൊരു അമ്മയ്ക്കും സഹിക്കില്ല. അമ്മയുടെ വേർപാടറിയാതെ മുലപ്പാലിനായി നിലവിളിച്ച പിഞ്ചുകുഞ്ഞിനെ മുലയൂട്ടി കാസർകോട് ജനറൽ ആശുപത്രിയിലെ നഴ്‌സിങ് ഓഫിസർ മെറിൻ ബെന്നി. വ്യാഴാഴ്‌ചയാണ് കാസർകോട് ജനറൽ ആശുപത്രിയിലെ മോർച്ചറിക്ക് മുന്നിൽ പോസ്റ്റ്‌മോർട്ടത്തിനായി ഒരു മൃതദേഹം എത്തിയത്.
ഓരോ ദിവസവും നിരവധി മൃതദേഹങ്ങൾ മോർച്ചറിക്ക് മുന്നിൽ എത്താറുണ്ടെങ്കിലും ഇത് അങ്ങനെ ആയിരുന്നില്ല. മൃതദേഹത്തിനരികിൽ 37 ദിവസം മാത്രം പ്രായമായ കുഞ്ഞിൻ്റെ വിശന്നിട്ടുള്ള കരച്ചിൽ കണ്ടു നിന്നവരെയും ആശുപത്രി അധികൃതരെയും സങ്കടത്തിലാക്കി. മരിച്ച അസം സ്വദേശിനിയുടെ മൃതദേഹത്തിനരികെ നിന്ന ബന്ധുക്കളുടെ കൈയിൽനിന്ന് വാവിട്ടു നിലവിളിക്കുകയായിരുന്നു കുഞ്ഞ്.
വിശപ്പടക്കാൻ എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങിയ ബന്ധുക്കൾക്ക് മുൻപിലേക്കാണ് മെറിൻ എത്തുന്നത്. കുഞ്ഞിനെ ബന്ധുക്കളുടെ കയ്യിൽ നിന്നും വാങ്ങി മുലയൂട്ടുകയായിരുന്നു. ഒരുവയസുള്ള കുഞ്ഞിൻ്റെ അമ്മകൂടിയാണ് മെറിൻ. ദിവസങ്ങൾ മാത്രമായ കുഞ്ഞിൻ്റെ കരച്ചിൽ കേട്ടപ്പോൾ തൻ്റെ കുട്ടിയുടെ മുഖമാണ് ഓർമയിൽ വന്നതെന്ന് മെറിൻ പറഞ്ഞു.