എറണാകുളം:മോൺസൻ മാവുങ്കൽ മുഖ്യ പ്രതിയായ പുരാവസ്‌തു തട്ടിപ്പ് കേസിൽ രണ്ടാം ഘട്ട കുറ്റപത്രവും, മൂന്നാം ഘട്ട കുറ്റപത്രവും കോടതിയിൽ സമർപ്പിച്ച് അന്വേഷണ സംഘം. എറണാകുളം എസിജെഎം കോടതിയിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. വിവിധ വർഷങ്ങളിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസുകളിലാണ് മൂന്ന് ഘട്ടങ്ങളിലായി കുറ്റപത്രം സമർപ്പിച്ചത്.
മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഭാര്യ ബിന്ദുലേഖ, ഐജി ലക്ഷ്‌മണ, ശിൽപ്പി സന്തോഷ് എന്നിവർക്കെതിരായ കുറ്റപത്രമാണ് സമർപ്പിച്ചത്. കെ. സുധാകരൻ ഉൾപ്പെടെയുള്ളവർ പ്രതിയായ ആദ്യഘട്ട കുറ്റപത്രം ക്രൈം ബ്രാഞ്ച് നേരത്തെ സമർപ്പിച്ചിരുന്നു.
ഈ കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് രണ്ടും മൂന്നും ഘട്ടങ്ങളിലെ കുറ്റപത്രം ക്രൈംബ്രാഞ്ച് സമർപ്പിച്ചത്. മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഭാര്യ ബിന്ദുലേഖ എന്നിവർക്കെതിരെയാണ് രണ്ടാം ഘട്ട കുറ്റപത്രം സമർപ്പിച്ചത്. ഐജി ലക്ഷ്‌മണ, ശിൽപ്പി സന്തോഷ് എന്നിവരാണ് മൂന്നാം ഘട്ട കുറ്റപത്രത്തിലെ പ്രതികൾ.
മൂന്ന് കുറ്റപത്രങ്ങളിലും ഒന്നാം പ്രതി മോൺസൻ മാവുങ്കലാണ്. വ്യാജ പുരാവസ്‌തു കാണിച്ച് മുഖ്യപ്രതിയായ മോൺസൻ പത്ത് കോടി രൂപ പരാതിക്കാരിൽ നിന്ന് തട്ടിയെടുത്തു എന്നാണ് കേസ്. പൊലീസ് ഉദ്യോഗസ്ഥർ പണം വാങ്ങിയതിന് തെളിവില്ല. എന്നാൽ മോൺസന് പണം നൽകാൻ പരാതിക്കാരെ പ്രേരിപ്പിച്ചു എന്നാണ് കുറ്റപത്രത്തിൽ ഐജി ലക്ഷ്‌മണക്കെതിരായ ആരോപണം.
മുൻ ഡിഐജി എസ് സുരേന്ദ്രൻ്റെയും, ഭാര്യ ബിന്ദുലേഖയുടെയും സാന്നിധ്യത്തിലാണ് പരാതിക്കാർ മോണ്‍സന് പണം നൽകിയതെന്നും, ഇരുവരും മോണ്‍സന് പണം നൽകാൻ പ്രേരിപ്പിച്ചുവെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. വ്യാജ പുരാവസ്‌തുക്കള്‍ ആണെന്നറിഞ്ഞിട്ടും അതുപയോഗിച്ചുള്ള തട്ടിപ്പിന് ശില്‍പ്പി സന്തോഷ് കൂട്ടുനിന്നുവെന്നും ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.