ന്യൂഡൽഹി: നിമിഷ പ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്‍റ് ശരിവച്ച സംഭവം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. സാധ്യമായ എല്ലാ സഹായവും കേന്ദ്ര സർക്കാർ നൽകുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. 'നിമിഷ പ്രിയയ്ക്ക് യെമനിൽ വധശിക്ഷ വിധിച്ചത് ഞങ്ങൾ അറിഞ്ഞിട്ടുണ്ട്. പ്രിയയുടെ കുടുംബം പ്രസക്തമായ വഴികൾ അന്വേഷിക്കുകയാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. സർക്കാർ. ഇക്കാര്യത്തിൽ സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്'- എംഇഎ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ യെമൻ പ്രസിഡന്‍റ് അനുമതി നൽകിയത്. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കാനാണ് സാധ്യത. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്‌ദു മെഹ്ദിയുടെ കുടുംബവുമായും അദ്ദേഹത്തിന്‍റെ ഗോത്ര തലവന്മാരുമായും മാപ്പപേക്ഷക്കുള്ള ചർച്ചകൾക്ക് ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. തുടര്‍ന്നാണ് ശിക്ഷ നടപ്പാക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തലാല്‍ അബ്‌ദു മെഹ്ദി എന്ന യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയെ വധശിക്ഷക്ക് വിധിച്ചത്. 2017 ല്‍ ആണ് കേസിനാസ്‌പദമായ സംഭവം. 2012 ല്‍ ആണ് നിമിഷ പ്രിയ നഴ്‌സായി യെമനില്‍ എത്തിയത്. സനയിലെ ഒരു ക്ലിനിക്കില്‍ നഴ്‌സായിരുന്ന നിമിഷ 2014 ല്‍ തലാല്‍ അബ്‌ദു മഹ്ദിയുമായി പരിചയത്തിലായി. 2015 ല്‍ നിമിഷയും തലാലും ചേർന്ന് അവിടെ ഒരു ക്ലിനിക്ക് ആരംഭിച്ചു. ക്ലിനിക്ക് ലാഭത്തിലായതോടെയാണ് തലാലിന്‍റെ ഉപദ്രവം തുടങ്ങിയത്.