തിരുവനന്തപുരം:സംസ്ഥാനത്ത് കുട്ടികളുടേയും മുതിർന്നവരുടേയും കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രദേശത്ത് കോളറ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. മാത്രമല്ല ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിലേയും മെഡിക്കൽ കോളജിലേയും സംഘങ്ങൾ സ്ഥലം സന്ദർശിച്ച് തുടർനടപടികൾ സ്വീകരിച്ചു. ജില്ലാ റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. എല്ലാ ജല സ്രോതസുകളിൽ നിന്നും വെള്ളത്തിന്‍റെ സാമ്പിളുകളും വിവിധ ഭക്ഷണ സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ രോഗം ബാധിച്ചവരെ ഐരാണിമുട്ടത്തെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. കൂടുതൽ രോഗികളെത്തിയാൽ പരിചരണമൊരുക്കാനുള്ള സംവിധാനങ്ങളുമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു. കെയർ ഹോമിലുള്ള ചിലർ വീടുകളിൽ പോയതിനാൽ അവരെ കണ്ടെത്തി നിരീക്ഷിച്ചു വരുന്നു. സ്ഥാപനത്തിന്‍റെ തന്നെ സ്‌കൂളിലെ കുട്ടികളുടേയും ജീവനക്കാരുടേയും പട്ടിക തയ്യാറാക്കി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.