കേരളം

kerala

ETV Bharat / state

പണമില്ലാത്തതിന്‍റെ പേരിൽ ഇനി ഒരു വിദ്യാർഥിയും വിനോദയാത്ര പോകാതിരിക്കരുത്; 'മന്ത്രി അപ്പൂപ്പന്‍റെ' പുതിയ തീരുമാനത്തിന് കയ്യടിച്ചു സോഷ്യൽ മീഡിയ - MINISTER V SIVANKUTTY FB POST

വിനോദ യാത്രകള്‍ക്ക് സ്‌കൂളുകളില്‍ നിന്ന് അമിത പണം ഈടാക്കുന്നുവെന്ന് മന്ത്രി. കുട്ടികള്‍ക്കൊപ്പം യാത്ര പോകുന്ന അധ്യാപകരുടെയും മറ്റും പണം കണ്ടെത്തേണ്ടത് പിടിഎ കമ്മറ്റികളോ സ്റ്റാഫ് മാനേജ്‌മെന്‍റോ ആണെന്നും മന്ത്രി പോസ്റ്റില്‍.

MINISTER V SIVANKUTTY  MINISTER V SIVANKUTTY ON STUDY TOUR  വി ശിവന്‍കുട്ടി എഫ്‌ബി പോസ്റ്റ്  LATEST NEWS MALAYALAM
Minister V Sivankutty (Official FB Account)

By ETV Bharat Kerala Team

Published : Nov 28, 2024, 3:10 PM IST

സ്‌കൂളുകളില്‍ നിന്ന് പഠനയാത്രയോ വിനോദയാത്രയോ അനൗണ്‍സ് ചെയ്‌താല്‍, ആ സമയം മുതല്‍ കുട്ടികള്‍ ഉത്സാഹത്തിലായിരിക്കും. യാത്ര പോകുന്ന ദിവസവും കാത്ത്, അന്ന് ധരിക്കേണ്ട ഉടുപ്പ്, കൊണ്ടുപോകേണ്ട ബാഗ്, കയ്യില്‍ കരുതേണ്ട ഭക്ഷണ സാധനങ്ങള്‍ എന്നിവയെല്ലാം മനസില്‍ കണക്കുകൂട്ടിയിരിക്കുന്ന നാളുകള്‍.

എന്നാല്‍ ഇതൊന്നും ഇല്ലാത്ത ചില കുട്ടികളും ക്ലാസില്‍ ഉണ്ടാകും. വിനോദയാത്ര പോകാന്‍ പണമില്ലാതെ, തന്‍റെ ബുദ്ധിമുട്ട് സുഹൃത്തുക്കള്‍ അറിയാതിരിക്കാന്‍ അസുഖമോ, ബന്ധുവിന്‍റെ വിവാഹമോ ഒക്കെ കാരണം പറഞ്ഞ് പാടുപെടുന്ന കുട്ടികള്‍.

ഇത്തരം കുട്ടികളെ ചേര്‍ത്തുപിടിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കുറിച്ച ഫേസ്‌ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. മന്ത്രിയുടെ പോസ്റ്റിനോട് പ്രതികരിച്ചും അദ്ദേഹത്തെ അഭിന്ദിച്ചും നിരവധി പേരാണ് കമന്‍റ് ബോക്‌സില്‍ എത്തിയിട്ടുള്ളത്.

വി ശിവന്‍കുട്ടിയുടെ പോസ്റ്റ്:പഠനയാത്രയ്ക്ക് പണം ഇല്ല എന്ന കാരണത്താൽ സ്‌കൂളിലെ ഒരു കുട്ടിയെപ്പോലും യാത്രയിൽ ഉൾപ്പെടുത്താതിരിക്കാൻ പാടുള്ളതല്ല.

സ്‌കൂളുകളിൽ പഠനയാത്രകൾ, സ്‌കൂളുകളിലെ വ്യക്തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പിൽ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിന്മേൽ ഒരാഴ്‌ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറെ ചുമതലപ്പെടുത്തി.

സ്‌കൂൾ പഠനയാത്രകൾ, വിനോദയാത്രകൾ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മാത്രമല്ല, ഇതിന് വൻതോതിലുള്ള തുകയാണ് ചില സ്‌കൂളുകളിൽ നിശ്ചയിക്കുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നൽകാൻ കഴിയാതെ അവരിൽ മാനസിക പ്രയാസം ഉണ്ടാക്കുന്നു. ആയതിനാൽ പഠനയാത്രകൾ എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ ക്രമീകരിക്കണം.

സ്‌കൂളുകളിലെ പഠനയാത്രയോടൊപ്പം അകമ്പടിയായി പോകുന്ന അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാ ചെലവ് ബന്ധപ്പെട്ട പി.ടി.എ. കമ്മിറ്റികളോ സ്റ്റാഫ് മാനേജ്മെൻ്റ് കമ്മിറ്റികളോ വഹിക്കേണ്ടതാണ്.

സ്‌കൂളുകളിൽ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ജന്മദിനംപോലുള്ള വ്യക്തിഗത ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടികൾക്ക് സമ്മാനങ്ങൾ നൽകാൻ കുട്ടികൾ നിർബന്ധിതരാകുന്നു. സമ്മാനങ്ങൾ കൊണ്ട് വരാത്ത കുട്ടികളെ വേർതിരിച്ച് കാണുന്ന പ്രവണതയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആയതിനാൽ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങൾ ഒഴിവാക്കുന്നതിന് സ്‌കൂൾ അധികാരികൾ കർശന നടപടി സ്വീകരിക്കണം.

മന്ത്രി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്ക് പിന്തുണ നല്‍കി നിരവധി കമന്‍റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിനോദ യാത്രയ്‌ക്ക് പുറമെ സ്‌കൂള്‍ ബസുകളുടെ ഫീസിലെ കാര്‍ക്കശ്യം, പിടിഎ ഫണ്ട് ഉള്‍പ്പെടെയുള്ള ഫീസുകള്‍ ക്ലാസില്‍ മറ്റു കുട്ടികള്‍ക്ക് മുന്നില്‍വച്ച് അധ്യാപകര്‍ ചോദിക്കുന്നത് എന്നീ പ്രവണതകള്‍ തടയാനും ഇടപെടല്‍ വേണമെന്നടക്കം ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം വിഷയങ്ങള്‍ സ്‌കൂളുകളില്‍ കൃത്യമായി നടപ്പിലാക്കണമെന്നും കമന്‍റില്‍ ചിലര്‍ പറയുന്നു.

ഷെറിന്‍ ജോര്‍ജ് എന്ന അക്കൗണ്ടില്‍ നിന്നും വന്ന കമന്‍റ് : 'കൂടുതൽ ഒന്നും പറയാനില്ല.

ഈ വിഷയത്തിൽ നമുക്ക് പ്രോപ്പർ ആയി ഒരു SOP വേണം. അതിൽ പറയുന്ന Rules and regulations കൃത്യമായി പാലിക്കാൻ സ്‌കൂൾ അധികൃതർക്ക് നിർദേശവും കൊടുക്കണം. അതിൽ എന്തെങ്കിലും exceptions വേണം എങ്കിൽ അത് ഇരുന്ന് ചർച്ച ചെയ്‌ത് തീരുമാനിക്കണം. ആ തീരുമാനം ജില്ലാ വിദ്യാഭ്യാസ വകുപ്പ് അല്ലെങ്കിൽ ഡയറക്‌ടർ അറിയണം. അപ്പ്രൂവൽ കിട്ടണം

ഈ വിഷയങ്ങളെപറ്റി ആഴത്തിൽ ചിന്തിച്ച്, എല്ലാവരെയും പരിഗണിച്ചു കൊണ്ടുള്ള തീരുമാനങ്ങൾ വരണം. അത് കൃത്യമായി പാലിക്കുകയും വേണം. ഇതുപോലെ പലതും ഉണ്ട്‌.

കണക്കില്ലാതെ പിരിക്കുന്ന സ്‌കൂളുകളോട് പിരിച്ച ഡീറ്റെയിൽസ് ചോദിക്കണം. അതിൽ നികുതി പോലെ ഒരു ചെറിയ ശതമാനം വിദ്യാഭ്യാസ വകുപ്പിന് കൊടുക്കാൻ പറയണം. അത് പാവങ്ങളായ മക്കൾക്ക്‌ പഠന സാധനങ്ങൾ വാങ്ങി കൊടുക്കാൻ ഉപയോഗിക്കാം. ഇതൊക്കെ ഒഴിവാക്കണം എങ്കിൽ മുകളിൽ പറഞ്ഞ ആ SOP പാലിക്കുക. അത് സ്‌കൂളുകളുടെ ഇഷ്ട്ടം. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഒപ്പിട്ടു SOP ഇമെയിൽ ആയി ഓരോ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിനും കൊടുക്കുക. സർക്കാർ ഒരു ആളെ നിയമിക്കുക.

നല്ല മിടുക്കി ഒരു സ്ത്രീ ആകട്ടെ.. അവർ പോയി സ്‌കൂളുകളിൽ PTA, അധ്യാപകരെ വിളിച്ചു SOP വിവരിക്കുക.

പഠന യാത്ര

വിനോദ യാത്ര

ആഘോഷങ്ങൾ

പിരിവുകൾ

PTA ഫണ്ട്

അഡ്‌മിഷൻ ഫീസ്

അങ്ങനെ പലതും ശ്രദ്ധിക്കാൻ ഉണ്ട്‌.

എല്ലാം വേണം. വേണ്ടാ എന്നല്ല പക്ഷേ മറ്റൊരാളുടെ വികാരങ്ങളെ കൂടി മാനിക്കണം. സ്‌കൂൾ ഒരു പരിശുദ്ധമായ സ്ഥലമാണ്. അവിടെ പഠിക്കുന്ന കുട്ടികൾ എല്ലാവരും തുല്യരാണ്. അവരുടെ മാതാപിതാക്കളും. അവിടെ താരതമ്യം, തരം താഴ്ത്തൽ, ജാതി, മതം, സമ്പത്ത് ഒന്നും സംസാരത്തിൽ പോലും വരാൻ പാടില്ല.

അഭിനന്ദനങ്ങൾ....

സർക്കാരിനൊപ്പം... 🙂

ABOUT THE AUTHOR

...view details