എറണാകുളം :ഇത്തവണത്തെ സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്‌സ് മാതൃകയിൽ. കായികമേള എറണാകുളം ജില്ലയിലും സംസ്ഥാന സ്‌കൂൾ കലോത്സവം തിരുവനന്തപുരം ജില്ലയിലും സംഘടിപ്പിക്കുമെന്ന് വിദ്യഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കേരളം എപ്പോഴും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
കേരള സ്‌കൂൾ ഒളിമ്പിക്‌സ് കൊച്ചി ട്വന്‍റി ഫോർ എന്ന പേരിൽ നവംബർ 4 മുതൽ 11 വരെയാണ് സംഘടിപ്പിക്കുന്നത്. സംസ്ഥാന സ്‌കൂൾ കായികോത്സവം ഓരോ നാല് വർഷം കൂടുമ്പോഴും ഒളിമ്പിക്‌സ് മാതൃകയിൽ നടത്തുന്നതാണ്. രാജ്യത്ത് ആദ്യമായാണ് സ്‌കൂൾ കായികോത്സവം ഒളിമ്പിക്‌സ് മാതൃകയിൽ സംഘടിപ്പിക്കുന്നത്. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾക്കുവേണ്ടി രാജ്യത്ത് ആദ്യമായി ഇൻക്ലൂസീവ് സ്‌പോർട്‌സ് കായികോത്സവത്തിന്‍റെ ഭാഗമായി ഈ വർഷം അതിന് ആരംഭം കുറിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
സ്‌കൂൾ ഒളിമ്പിക്‌സിൽ അണ്ടർ, ഫോർട്ടീൻ, സെവന്‍റീൻ, നൈന്‍റീൻ എന്നീ കാറ്റഗറികളിൽ 41 കായിക ഇനങ്ങളിൽ ആൺകുട്ടികളും പെൺകുട്ടികളുമായി 24,000 കായിക പ്രതിഭകൾ മത്സരിക്കുന്നു. ഏഴ് ദിവസം പകലും രാത്രിയുമായി നടക്കുന്ന കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ പതിനായിരത്തോളം മത്സരങ്ങളാണ് നടക്കുന്നത്. ഇത് ലോകത്തിലെ ഏറ്റവും വലിയ കൗമാര കായിക മേള ആയിരിക്കും. ആധുനിക യുഗത്തിൽ ജാതി, മത, വർണങ്ങൾക്കതീതമായി മാനവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മനുഷ്യരെ കൂട്ടിയോജിപ്പിക്കുന്ന മഹത്തായ സന്ദേശം ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ കായിക ഉത്സവമാണ് ഒളിമ്പിക്‌സ്.
ഒളിമ്പിക്‌സിനെ വരവേൽക്കുന്നതിനും ഒളിമ്പിക്‌സിന്‍റെ പ്രാധാന്യം വിദ്യാർഥികളെ അറിയിക്കുന്നതിനുമായി ജൂലൈ 27ന് രാവിലെ 09.30ന് എല്ലാ സ്‌കൂളുകളിലും സ്‌പെഷ്യൽ അസംബ്ലി സംഘടിപ്പിക്കും. കൂടാതെ എല്ലാ വിദ്യാലയങ്ങളിലും സ്‌കൂൾ ഒളിമ്പിക്‌സ് പ്രഖ്യാപന ദീപശിഖ തെളിയിക്കും.
63ാമത് കേരള സ്‌കൂൾ കലോത്സവം: കലാകേരളത്തിന്‍റെ ഏറ്റവും വലിയ പ്രദർശന മാമാങ്കമായ 63ാമത് കേരള സ്‌കൂൾ കലോത്സവം 2024 ഡിസംബർ 03 മുതൽ 07 വരെ തിരുവനന്തപുരത്ത് വച്ച് നടത്താൻ തീരുമാനിച്ചു. 24 വേദികളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. സംസ്‌കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. 2015ലാണ് അവസാനമായി തിരുവനന്തപുരത്ത് വച്ച് സംസ്ഥാന കലോത്സവം നടന്നത്.
കേരളത്തിനകത്തും പുറത്തുനിന്നുമുള്ള 350തോളം പ്രഗത്ഭരായ വ്യക്തികളെയാണ് വിധി നിർണയത്തിന് കണ്ടെത്തുന്നത്. വിധി കർത്താക്കളുടെ വിധിനിർണയത്തിനെതിരെ തർക്കം ഉന്നയിക്കുന്ന ഘട്ടത്തിൽ അത്തരം ഇനങ്ങളിൽ അന്തിമ തീരുമാനം എടുക്കുന്നതിന് വേണ്ടി സംസ്ഥാനതല അപ്പീൽ കമ്മിറ്റി രൂപീകരിക്കുന്നതാണ്.
കലോത്സവത്തിന്‍റെ സുഗമമായ നടത്തിപ്പിനായി അംഗീകൃത അധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. സംസ്ഥാന കലോത്സവത്തിന് മുന്നോടിയായി സ്‌കൂൾതല മത്സരങ്ങൾ സെപ്‌റ്റംബർ മാസത്തിലും സബ് ജില്ലാതല മത്സരങ്ങൾ ഒക്‌ടോബർ രണ്ടാം വാരത്തിനുളളിലും ജില്ലാതല മത്സരങ്ങൾ നവംബർ ആദ്യവാരവും പൂർത്തിയാക്കും.