വനം മന്ത്രി മാധ്യമങ്ങളോട് കോഴിക്കോട് : വയനാട്ടിലെ പ്രശ്‌നം പരിഹരിക്കാൻ ഊർജിത ശ്രമം നടക്കുന്നതായി വനം മന്ത്രി എ കെ ശശീന്ദ്രൻ (AK Saseendran). മയക്കുവെടി വയ്‌ക്കാനുള്ള ഉത്തരവ് ഉടൻ ഇറങ്ങും. റേഡിയോ കോളർ സിഗ്നൽ ലഭിക്കാൻ കാലതാമസം ഉണ്ടായി എന്നുള്ളത് സത്യമാണ്. റേഡിയോ കോളർ സിഗ്നൽ ശേഖരിക്കാൻ പ്രോട്ടോക്കോൾ ഉണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി (Wayanad Mananthavady elephant attack).
അതേസമയം ആളെക്കൊല്ലി കാട്ടാന മാനന്തവാടി ജനവാസ മേഖലയില്‍ തന്നെയുണ്ടെന്നാണ് വിവരം. അതുകൊണ്ടുതന്നെ മാനന്തവാടി മുനിസിപ്പാലിറ്റിയിലെ കുറുക്കൻമൂല, കുറുവ, കാടൻ കൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയാണ് കര്‍ണാടകയില്‍ നിന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ച മോഴയാന ജനവാസ മേഖലയില്‍ എത്തിയത്.
സുഹൃത്തിന്‍റെ വീടിന് മുന്നില്‍ വച്ചായിരുന്നു അജിയെ കാട്ടാന ആക്രമിച്ചത്. വീടിന്‍റെ ഗേറ്റ് പൊളിച്ച് മുറ്റത്തേക്ക് കയറിയ ആന അജിയെ ആക്രമിക്കുകയായിരുന്നു. കാട്ടാനയെ വെടിവച്ച് കൊല്ലണമെന്നാവശ്യപ്പെട്ട് മാനന്തവാടിയിൽ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജിയുടെ മൃതദേഹവുമായാണ് നാട്ടുകാർ നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
Also Read: മാനന്തവാടിയില്‍ പ്രതിഷേധാഗ്നി, ഹർത്താല്‍: അജിയുടെ മൃതദേഹവുമായി ജനം തെരുവില്‍
മാനന്തവാടി നഗരത്തിലെ എല്ലാ റോഡുകളും പ്രതിഷേധക്കാർ ഉപരോധിച്ചു. വനംവകുപ്പ് അധികൃതർ സംഭവ സ്ഥലത്തെത്താത്തതില്‍ വലിയ പ്രതിഷേധമാണ് ഉയർന്നത്. വയനാട് ജില്ല പൊലീസ് മേധാവിയെ വഴിയില്‍ തടഞ്ഞും ഗോ ബാക്ക് വിളിച്ചും നാട്ടുകാർ പ്രതിഷേധിച്ചു. കലക്‌ടർ രേണുരാജിന് നേരെയും പ്രതിഷേധം ഉണ്ടായി.