എറണാകുളം :തൃശൂർ ,പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ നേരിയ ഭൂചലനം. രാവിലെ 8.16 നാണ് ഭൂചലനമുണ്ടായത്. റിക്‌ടർ സ്കെയിലിൽ മൂന്ന് തീവ്രത രേഖപ്പെടുത്തിയതായി ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. തൃശൂർ ജില്ലയിലെ കുന്നംകുളം, വെള്ളറക്കാട്, മുണ്ടൂർ, എരുമപ്പെട്ടി കരിയന്നൂർ,വെള്ളത്തേരി, വേലൂർ, നെല്ലിക്കുന്ന് ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്. പാലക്കാട്ട് തിരുമിറ്റക്കോട്,കുമരനെല്ലൂര്‍, ആലത്തൂര്‍ മേഖലയിലുമാണ് ഭൂചലനം ഉണ്ടായത്.
മൂന്ന് മുതൽ നാല് സെക്കന്‍റ് വരെ പ്രകമ്പനം നീണ്ടുനിന്നു. ചില വീടുകളിൽ പാത്രങ്ങൾ ഇളകുകയും വീട്ടുപകരണങ്ങൾ താഴെ വീഴുകയും ചെയ്‌തു. വലിയ മുഴക്കത്തോടെയായിരുന്നു ഭൂമി കുലുക്കം. ഇതോടെ ആളുകൾ പരിഭ്രാന്തരായി വീടിന് പുറത്തേക്ക് ഓടുകയായിരുന്നു. ഭൂചലനത്തിൽ നാശനഷ്‌ടങ്ങളോ ആളപായമോ ഉള്ളതായി വിവരം ലഭിച്ചിട്ടില്ല.