കേരളം

kerala

ETV Bharat / state

കൊച്ചിയിൽ ഇനി മെട്രോ കണക്‌ട് ബസുകള്‍; റൂട്ടും നിരക്കുകളും ഇങ്ങനെ - METRO CONNECT ELECTRIC BUSES

പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയിലാണ് ഇ-ബസുകള്‍ സജ്ജമാക്കിയിരിക്കുന്നത്. 33 സീറ്റുകളാണ് ബസിലുള്ളത്.

KOCHI METRO  ELECTRIC BUSES SERVICES  മെട്രോ കണക്‌ട്  ഇലക്‌ട്രിക് ബസുകള്‍
Metro Connect Electric Buses (ETV Bharat)

By

Published : Jan 10, 2025, 5:26 PM IST

എറണാകുളം:കൊച്ചി നഗരത്തിലെ വിവിധ മെട്രോ സ്റ്റേഷനുകളില്‍ നിന്നുള്ള മെട്രോ കണക്‌ട് ബസുകള്‍ അടുത്ത ആഴ്‌ച മുതൽ സർവീസ് ആരംഭിക്കും. പതിനഞ്ച് ഇലക്‌ട്രിക് ബസുകളാണ് സര്‍വീസ് ആരംഭിക്കുന്നത്. വിവിധ റൂട്ടുകളിലേക്ക് നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് മെട്രോ കണക്‌ട് പ്രാവർത്തികമാക്കുന്നത്.

മെട്രോ കണക്‌ട് ഇലക്‌ട്രിക് ബസ് റൂട്ട്

കളമശേരി - മെഡിക്കല്‍ കോളജ്, ഹൈക്കോര്‍ട്ട് - എംജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര - കെപി വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് വാട്ടര്‍മെട്രോ - ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്രാ പാര്‍ക്ക്, കളക്‌ടറേറ്റ് എന്നീ റൂട്ടുകളിലാണ് തുടക്കത്തില്‍ ഇലക്‌ട്രിക് ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്‌ത ഇലക്‌ട്രിക് ബസാണ് മെട്രോ കണക്‌ടിനായി സർവീസ് നടത്തുന്നത്.

മെട്രോ കണക്‌ട് ടിക്കറ്റ് ചാർജ്ജ്

ആലുവ - എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രക്ക് മിനിമം 20 രൂപയുമാണ് നിരക്ക്. കൊച്ചി മെട്രോ സ്റ്റേഷനിലേക്കുള്ള ഫസ്റ്റ് മൈല്‍ - ലാസ്റ്റ് മൈല്‍ കണക്‌ടിവിറ്റി വര്‍ധിപ്പിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് 15 ഇലക്‌ട്രിക് ബസുകള്‍ കൊച്ചി മെട്രോക്കായി സര്‍വീസ് നടത്തുന്നത് എന്ന് കെഎംആർഎൽ മനേജിങ് ഡയറക്‌ടർ ലോക്‌നാഥ് ബെഹ്റ പറഞ്ഞു.

Metro Connect Electric Buses (ETV Bharat)
Metro Connect Electric Buses (ETV Bharat)

പരിസ്ഥിതി സൗഹൃദം

ഏറ്റവും സുഖകരമായ യാത്രക്കായി പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയിലാണ് ഇ ബസുകള്‍ സജ്ജമാക്കിയിരിക്കുന്നത്. 33 സീറ്റുകളാണ് ബസിലുള്ളത്. മുട്ടം, കലൂര്‍, വൈറ്റില, ആലുവ എന്നിവിടങ്ങളിലാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉള്ളത്. ഡിജിറ്റല്‍ പേയ്‌മെൻ്റ് വഴിയാണ് ടിക്കറ്റ് ബുക്കിങ്. ക്യാഷ് ട്രാന്‍സാക്ഷനും ഉണ്ട്. യുപിഐ വഴിയും റുപേ, ഡെബിറ്റ് കാർഡ്, കൊച്ചി 1 കാർഡ് എന്നിവ വഴിയും പേയ്‌മെൻ്റ് നടത്താം.

എയര്‍പോര്‍ട്ട് റൂട്ടില്‍ നാല് ബസുകളും കളമശേരി റൂട്ടില്‍ രണ്ട് ബസുകളും ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ ഒരു ബസും കളക്‌ടറേറ്റ് റൂട്ടില്‍ രണ്ട് ബസുകളും ഹൈക്കോര്‍ട്ട് റൂട്ടില്‍ മൂന്നു ബസുകളും കടവന്ത്ര റൂട്ടില്‍ ഒരു ബസുമാണ് സര്‍വീസ് നടത്തുന്നത് എന്ന് കൊച്ചി മെട്രോ അഡീഷണൽ ജനറൽ മാനേജർ (അർബൻ ട്രാൻസ്പോർട്ട്) ഗോകുൽ ടിജി പറഞ്ഞു.

Metro Connect Electric Buses (ETV Bharat)

രാവിലെ 6.45ന് ആദ്യ സർവീസ്

എയര്‍പോര്‍ട്ട് റൂട്ടില്‍ തിരക്കുള്ള സമയങ്ങളില്‍ 20 മിനിറ്റ് ഇടവേളകളിലും തിരക്കില്ലാത്ത സമയങ്ങളില്‍ 30 മിനിറ്റും ഇടവിട്ട് സര്‍വീസുകള്‍ ഉണ്ടാകും. രാവിലെ 6.45 മുതല്‍ സര്‍വീസ് ആരംഭിക്കും. രാത്രി 11 മണിക്കാണ് എയര്‍പോർട്ടില്‍ നിന്ന് ആലുവയിലേക്കുള്ള അവസാന സര്‍വീസ്. കളമശേരി - മെഡിക്കല്‍ കോളജ് റൂട്ടില്‍ 30 മിനിറ്റ് ഇടവിട്ട് സര്‍വീസ് ഉണ്ടാകും.

രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയാണ് സര്‍വീസ്. കാക്കനാട് വാട്ടർ മെട്രോ - കിൻഫ്രാ - ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ രാവിലെ 8 മണി മുതല്‍ വൈകിട്ട് 7 മണി വരെ 25 മിനിറ്റ് ഇടവിട്ട് സര്‍വീസ് ഉണ്ടാകും. കാക്കനാട് വാട്ടർ മെട്രോ -കളക്‌ടറേറ്റ് റൂട്ടില്‍ 20 മിനിറ്റ് ഇടവിട്ട് രാവിലെ 8 മണി മുതല്‍ വൈകിട്ട് 7.30 വരെ സര്‍വീസ് ഉണ്ടാകും.

ഹൈക്കോര്‍ട്ട് - എംജി റോഡ് സര്‍ക്കുലര്‍ റൂട്ടില്‍ 10 മിനിറ്റ് ഇടവിട്ട് രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയും കടവന്ത്ര കെപി വള്ളോന്‍ റോഡ് - പനമ്പിള്ളി നഗർ റൂട്ടില്‍ 25 മിനിറ്റ് ഇടവിട്ട് രാവിലെ 9 മണിമുതല്‍ വൈകിട്ട് 7.30 വരെയുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

Read More: ഫിഷ് കട്‌ലറ്റും റെഡി ടു ഈറ്റ് ചെമ്മീൻ റോസ്റ്റും ഇനി വീട്ടുപടിക്കലെത്തും; കുന്ദമംഗലത്ത് സഞ്ചരിക്കുന്ന മത്സ്യ വിപണനശാല - FIRST MOBILE FISH MARKET

ABOUT THE AUTHOR

...view details