തിരുവനന്തപുരം: ക്രിസ്‌മസ് - പുതുവത്സര ആഘോഷങ്ങളിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് ഇറച്ചി വിഭവങ്ങൾ. സപ്ലൈക്കോ വഴി പലചരക്ക് സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കാൻ ക്രിസ്‌മസ് - പുതുവത്സര വിപണിയും സർക്കാർ തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇറച്ചിയുടെ വില വർധനവ് ക്രിസ്‌മസ് കാലത്ത് സാധാരണകാർക്ക് ഇരുട്ടടിയാണ്.
പതിവ് പോലെ ഇത്തവണയും വിപണിയിലെ പ്രമാണി മട്ടൺ തന്നെയാണ്. ക്രിസ്‌മസ് തലേന്ന് പോലും 1000 രൂപയാണ് മട്ടന്‍റെ വില. അര കിലോയ്ക്ക് 500 രൂപയാണ് വില. മട്ടൺ കഴിക്കാൻ ഹോട്ടലുകളെ ആശ്രയിക്കാമെന്ന് കരുതിയാലും രക്ഷയില്ല. ഒരു പ്ലേറ്റ് മട്ടൺ കറിക്ക് ശരാശരി 600 മുതൽ 700 രൂപ വരെയാണ് തിരുവനന്തപുരത്തെ മുന്തിയ ഹോട്ടലുകളിലെ വില.
അതേസമയം മലയാളികളുടെ പ്രിയപ്പെട്ട ബീഫാണ് രണ്ടാം സ്ഥാനത്ത്. 460 രൂപയാണ് ഒരു കിലോ ബീഫിന്‍റെ വില. പോത്തിന് കിലോയ്ക്ക് 410 രൂപയാണ് വില. താരതമ്യേന വില കുറവാണെങ്കിലും കഴിഞ്ഞ മാസങ്ങളെക്കാൾ ചിക്കന് വില കൂടിയിട്ടുണ്ട്.
തിരുവനന്തപുരത്ത് 120 രൂപയാണ് ഒരു കിലോ ചിക്കന്‍റെ വില. ബ്രോയ്‌ലർ കോഴികളിലെ ആന്‍റി ബയോട്ടിക്, കൃത്രിമ ഹോർമോൺ ഉപയോഗത്തെ കുറിച്ചുള്ള പ്രചാരണത്തെ തുടർന്ന് കഴിഞ്ഞ മാസം പലപ്പോഴും ചിക്കൻ വില 100 രൂപയ്ക്ക് താഴെ പോയിരുന്നു. എന്നാൽ ക്രിസ്‌മസ് വിപണി സജീവമാകുന്നതോടെ വില വീണ്ടും വർധിച്ചതായും വ്യാപാരികൾ പറയുന്നു.