തിരുവനന്തപുരം :ഇന്ന് പെസഹ വ്യാഴം. അന്ത്യ അത്താഴത്തിന്‍റെ ഓർമ പുതുക്കി ക്രൈസ്‌തവർ ഇന്ന് പെസഹ ആചരിക്കും. കുരിശുമരണത്തിന് മുൻപ് യേശു തന്‍റെ ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിന്‍റെയും, അവർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്‍റെയും ഓർമ പുതുക്കുന്ന ദിവസമാണ് ഇന്ന്. അതേസമയം, കുരിശു മരണത്തിന്‍റെ സ്‌മരണയിൽ നാളെ ദുഃഖ വെള്ളിയും ഉയർത്തെഴുന്നേൽപ്പിന്‍റെ സ്‌മരണയിൽ ഞായറാഴ്‌ച ഈസ്റ്ററും ആചരിക്കും (MAUNDY THURSDAY 2024).
പെസഹ ദിനത്തിന്‍റെ ഭാഗമായി വിശുദ്ധിയുടെയും ത്യാഗത്തിന്‍റെയും സ്‌മരണയിൽ ക്രൈസ്‌തവ ദേവാലയങ്ങളിൽ കാൽ കഴുകൽ ശുശ്രൂഷയും, പ്രത്യേക പ്രാർഥന ചടങ്ങുകളും നടത്തും. തിരുവനന്തപുരം സെന്‍റ് മേരീസ് കത്തീഡ്രലില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ഓർത്തഡോക്‌സ്-യാക്കോബായ പള്ളികളിൽ പ്രത്യേക പ്രാർഥന ചടങ്ങുകൾ ഉച്ചയ്ക്ക് ശേഷമാണ് നടക്കുക.
പാളയം സെന്‍റ് ജോസഫ് കത്തീഡ്രലിൽ ആർച്ച് ബിഷപ് തോമസ് ജെ. നെറ്റൊ മുഖ്യ കർമികത്വം വഹിക്കും. കുരിശു മരണത്തിന് മുൻപായി ക്രിസ്‌തു 12 ശിഷ്യന്മാർക്കൊപ്പം അത്താഴത്തിനിരുന്നതിന്‍റെ ഓർമപ്പെടുത്തലാണ് പെസഹ. ക്രിസ്‌തു ശിഷ്യന്മാരുടെ കാൽ കഴുകിയതിന്‍റെ ഓര്‍മ്മ പുതുക്കിയാണ് ദേവാലയങ്ങളിൽ കാൽ കഴുകൽ ശുശ്രൂഷ നടത്തുക.
‘കടന്നു പോകൽ’ എന്നാണ് പെസഹ എന്ന വാക്കിനർഥം. അന്ത്യ അത്താഴ വേളയിൽ വീഞ്ഞും അപ്പവും കൃത്യമായി പകുത്തു നൽകി യേശു വിശുദ്ധ കുർബാന സ്ഥാപിച്ച ദിവസം കൂടി ആണ് പെസഹ വ്യാഴം എന്ന് പറയുന്നത് (MAUNDY THURSDAY 2024).