ഇടുക്കി:മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ റിസോര്‍ട്ട് ഭൂമി റവന്യൂ വകുപ്പ് വീണ്ടും അളക്കും. അടുത്തയാഴ്‌ചയാണ് ഉടമസ്ഥതരുടെ സാന്നിധ്യത്തില്‍ അളവെടുപ്പ് നടക്കുക. നേരത്തെ നടത്തിയ അളവെടുപ്പില്‍ പിശകുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഉടമകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
ഇടുക്കി ചിന്നക്കനാലിലെ കപ്പിത്താൻ റിസോർട്ടുമായി ബന്ധപ്പെട്ട ഭൂമി കൂടാതെ 50 സെന്‍റോളം സർക്കാർ ഭൂമി അനധികൃതമായി കൈവശം വച്ചെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ജനുവരി 27നാണ് റവന്യൂ വകുപ്പ് മാത്യു കുഴൽനാടന്‍ എംഎല്‍എക്കെതിരെ കേസെടുത്തത്. തുടർന്ന് ഫെബ്രുവരി 8ന് ലാൻഡ് റവന്യൂ തഹസിൽദാർക്ക് മുന്നിൽ ഹിയറിങ്ങിന് ഹാജരാകണമെന്ന് അറിയിച്ച് നോട്ടിസ് നല്‍കി. എന്നാൽ നോട്ടിസ് പ്രകാരം നേരിട്ട് ഹാജരാകുവാൻ കഴിയില്ലെന്നും അതിനായി ഒരു മാസത്തെ സമയം നീട്ടി നൽകണമെന്നും ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ ലാൻഡ് റവന്യൂ തഹസിൽദാർക്ക് അപേക്ഷ സമർപ്പിച്ചു.