എറണാകുളം: തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്‌ത മാവോയിസ്റ്റ് മനോജിനെ എറണാകുളം സെഷന്‍സ് കോടതി ആറ് ദിവസത്തെ എടിഎസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 26 വരെയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കരുതെന്ന് കോടതി അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി. ഉറങ്ങാൻ പോലും അനുവദിച്ചില്ലെന്ന് മനോജ് കോടതിയിൽ പരാതി ഉന്നയിച്ചതിനെ തുടർന്നായിരുന്നു കോടതി നിർദ്ദേശം.
പ്രതി ഉൾപ്പെട്ട സംഘം കൈകാര്യം ചെയ്‌ത ആയുധങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്ന് എടിഎസ് കോടതിയെ അറിയിച്ചു. കണ്ണൂർ കേളകത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കണം. പ്രതിയുടെ തിരിച്ചറിയൽ നടപടികളും പൂർത്തിയാക്കണമെന്നും എടിഎസ് കോടതിയെ അറിയിച്ചു.
കഴിഞ്ഞ ദിവസം പിടിയിലായ മനോജിനെ കോടതി ഇന്നലെ (ജൂലൈ 19) റിമാൻഡ് ചെയ്‌തിരുന്നു. പ്രതിയെ പന്ത്രണ്ട് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എടിഎസ് സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് ആറ് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. ഇന്നലെ കോടതി പരിസരത്ത് വച്ച് മനോജ് മാവോയിസ് മുദ്രാവാക്യം മുഴക്കിയിരുന്നു.
വ്യാഴാഴ്‌ച (ജൂലൈ 18) എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് മനോജിനെ എടിഎസ് പിടികൂടിയത്. കണ്ണൂർ-വയനാട് ജില്ലകളുൾപ്പെട്ട കബനിദളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാവോവാദി പ്രവർത്തകനാണ് കൊച്ചിയിൽ അറസ്റ്റിലായ മനോജ്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് തീവ്രവാദ വിരുദ്ധ സേനയാണ് (എടിഎസ്) പിടികൂടിയത്.
ബ്രഹ്മപുരത്തെത്തി സുഹൃത്തിൽ നിന്ന് പണം വാങ്ങി മടങ്ങും വഴിയാണ് ഇയാൾ പിടിയിലായത്. ഒരു ഡസനിലധികം യുഎപിഎ കേസുകളിൽ പ്രതിയായ മനോജ് മെക്കാനിക്കൽ എഞ്ചിനീയറിങ് പഠനത്തിന് ചേർന്നെങ്കിലും പഠനം പൂർത്തിയാക്കാതെ മാവോവാദി സംഘത്തിൽ ചേരുകയായിരുന്നു.
മാവോവാദി പ്രവർത്തനത്തിന്‍റെ പേരിൽ വയനാട് ജില്ല പൊലീസ് പുറത്തിറക്കിയ 'വാണ്ടഡ്' പട്ടികയിലുൾപ്പെട്ടയാളാണ് മനോജ്. ഇയാൾ അടങ്ങുന്ന 20 അംഗ സംഘത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചിരുന്നു. വയനാട്ടിലെ കുഴിബോംബ് സംഭവത്തിനുശേഷം മാവോയിസ്റ്റ് പ്രവർത്തകരെ എടിഎസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് മനോജ് പിടിയിലായത്.
ALSO READ:സംയുക്ത സുരക്ഷ അവലോകന യോഗം; കരസേനാ മേധാവി ഇന്ന് ജമ്മു സന്ദർശിക്കും